വിശ്വാസ്യത മുറുകെപ്പിടിച്ച് ലീഗ് : കോൺഗ്രസ് ആശ്വാസത്തിൽ, നിരാശപ്പെടാതെ സിപിഎം
Mail This Article
തിരുവനന്തപുരം ∙ സിപിഎമ്മിനോട് രണ്ടാമതും മുസ്‍ലിം ലീഗ് പറഞ്ഞ ‘നോ’ കോൺഗ്രസ് നേരത്തേ ഉറപ്പിച്ചിരുന്നു; ‘യെസ്’ എന്ന അദ്ഭുതം സിപിഎമ്മും പ്രതീക്ഷിച്ചിരുന്നില്ല. മുന്നണി മാറ്റ സാധ്യതകളൊന്നും ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് സംഭവിക്കില്ലെന്ന് അരക്കിട്ട് ഉറപ്പിക്കുന്നതാണ് ലീഗ് തീരുമാനം. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു സംസ്ഥാന രാഷ്ട്രീയം കടക്കാനിരിക്കെ മുസ്‍ലിം ലീഗിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന നീക്കമൊന്നും പാടില്ലെന്ന അഭിപ്രായമാണ് ലീഗിന്റെ കൂടിയാലോചനകളെയും സ്വാധീനിച്ചത്. സിപിഎം സംഘടിപ്പിക്കുന്ന പരിപാടിയിൽ ലീഗ് പങ്കെടുക്കാൻ മതിയായ രാഷ്ട്രീയകാരണങ്ങൾ അവർക്കു മുന്നിൽ ഇല്ല. അതിനു മുതിർന്നാൽ ലീഗിന്റെ യുഡിഎഫ് ബന്ധം ഉലഞ്ഞെന്നാണ് അർഥം.
അതുകൊണ്ടുതന്നെ ക്ഷണം സ്വീകരിക്കണമോ വേണ്ടയോ എന്നതിൽ സംവാദമേ ഉണ്ടായില്ല. ഓൺലൈനായി പങ്കെടുത്ത ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നേരത്തേ തന്നെ പ്രധാന നേതാക്കളുടെ അഭിപ്രായം ആരായുകയും നിഗമനത്തിൽ എത്തുകയും ചെയ്തിരുന്നു. ഏക സിവിൽകോഡ് സെമിനാറിലേക്കുള്ള സിപിഎമ്മിന്റെ ക്ഷണം വരികയും അതു നിരസിക്കുകയും ചെയ്ത ഘട്ടത്തിൽ ഗുണദോഷ വശങ്ങൾ വിശദമായി ലീഗ് ചർച്ച ചെയ്തിരുന്നു. അതിൽനിന്നു വിഭിന്നമായ ഒരു തീരുമാനത്തിന് ഇപ്പോൾ പ്രസക്തിയും ഉണ്ടായിരുന്നില്ല.ലീഗിനെ ക്ഷണിച്ചതു കൊണ്ടും അവർ അതു നിരസിച്ചതു കൊണ്ടും രാഷ്ട്രീയ നഷ്ടം ഒന്നുമില്ലെന്നാണു സിപിഎം നേതാക്കൾ അവകാശപ്പെടുന്നത്. എൽഡിഎഫ് ഘടകകക്ഷി നേതാക്കളെ വിളിച്ചിട്ടുള്ള സിപിഎം വേദിയിലേക്ക് ലീഗിനെ ക്ഷണിച്ചതിനോടു സിപിഐക്ക് തീർത്തും യോജിപ്പില്ല.