ADVERTISEMENT

കോട്ടയം ∙ ‘ഇടിച്ചിട്ട ശേഷം ഒരു ഹംപിനു മുകളിലൂടെ എന്നതുപോലെയാണ് അയാൾ മെറിന്റെ ദേഹത്തുകൂടി കാർ ഓടിച്ചുകയറ്റിയത്’ – മലയാളികളെ ഒരുപോലെ നടുക്കി മൂന്നു വർഷം മുൻപ് യുഎസിൽ കൊല ചെയ്യപ്പെട്ട ഇരുപത്തേഴുകാരി നഴ്സ് മെറിൻ ജോയിയുടെ ഒരു സഹപ്രവർത്തക ആ കൊലപാതക ദൃശ്യം ഓർത്തെടുത്തത് ഇങ്ങനെയാണ്. മരണക്കിടക്കയിലും തന്റെ കുഞ്ഞിനെക്കുറിച്ചു മാത്രമായിരുന്നു മെറിന്റെ ആകുലതയത്രയും. മരണക്കിടക്കയിൽ വേദനകൊണ്ടു പുളയുമ്പോഴും മെറിൻ ആവർത്തിച്ചു പറഞ്ഞത് ‘എനിക്കൊരു കുഞ്ഞുണ്ട്’ എന്നായിരുന്നു. ആ കുഞ്ഞിനെ അനാഥത്വത്തിലേക്കു തള്ളിവിട്ട് മെറിനെ കുത്തിവീഴ്ത്തി ദേഹത്തുകൂടി വാഹനം ഓടിച്ചുകയറ്റി കൊലപ്പെടുത്തിയ ഭർത്താവ് ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യുവിനു (നെവിൻ– 37) യുഎസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസമാണ്.

മെറിന്റെ ദാരുണാന്ത്യത്തിനു ശേഷം മൂന്നു വർഷവും മൂന്നു മാസവും പിന്നിടുമ്പോഴാണ് ആ നിഷ്ഠൂര കൃത്യത്തിന്റെ പേരിൽ നെവിൻ ശിക്ഷിക്കപ്പെടുന്നത്. പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ ലഭിച്ചതോടെ നെവിന് ജയിൽമോചിതനാകാൻ സാധിക്കില്ലെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേസ് വിസ്താര സമയത്തു കുറ്റം സമ്മതിച്ചതിനാൽ വധശിക്ഷയിൽ നിന്നു നെവിനെ ഒഴിവാക്കി. മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയ് – മേഴ്സി ദമ്പതികളുടെ മകളാണ് മെറിൻ ജോയി. നെവിൻ – മെറിൻ ദമ്പതികളുടെ മകൾ ഇപ്പോൾ മേഴ്സിക്കും ജോയിക്കുമൊപ്പമാണ്.

മോനിപ്പള്ളി ഊരാളിൽ വീട്ടിൽ മെറിന്റെ ചിത്രത്തിന് അരികെ മകൾ നോറ. 2020 ജൂലൈയിലെ ചിത്രം.
മോനിപ്പള്ളി ഊരാളിൽ വീട്ടിൽ മെറിന്റെ ചിത്രത്തിന് അരികെ മകൾ നോറ. 2020 ജൂലൈയിലെ ചിത്രം.

മയാമിയിലെ കോറൽ സ്പ്രിങ്സിലുള്ള ബ്രോവഡ്‌ ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്സായിരുന്ന മെറിനെ ജോലി സ്ഥലത്തു നിന്നു മടങ്ങുന്നതിനിടെ ആശുപത്രിയുടെ കാർ പാർക്കിങ്ങിൽ 2020 ജൂലൈ 28ന് ആണു പ്രതി ആക്രമിച്ചത്. കുത്തിവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയെന്നാണു കേസ്. ഗാർഹിക പീഡനത്തെ തുടർന്നു പിരിഞ്ഞു താമസിക്കുന്നതിനിടെയാണു മെറിനെ ഫിലിപ് കൊലപ്പെടുത്തിയത്.

∙ എല്ലാറ്റിനും തെളിവായി ആ ദൃശ്യങ്ങൾ

ആശുപത്രിയിലെ ജോലി കഴിഞ്ഞ് മെറിൻ പുറത്തിറങ്ങുന്നതിനായി നെവിൻ മുക്കാൽ മണിക്കൂർ കാത്തുനിന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. മെറിൻ നഴ്സായി ജോലി ചെയ്തിരുന്ന ബ്രൊവാഡ് ആശുപത്രിയുടെ അധികൃതർ കോറൽ സ്പ്രിങ്സ് പൊലീസിനു കൈമാറിയ ദൃശ്യങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. കൊലപാതകം നടന്ന അന്നു രാവിലെ 6.45ന് (അമേരിക്കൻ സമയം) നെവിൻ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ എത്തി 7.30ന് (ഇന്ത്യൻ സമയം വൈകിട്ട് 5) മെറിൻ കാറിൽ പുറത്തേക്കു വരുന്നു. മെറിന്റെ കാറിനു മുന്നിൽ സ്വന്തം കാർ കുറുകെയിട്ട് നെവിൻ തടഞ്ഞു. തുടർന്ന് മെറിനെ കാറിൽ നിന്നു വലിച്ചിറക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

മെറിനെ തല്ലുന്നതും പാർക്കിങ് സ്ഥലത്തേക്കു വലിച്ചു കൊണ്ടുപോകുന്നതും കാണാം. ദേഹത്തു കയറിയിരുന്ന് ഒന്നിലേറെ തവണ കുത്തുകയായിരുന്നു. ആശുപത്രിയിലെ ഒരു ജീവനക്കാരൻ ആക്രമണം കണ്ട് ഓടിയെത്തിയെങ്കിലും കത്തികാട്ടി നെവിൻ ഇയാളെ ഭീഷണിപ്പെടുത്തി. പാർക്കിങ്ങിലെ കാറുകളുടെ പിന്നിലേക്ക് ഓടി മാറിയ ജീവനക്കാരൻ നെവിൻ വന്ന കാറിന്റെ ചിത്രം പകർത്തി. ഇതും പിന്നീട് പൊലീസിനു കൈമാറിയിരുന്നു. ഇൗ ചിത്രത്തിൽ നിന്നാണ് ആദ്യം കാറും പിന്നെ ഓടിച്ച നെവിനെയും പൊലീസ് തിരിച്ചറിഞ്ഞത്. മെറിന്റെ ദേഹത്തു കൂടി നെവിൻ കാർ ഓടിച്ച് കയറ്റിയിറക്കിയതായും ദൃശ്യങ്ങളിലുണ്ട്.

∙ മരണമൊഴിയിൽ നെവിന്റെ പേര്

ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്ന സമയത്ത് തന്നെ കുത്തിയതും വണ്ടി കയറ്റിയതും നെവിൻ ആണെന്നു മെറിൻ വ്യക്തമായി പൊലീസിനോടു പറഞ്ഞിരുന്നു. ഇതായിരുന്നു മരണമൊഴി. ഇക്കാര്യം ആംബുലൻസിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദേഹത്തെ ക്യാമറയിൽ റെക്കോർഡ് ചെയ്തിരുന്നു. 2018ലും 2019 ജൂലൈ 19നും മെറിൻ നെവിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും കോറൽ സ്പ്രിങ്സ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

∙ മരണത്തിനു തൊട്ടുമുൻപും സഹായം തേടി

കൊല്ലപ്പെടുന്നതിനു 10 ദിവസം മുൻപ് മെറിൻ ഭർത്താവ് നെവിനെതിരെ അമേരിക്കയിലെ താമസസ്ഥലമായ കോറൽ സ്പ്രിങ്സിലെ പൊലീസിന് പരാതി നൽകാൻ ശ്രമിച്ചിരുന്നു. നെവിനിൽ നിന്നുള്ള ഭീഷണിയും ഉപദ്രവങ്ങളും കൂടിയതോടെയാണു മെറിൻ ജൂലൈ 19ന് പരാതിയുമായി  സ്റ്റേഷനിൽ എത്തിയത്. ജനുവരിയിൽ നാട്ടിൽ വന്നു മടങ്ങിയ ശേഷം രണ്ടിടത്തായിരുന്നു മെറിനും നെവിനും താമസം. ഫോണിലൂടെയും മറ്റും ഭീഷണികൾ സഹിക്കാതെ വന്നതോടെ മെറിൻ നെവിന്റെ ഫോൺ ബ്ലോക്ക് ചെയ്തതായി സുഹൃത്തുക്കൾ പറയുന്നു. ഇതിനു ശേഷവും പേടി തോന്നിയതു കൊണ്ടാകാം പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചതെന്നും സുഹൃത്തുക്കൾ പറയുന്നു. എന്നാൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തില്ല. വിവാഹ മോചനങ്ങൾ കൈകാര്യം ചെയ്യുന്ന അറ്റോർണിയുമായി ബന്ധപ്പെടാനാണു പൊലീസ് നിർദേശം നൽകിയത്.

∙ ഒരുമിച്ച് അവധിക്ക് വന്നു, ഒറ്റയ്ക്ക് മടക്കം

ഭർത്താവ് നെവിനും മകൾ നോറയ്ക്കും ഒപ്പം 2019 ഡിസംബർ 19ന് നാട്ടിലെത്തിയ മെറിൻ അമേരിക്കയിലേക്കു മടങ്ങിയത് തനിച്ചാണ്. നാട്ടിലെത്തിയ ശേഷമുണ്ടായ പ്രശ്നങ്ങളാണ് വിവാഹ മോചന ഹർജി നൽകുന്നതിലേക്കു നയിച്ചത്. ക്രിസ്മസിന്റെ തലേദിവസം മെറിനും പിതാവും ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ പരാതിയുമായി പോയിരുന്നു. നാട്ടിലെത്തിയ നെവിനും മെറിനും ചങ്ങനാശേരിയിൽ നെവിന്റെ വീട്ടിലായിരുന്നു. ഇവിടെവച്ചു മുഖത്ത് ഇടിയേറ്റതോടെയാണു മെറിൻ പരാതി നൽകാൻ തയാറായത്.

എന്നാൽ പിന്നീട് ഇതും പരസ്പരം സംസാരിച്ച് ഒത്തുതീർത്തു. ഇതിനുശേഷമാണു മെറിൻ വിവാഹമോചനത്തിനായി ഏറ്റുമാനൂരിലെ കുടുംബക്കോടതിയെ സമീപിച്ചത്. 2020 ജനുവരി 12ന് ഒരുമിച്ച് മടങ്ങാൻ വിമാന ടിക്കറ്റ് എടുത്തായിരുന്നു നെവിനും മെറിനും എത്തിയത്. എന്നാൽ നെവിൻ ആദ്യം ഒറ്റയ്ക്കു മടങ്ങി. തുടർന്നു ജോലി നഷ്ടപ്പെടുമെന്ന സാഹചര്യമുള്ളതിനാൽ ജനുവരി 29ന് മകളെ തന്റെ മാതാപിതാക്കളെ ഏൽപിച്ച് മെറിനും മടങ്ങിപ്പോയി.

മെറിന്റെ ചിത്രത്തിന് അരികെ സഹോദരി മീര മെറിന്റെ കുഞ്ഞ് നോറയെ ഉറക്കുന്നു. 2020 ജൂലൈയിലെ ചിത്രം.
മെറിന്റെ ചിത്രത്തിന് അരികെ സഹോദരി മീര മെറിന്റെ കുഞ്ഞ് നോറയെ ഉറക്കുന്നു. 2020 ജൂലൈയിലെ ചിത്രം.

മകൾ നോറ ജനിച്ച സമയത്തു പരിചരണത്തിനായി മെറിന്റെ അമ്മ മേഴ്സി യുഎസിൽ പോയിരുന്നു. അന്നും നെവിന്റെ പെരുമാറ്റം പലപ്പോഴും വളരെ പരുഷമായിരുന്നു. മെറിന്റെ നേരെ ദേഹോപദ്രവം കൂടിയപ്പോൾ അവിടെ പൊലീസിനെ അറിയിച്ചിരുന്നു. പൊലീസ് പരിശോധനയിൽ നെവിന്റെ സോക്സിനുള്ളിൽ നിന്നു കത്തി കണ്ടെത്തി. പിന്നീട് കേസ് ഒത്തുതീർക്കുകയാണു ചെയ്തത്. നെവിനൊപ്പം ജീവിതം മുന്നോട്ടുകൊണ്ടുപോകാനായിരുന്നു മെറിന്റെ ശ്രമം.

∙ കൊല നടത്താൻ 2000 കിലോമീറ്റർ യാത്ര

മെറിനെ കൊലപ്പെടുത്താൻ നെവിന്‍ യാത്ര ചെയ്തതു രണ്ടായിരത്തോളം കിലോമീറ്റർ. ജനുവരിയിൽ നാട്ടിൽ നിന്നു മടങ്ങിയ ശേഷം മിഷിഗനിലെ വിക്സനിലായിരുന്നു ഇയാൾ  ജോലി ചെയ്തിരുന്നത്. ആയിരക്കണക്കിനു കിലോമീറ്ററുകൾ അകലെ മയാമി കോറൽ സ്പ്രിങ്സിലാണ് മെറിന്റെ ജോലി. നെവിന്‍ ഇടയ്ക്കിടെ ജോലി സ്ഥലം മാറ്റിക്കൊണ്ടിരുന്നു.

മെറിനും നെവിനും വിവാഹ ദിനത്തിൽ.
മെറിനും നെവിനും വിവാഹ ദിനത്തിൽ.

വിവാഹം കഴിഞ്ഞ സമയത്തു ഷിക്കാഗോയിലായിരുന്നു. തുടർന്നു മയാമിയിലേക്ക് എത്തിയെങ്കിലും പിന്നീടും പല തവണ വേറെ സ്ഥലങ്ങളിലേക്കും ജോലികളിലേക്കും മാറി. ജനുവരിയിൽ നാട്ടിൽ നിന്നു പോയ ശേഷം മെറിൻ അമേരിക്കയിൽ തനിച്ചായിരുന്നു താമസം. ബന്ധുക്കൾ താമസിക്കുന്ന താമ്പയിലേക്കു മാറാൻ അടുത്ത മാസം മെറിൻ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോറൽ സ്പ്രിങ്സിലെ ആശുപത്രിയിൽ നിന്നു രാജിവച്ചു. ആശുപത്രിയിലെ അവസാന ഷിഫ്റ്റ് ഡ്യൂട്ടി നിർവഹിച്ചു പുറത്തിറങ്ങിയ സമയത്താണു കൊല്ലപ്പെടുന്നത്.

∙ പുതിയ ജോലി, പുതിയ വീട്; പക്ഷേ...

ഓഗസ്റ്റ് 15ന് പുതിയ ജോലിയിലേക്ക് മാറാൻ തയാറെടുത്തിരിക്കുകയായിരുന്നു മെറിൻ. കോറൽ സ്പ്രിങ്സിലെ ജോലി ഉപേക്ഷിച്ച മെറിൻ താമ്പയിലെ സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ ഗ്രൂപ്പിൽ ജോലി നേടിയിരുന്നു. താമ്പയിൽത്തന്നെ  താമസിക്കാൻ പുതിയ അപ്പാർട്മെന്റും കണ്ടെത്തി. മെറിന്റെ ബന്ധുക്കൾ സ്ഥിരതാമസമാക്കിയ സ്ഥലം കൂടിയാണു താമ്പ. ഇതാണു താമ്പയിലേക്ക് മാറാൻ മെറിനെ പ്രേരിപ്പിച്ചത്. കോറൽ സ്പ്രിങ്സിലെ ആശുപത്രിയിൽ നിന്ന് അവസാന ഷിഫ്റ്റും കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണു മെറിൻ കൊല്ലപ്പെട്ടത്. താമ്പയിലേക്ക് മാറിക്കഴിഞ്ഞാൽ മെറിനെ കാണാൻ സാധിക്കില്ലെന്ന തോന്നലും നെവിനെ ക്രൂരമായ കൃത്യത്തിനു പ്രേരിപ്പിച്ചിരിക്കാമെന്നു യുഎസിലെ സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.

∙ കുറ്റം ‘ഫസ്റ്റ് ഡിഗ്രി മർഡർ’

‘ഫസ്റ്റ് ഡിഗ്രി മർഡർ’ (first degree murder) എന്നാൽ കരുതിക്കൂട്ടിയുള്ള കൊലപാതകം. യുഎസിലെ ചില സംസ്ഥാനങ്ങളുടെ നിയമപദാവലിയിൽ കൊലപാതകത്തിന്റെ വർഗീകരണം സൂചിപ്പിക്കുന്ന പ്രയോഗമാണിത്.  ഒരു കൊലപാതകത്തെ ഫസ്റ്റ് ഡിഗ്രിയായി കണക്കാക്കണമെങ്കിൽ അതിൽ പ്രധാനമായി 3 ഘടകങ്ങൾ ഉണ്ടാവണം.

1. പ്രതി മനഃപൂർവം നടത്തിയതാകണം.

2. ആലോചിച്ചുറച്ചു ചെയ്തതാകണം.

3. നേരത്തേ ആസൂത്രണം ചെയ്തതാകണം. 

മെറിൻ ജോയി (ഫയൽ ചിത്രം)
മെറിൻ ജോയി (ഫയൽ ചിത്രം)

ഇതിനായി ദ്രോഹബുദ്ധിയോടെ മുൻകൂട്ടി ചിന്തിച്ചിട്ടുണ്ടെന്നു വ്യക്തമാകണമെന്നാണു യുഎസ് ഫെഡറൽ നിയമം അനുശാസിക്കുന്നത്. ഈ നിർവചനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നേരിയ വ്യത്യാസങ്ങളുണ്ടായേക്കാമെന്നു മാത്രം. ആസൂത്രിതമാണെന്നു തെളിയിക്കാനായില്ലെങ്കിലും ചിലയിനം കൊലപാതകങ്ങളെ ‘ഫസ്റ്റ് ഡിഗ്രി’ യിൽ പെടുത്താൻ ചില സംസ്ഥാനങ്ങളിൽ നിയമമുണ്ട്. ഇതിൽനിന്നു വ്യത്യസ്തമാണ് സെക്കൻഡ് ഡിഗ്രി മർഡർ. കരുതിക്കൂട്ടിയല്ലാത്തതും എന്നാൽ ന്യായീകരണമില്ലാത്തതുമായ കൊലപാതകങ്ങളെയാണ് ഈ ഗണത്തിൽപെടുത്തുക. വധശിക്ഷയോ പരോൾ ലഭിക്കാത്ത ജീവപര്യന്തം തടവോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണു ഫസ്റ്റ് ഡിഗ്രി മർഡർ. ഒടുവിൽ നെവിന് യുഎസിലെ ഫ്ലോറിഡയിലുള്ള ബ്രോവഡ് കൗണ്ടി കോടതി വിധിച്ചതും പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ.

English Summary:

Indian Man Stabbed Wife 17 Times, Drove Over Her In US. Now Jailed For Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com