ക്യാപ്റ്റൻ വിടവാങ്ങി: മുൻകാല സൂപ്പർതാരവും ഡിഎംഡികെ നേതാവുമായ വിജയകാന്ത് അന്തരിച്ചു
Mail This Article
ചെന്നൈ∙ തമിഴിലെ മുൻകാല സൂപ്പർതാരവും ഡിഎംഡികെ സ്ഥാപക നേതാവും മുൻ പ്രതിപക്ഷനേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ആശുപത്രി അധികൃതർ വിയോഗവിവരം അറിയിച്ചത്.
എൺപതുകളിലും തൊണ്ണൂറുകളിലും തമിഴിൽ നിരവധി സൂപ്പർഹിറ്റുകൾ നൽകിയ വിജയകാന്തിനെ ആരാധകർ ക്യാപ്റ്റനെന്നാണ് വിളിച്ചിരുന്നത്. ദേശീയ മുർപോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയപാർട്ടിയുടെ സ്ഥാപകനേതാവാണ്. രണ്ടുതവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു. ഭാര്യ പ്രേമലത. മക്കൾ ഷണ്‍മുഖ പാണ്ഡ്യൻ, വിജയപ്രഭാകരൻ.
സംസ്കാരം വെള്ളിയാഴ്ച പാർട്ടി ആസ്ഥാനത്ത് നടക്കും. മുൻപ്രതിപക്ഷ നേതാവു കൂടിയായിരുന്ന വിജയകാന്തിന്റെ സംസ്കാരം സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും നടത്തുക. കോയമ്പേടിലുള്ള പാർട്ടി ആസ്ഥാനത്തും ചെന്നൈ രാജാജി ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. തമിഴ് സിനിമാ മേഖലയിൽ നാളെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
1952 ഓഗസ്റ്റ് 25 ന് മധുരയിൽ ജനിച്ച വിജയകാന്തിന്റെ ഔദ്യോഗിക പേര് വിജയരാജ് അളഗർസ്വാമി എന്നാണ്. കെ.എൻ.അളഗർസ്വാമിയും ആണ്ടാൾ അളഗർസ്വാമിയുമാണ് മാതാപിതാക്കൾ.
1979 ൽ ഇനിക്കും ഇളമൈ എന്ന ചിത്രത്തിൽ വില്ലനായാണ് വിജയകാന്ത് അരങ്ങേറിയത്. 1981 ൽ പുറത്തിറങ്ങിയ സട്ടം ഒരു ഇരുട്ടറൈ ആണ് നായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ വാണിജ്യമൂല്യമുയർത്തിയത്. സിവപ്പു മല്ലി, ജാതിക്കൊരു നീതി തുടങ്ങിയ ചിത്രങ്ങളിലൂടെ സമൂഹത്തിലെ അനീതികൾക്കെതിരെ ശബ്ദിക്കുന്ന ‘ക്ഷോഭിക്കുന്ന യുവാവിനെ’ തമിഴ് പ്രേക്ഷകർ ഏറ്റെടുത്തു. നാടിനെ സ്നേഹിക്കുന്ന, നാട്ടുകാർക്കു നല്ലതു ചെയ്യുന്ന, നാടിനും കുടുംബത്തിനുമായി എന്തു ത്യാഗവും ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ പുരട്ചി കലൈഞ്ജർ എന്ന വിശേഷണം ലഭിച്ചു.
പിന്നാലെ, ആക്‌ഷനും പ്രണയവും വൈകാരിക രംഗങ്ങളുമൊക്കെയുള്ള സിനിമകളിലൂടെ തമിഴിലെ വാണിജ്യ സിനിമയുടെ നെടുനായകരിലൊരാളായി വിജയകാന്ത്. നൂറാവത് നാൾ, വൈദേഹി കാത്തിരുന്താൾ തുടങ്ങിയ സൂപ്പർ ഹിറ്റുകളടക്കം 1984 ൽ അദ്ദേഹത്തിന്റെ 18 സിനിമകളാണ് പുറത്തിറങ്ങിയത്. ഊമൈ വിഴിഗൾ, കൂലിക്കാരൻ, നിനൈവേ ഒരു സംഗീതം, പൂന്തോട്ട കാവൽക്കാരൻ, സിന്ദൂരപ്പൂവേ, പുലൻ വിചാരണൈ, സത്രിയൻ, ക്യാപ്റ്റൻ പ്രഭാകർ, ചിന്ന ഗൗണ്ടർ, സേതുപതി ഐപിഎസ്, വാനത്തൈപോലെ, രമണാ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.
അഴിമതിക്കും അക്രമത്തിനുമെതിരെ ആഞ്ഞടിക്കുന്ന വീരനായകരുള്ള ആക്‌ഷൻ സിനിമകൾക്കൊപ്പം കുടുംബബന്ധങ്ങളുടെ തകർച്ചയിൽ നിസ്സഹായനാകുന്ന, അതു തിരികെപ്പിടിക്കാൻ ശ്രമിക്കുന്ന നായകന്മാരെ അവതരിപ്പിച്ചും വിജയകാന്ത് പ്രേക്ഷകരുടെ ഇഷ്ടം നേടി. അത്തരം സിനിമകളിൽ പലതും നിരൂപകപ്രശംസയും നേടിയിട്ടുണ്ട്.
2010 ൽ പുറത്തിറങ്ങിയ വിരുദഗിരിയിലാണ് അവസാനം നായകനായി അഭിനയിച്ചത്. അതു സംവിധാനം ചെയ്തതും വിജയകാന്തായിരുന്നു. 2015 ൽ റിലീസായ സതാബ്ദം എന്ന ചിത്രത്തിൽ അതിഥിവേഷത്തിലാണ് അവസാനം സ്ക്രീനിലെത്തിയത്. അദ്ദേഹത്തിന്റെ മകൻ ഷണ്‍മുഖ പാണ്ഡ്യനായിരുന്നു നായകൻ.
2005 സെപ്റ്റംബർ 14 നാണ് ദേശീയ മുർപോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചത്. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 234 സീറ്റുകളിൽ മൽസരിച്ചെങ്കിലും വിജയകാന്ത് മാത്രമാണ് ജയിച്ചത്. 2011 ൽ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയ ഡിഎംഡികെ 40 സീറ്റിൽ മൽസരിച്ച് 29 എണ്ണത്തിൽ വിജയിച്ചു. 2011 മുതൽ 2016 വരെ പ്രതിപക്ഷ നേതാവായിരുന്നു. അതോടെ തമിഴ് രാഷ്ട്രീയത്തിലെ ശക്തനെന്നു വിളിക്കപ്പെട്ടെങ്കിലും പക്ഷേ പിന്നീട് രാഷ്ട്രീയ നേട്ടങ്ങൾ ആവർത്തിക്കാനായില്ല.
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയെങ്കിലും അതു തിരിച്ചടിച്ചു. മൽസരിച്ച 14 സീറ്റിലും പരാജയപ്പെട്ടു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൈകോയുടെ മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം, സിപിഎം, സിപിഐ, വിടുതലൈ ചിരുത്തൈകൾ കക്ഷി എന്നിവയുമായി സഖ്യമുണ്ടാക്കി. പക്ഷേ മൽസരിച്ച 104 സീറ്റുകളിലും പരാജയപ്പെട്ടു. അതോടെ തമിഴക രാഷ്ട്രീയത്തിൽ വിജയകാന്തിന്റെയും ഡിഎംഡികെയുടെയും സ്വാധീനം ദുർബലമായി. അനാരോഗ്യം മൂലം കൂറേക്കാലമായി സജീവരാഷ്ട്രീയത്തിൽനിന്ന് അകന്നു നിൽക്കുകയായിരുന്നു വിജയകാന്ത്.