പട്ടാപ്പകൽ ഇംഫാൽ നഗരത്തിൽ റോക്കറ്റ് ലോഞ്ചറുകളുമായി തീവ്ര വിഭാഗത്തിന്റെ പരേഡ്; ആശങ്ക – വിഡിയോ
Mail This Article
ഇംഫാൽ∙ മണിപ്പുരിലെ ഇംഫാൽ താഴ്‌വരയിൽ പുതുവർഷ ദിനത്തിൽ നാലുപേരുടെ മരണത്തിന് ഇടയാക്കിയ വെടിവയ്പിനു പിന്നാലെ, പ്രകോപനം സൃഷ്ടിച്ച് പട്ടാപ്പകൽ റോക്കറ്റ് ലോഞ്ചറുകളുമായി മെയ്തെയ് വിഭാഗത്തിന്‍റെ പരേഡ്. ഇംഫാല്‍ നഗരത്തില്‍ തുറന്ന വാഹനത്തില്‍ തീവ്ര മെയ്തെയ് വിഭാഗമാണ് പരേഡ് നടത്തിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മണിപ്പുരിൽ വീണ്ടും സംഘർഷം മൂർച്ഛിക്കുന്നതിന്റെ ലക്ഷണങ്ങളായാണ് ഈ സംഭവവികാസങ്ങളെ വിലയിരുത്തുന്നത്. സംസ്ഥാനത്തെ ക്രമസമാധാന പാലനത്തെ വെല്ലുവിളിച്ചുകൊണ്ടാണ് പട്ടാപ്പകൽ ഇംഫാൽ നഗരത്തിലൂടെ തീവ്ര വിഭാഗത്തിന്റെ പരേഡ്.
ഇംഫാൽ താഴ്‌വരയിൽ പുതുവർഷദിനത്തിൽ തീവ്രവാദികൾ നടത്തിയ വെടിവയ്പിൽ നാലുപേർ കൊല്ലപ്പെട്ടതിനു പുറമേ 14 പേർക്കു പരുക്കുമേറ്റിരുന്നു. തൗബാലിലെ മെയ്തെയ് മുസ്‌ലിം (പംഗൽ) മേഖലയായ ലിലോങ്ങിൽ പൊലീസ് യൂണിഫോമിലെത്തിയ തീവ്ര മെയ്തെയ് സംഘടനകളിലെ ആയുധധാരികൾ ജനക്കൂട്ടത്തിനുനേരെ യന്ത്രത്തോക്കുകൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ക്ഷുഭിതരായ ജനക്കൂട്ടം അക്രമികളുടെ രണ്ടു വാഹനങ്ങൾക്ക് തീയിട്ടു. ഇതിനു പിന്നാലെ ഇംഫാൽ താഴ്‌വരയിൽ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.
കലാപത്തിൽ പങ്കാളികളല്ലാത്ത പംഗൽ വിഭാഗക്കാർക്കുനേരെ പ്രത്യക്ഷമായ ആക്രമണമുണ്ടാകുന്നത് ആദ്യമാണ്. കലാപത്തിൽ പങ്കാളികളായ കുക്കി-മെയ്തെയ് വിഭാഗക്കാരുമായി നല്ല ബന്ധത്തിലായിരുന്നു പംഗലുകൾ. കൊള്ളയ്ക്കായി എത്തിയ ഭീകരസംഘത്തെ എതിർത്തവരെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണു സൂചന. കഴിഞ്ഞ വർഷം മേയ് 3ന് ആരംഭിച്ച വംശീയകലാപത്തിൽ 200ൽ അധികം പേർ ഇതിനകം കൊല്ലപ്പെട്ടു. അരലക്ഷത്തിലധികം പേർ ഭവനരഹിതരായി.