ADVERTISEMENT

തിരുവനന്തപുരം ∙ ആരോഗ്യ മേഖലയുടെ നവീകരണത്തിനായി ലോകബാങ്കിന്റെ സഹകരണത്തോടെ 3000 കോടിരൂപയുടെ പദ്ധതി വരുന്നു. 2100 കോടിരൂപ ലോകബാങ്ക് വായ്പയായും 900 കോടിരൂപ സംസ്ഥാന സർക്കാരിന്റെ വിഹിതമായും കണ്ടെത്തും. 5 വർഷം കൊണ്ട് നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന പദ്ധതി ഈ വർഷം അവസാനത്തോടെ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

പദ്ധതിക്ക് കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെയും ലോകബാങ്കിന്റെയും അനുമതി തത്വത്തിൽ ലഭിച്ചു. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി കമ്മിറ്റികൾ രൂപീകരിച്ചു. വിശദമായ പദ്ധതി നിർദേശത്തിന് കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെയും ലോകബാങ്കിന്റെയും അംഗീകാരം ലഭിച്ചാൽ പദ്ധതി ആരംഭിക്കാനാകുമെന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. 5 പ്രധാന കാര്യങ്ങളാണ് പദ്ധതിക്ക് കീഴിൽ വരുന്നത്. 

പകർച്ച വ്യാധികളല്ലാത്ത രോഗങ്ങൾക്കുള്ള ചികില്‍സയും ഗവേഷണവും അനുബന്ധ സൗകര്യങ്ങളും, 24 മണിക്കൂറും പ്രവർത്തിക്കുന്ന ട്രോമാ കെയർ സൗകര്യവും അതിനായുള്ള അടിസ്ഥാന സൗകര്യമൊരുക്കലും, ഏകാരോഗ്യ സംവിധാനം മെച്ചപ്പെടുത്തൽ (മനുഷ്യർ, മൃഗങ്ങൾ, സസ്യങ്ങൾ എന്നിവ ഉൾപ്പെടുന്ന പരിസ്ഥിതിയും ഇവ തമ്മിലുള്ള ബന്ധവും തിരിച്ചറിഞ്ഞുള്ള ചികിൽസാക്രമമാണ് ഏകാരോഗ്യം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്), ഡിജിറ്റൽ ഗവേണൻസ്, മാനവവിഭശേഷി, സപ്ലൈ ചെയ്ൻ സംവിധാനങ്ങൾ ശക്തമാക്കൽ, ശിശുസംരക്ഷണ മേഖലയിലെ വിവിധ പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടും. പദ്ധതിക്കായി ഡിഎംഇ, ഡിഎച്ച്എസ്, നാഷനൽ ഹെൽത്ത് മിഷൻ ഡയറക്ടർ അടക്കമുള്ളവരെ ഉൾപ്പെടുത്തി 13 അംഗ കോർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

ആദ്യവർഷം 562.5 കോടിയും രണ്ടാം വർഷം 750 കോടിയും മൂന്നാം വർഷം 750 കോടിയും നാലാം വർഷം 750 കോടിയും അഞ്ചാംവർഷം 187.5 കോടിരൂപയും ചെലവഴിക്കും. പദ്ധതി ചർച്ച ചെയ്യുന്നതിനായി ആരോഗ്യവകുപ്പ് അധികൃതരുടെ യോഗം 15ന് തലസ്ഥാനത്ത് ചേരും.

English Summary:

Health Sector Modernisation: Govt. Plans Rs 3000 crore project in collaboration with World Bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com