ADVERTISEMENT

കൊച്ചി ∙ ട്വന്റി 20 കിഴക്കമ്പലത്ത് ആരംഭിച്ച മെഡിക്കൽ സ്റ്റോർ ജില്ലാ തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർ കൂടിയായ കലക്ടർ അടപ്പിച്ചു. പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയെന്നു വ്യക്തമാക്കിയാണു കലക്ടറുടെ ഉത്തരവ്. ട്വന്റി 20 കൺവീനർ സാബു എം.ജേക്കബും പാർട്ടിയും തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകളിൽ മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം സംബന്ധിച്ച് പങ്കുവച്ചിട്ടുള്ള വിഡിയോ നീക്കം ചെയ്യാനും നിർദേശമുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പ് മാർച്ച് 16നു പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മാർച്ച് 21നാണു മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്യുന്നത്. ഇവിടെ നിന്ന് 80% വിലക്കുറവിൽ മരുന്നുകൾ ലഭിക്കുമെന്നതു വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കമാണെന്നു ചൂണ്ടിക്കാട്ടി സുധീർ സി.എസ്., അൽത്താഫ് എം.എം. എന്നിവരാണു പരാതി നൽകിയത്. ഇത്തരത്തിൽ വോട്ടർമാരെ പ്രലോഭിപ്പിക്കുന്ന വിധത്തിൽ സൗജന്യങ്ങളോ മറ്റ് വാഗ്ദാനങ്ങളോ നൽകി വോട്ടു പിടിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ്. 

പരാതിയെ തുടർന്ന് റിട്ടേണിങ് ഓഫീസർ ഇരുഭാഗത്തിന്റെയും വിശദീകരണം കേട്ടിരുന്നു. തുടർന്ന് ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷമാണ് മെഡിക്കൽ സ്റ്റോർ അടച്ചുപൂട്ടാൻ നിർദേശം നൽകിയത്. കിഴക്കമ്പലത്തു പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാ മാർക്കറ്റിന്റെ ഭാഗമായുള്ളതാണു മെഡിക്കൽ സ്റ്റോർ എന്നും ട്വന്റി 20 പാർട്ടിയുമായി ഇതിന് ബന്ധമില്ല എന്നുമാണ് ട്വന്റി 20 പ്രതിനിധികൾ വാദിച്ചത്. എന്നാൽ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് പ്രവർത്തിക്കുന്നത് കിറ്റക്സ് ചിൽഡ്രൻസ്‍വിയർ ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചും ട്വന്റി 20 അസോസിയേഷന്റെ പിന്തുണയോടെയുമാണ്.

രാഷ്ട്രീയ പാർട്ടിയായ ട്വന്റി 20 യുടെയും ട്വന്റി 20 അസോസിയേഷന്റെയും ഭാരവാഹികൾ ഒരേ ആൾക്കാരാണ്. മാത്രമല്ല, രാഷ്ട്രീയ പാർട്ടിയായ ട്വന്റി 20, ഭക്ഷ്യസുരക്ഷാ മാർ‍ക്കറ്റ്, ട്വന്റി 20 അസോസിയേഷൻ എന്നീ മൂന്നിന്റെയും ലോഗോ ഒന്നു തന്നെയാണ്. ഒരു സ്വകാര്യ കമ്പനിയും ഒരു റജിസ്ട്രേഡ് അസോസിയേഷനും ഒരു രാഷ്ട്രീയ പാർട്ടിയും ഒരേ ലോഗോയും ഒരേ ഭാരവാഹികളും പങ്കുവയ്ക്കുന്നു എന്ന പ്രത്യേകതയുള്ള സംഭവമാണ് ഇതിലുള്ളത്. ഈ സാഹചര്യത്തെക്കുറിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ‍ നിന്ന് വ്യക്തത തേടിയിട്ടുണ്ട്. അതുവരെ, പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം ആരംഭിച്ച മെഡിക്കൽ സ്റ്റോറിന്റെ പ്രവർത്തനം നിർത്തിവയ്ക്കാനാണു നിർദേശം നൽകിയിരിക്കുന്നത്.

മാത്രമല്ല, മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്തുകൊണ്ട് കിറ്റക്സ് എംഡി സാബു എം.ജേക്കബ് നടത്തിയ പ്രസംഗവും ഉത്തരവിൽ പരാമർശവിധേയമായി. ട്വന്റി 20 തിരഞ്ഞെടുക്കപ്പെട്ടാൽ കേരളത്തിലെ 941 പഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും 6 കോർപ്പറേഷനുകളിലും 50 ശതമാനം വരെ വിലക്കുറവിൽ ഭക്ഷ്യസുരക്ഷാ മാർക്കറ്റുകളും 80 ശതമാനം വരെ വിലക്കുറവിൽ മെഡിക്കൽ സ്റ്റോറുകളും ആരംഭിക്കുകയാണ് ലക്ഷ്യമെന്ന രീതിയിൽ പ്രചരിക്കുന്ന വിഡിയോകൾ സാബു എം.ജേക്കബിന്റെയും പാർട്ടിയുടെയും ഔദ്യോഗിക അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്യാനാണ് നിർദേശം.  

English Summary:

Collector closed medical store started by Twenty20 in Kizhakkambalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com