‘സിദ്ധാർഥന്റേതിന് സമാനമായ സംഭവങ്ങൾ മുൻപും ഉണ്ടെന്നു സ്ഥാപിക്കാൻ നടപടി’; സസ്പെൻഷൻ സ്റ്റേ ചെയ്ത് ഹൈക്കോടതി
Mail This Article
കൊച്ചി ∙ പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളജിൽനിന്ന് റാഗിങ്ങുമായി ബന്ധപ്പെട്ട് പുറത്താക്കിയ രണ്ടു വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു. അമ്രേഷ് ബാലി, അജിത് അരവിന്ദാക്ഷൻ എന്നിവരുടെ സസ്പെൻഷനാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ വ്യക്തികൾക്കെതിരെ നടപടി സ്വീകരിച്ച കൂട്ടത്തിലാണ്, 2023ൽ നടന്ന റാഗിങ്ങുമായി ബന്ധപ്പെട്ട് ഇവർക്കെതിരെയും നടപടി കൈക്കൊണ്ടത്. ഇതിനെതിരെ ഇരുവരും സമര്‍പ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്.
രണ്ടു വിദ്യാർഥികളെയും ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ സിദ്ധാർഥന്റെ മരണത്തിന് ഉത്തരവാദികളായവരെ പുറത്താക്കിയതിനൊപ്പം തങ്ങളെയും സസ്‌പെൻഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് വിദ്യാർഥികൾ ആരോപിച്ചത്. രണ്ടു വർഷം മുമ്പുണ്ടായി എന്നു പറയപ്പെടുന്ന സംഭവത്തിന്റെ പേരിലാണ് തങ്ങളെ സസ്പെൻഡ് ചെയ്തത്. എന്നാൽ ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന് ഹർജിയിൽ പറയുന്നു. പരാതിയോ പരാതിക്കാരോ തെളിവോ ഇല്ലാതെ തങ്ങള്‍ക്കെതിരെ നടപടി എടുക്കുകയായിരുന്നു എന്ന് ഇരുവരും വാദിച്ചു.
സിദ്ധാർത്ഥന്റെ മരണത്തിൽ കുറ്റക്കാരായവർക്കെതിരെ നടപടിയെടുത്ത അതേ ദിവസമാണ് തങ്ങൾക്കെതിരെയും നടപടി എടുത്തത്. സിദ്ധാർഥന്റേതിന് സമാനമായ സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് സ്ഥാപിക്കാനായിരുന്നു ഇത്. എന്നാൽ സിദ്ധാർഥന്റെ മരണത്തിനു ശേഷം തങ്ങൾക്കെതിരെ റാഗിങ്ങിന്റെ പേരിൽ പരാതി നൽകിയ വിദ്യാർഥി പിന്നീട് ഇത് പിന്‍വലിച്ചുവെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നായിരുന്നു സസ്പെൻഷൻ നടപടികൾ സ്റ്റേ ചെയ്യാൻ ഹൈക്കോടതി തീരുമാനിച്ചത്. അതിനൊപ്പം റാഗിങ് വിരുദ്ധ സമിതിയുടെ നടപടി രേഖകൾ ഹാജരാക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്.