ADVERTISEMENT

ന്യൂഡൽഹി∙ ആദായനികുതി വകുപ്പിൽനിന്ന് 1700 കോടി രൂപയുടെ പുതിയ നോട്ടിസ് ലഭിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ്. സാമ്പത്തികമായി കോൺഗ്രസിനെ തകർക്കാനാണു നോട്ടിസ് അയക്കുന്നതെന്നും ഇത് നികുതി ഭീകരതയാണെന്നും എഐസിസി ആസ്ഥാനത്ത് നടന്ന പ്രസ് കോൺഫറൻസിൽ മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് പറഞ്ഞു. കോൺഗ്രസിനെ ആക്രമിക്കാനായി നികുതി ഭീകരത ഉപയോഗിക്കുന്നത് നിർത്തണമെന്നും ജയ്റാം രമേഷ് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കോൺഗ്രസിന്റെ ഫണ്ട് മരവിപ്പിച്ച ടാക്സ് ട്രൈബ്യൂണലിന്റെ ഉത്തരവ് ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നും കോൺഗ്രസ് പറഞ്ഞു.

ആദായനികുതിയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ ബിജെപി നടത്തിയതായി കോണ്‍ഗ്രസ് ആരോപിച്ചു. ‘‘ആദായനികുതി വകുപ്പിൽനിന്ന് നോട്ടിസ് കോൺഗ്രസിന് ലഭിച്ചു. 1993–94 കാലഘട്ടത്തിൽ 53 കോടിയാണ് പിഴ ചുമത്തിയത്. നിയമലംഘനങ്ങളുടെ പേരിൽ ആദായനികുതി വകുപ്പ് പിഴ ചുമത്തുമ്പോൾ, ബിജെപിക്ക് ചുമത്തേണ്ടത് 4,600 കോടിയാണ്.  അടുത്ത ആഴ്ച തന്നെ കോൺഗ്രസ് പാർട്ടി സുപ്രീംകോടതിയെ സമീപിക്കും’’–അജയ് മാക്കൻ പറഞ്ഞു. ഇലക്ടറൽ ബോണ്ട് അഴിമതിയിലൂടെ ബിജെപി 8,200 കോടി സ്വന്തമാക്കിയെന്നും ജയ്റാം രമേശ് ആരോപിച്ചു. കോൺഗ്രസിനെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ഞങ്ങൾ ഭയപ്പെടില്ലെന്നും ജയ്റാം രമേഷ് പറഞ്ഞു.

2017-18 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടക്കം 1,700 കോടി രൂപയുടെ പുതിയ നോട്ടിസാണ് ആദായ നികുതി വകുപ്പ് പാര്‍ട്ടിക്ക് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് നല്‍കേണ്ട ആദായനികുതി പുനര്‍നിര്‍ണയിക്കാനുള്ള നീക്കത്തിനെതിരെ നല്‍കിയ പുതിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ പുതിയ നീക്കം. 2018-19 വര്‍ഷത്തെ നികുതിയായി കോണ്‍ഗ്രസ് അക്കൗണ്ടില്‍നിന്ന് ആദായനികുതി വകുപ്പ് 135 കോടി ഈടാക്കിയിരുന്നു.

2017-21 ലെ നികുതി പുനര്‍നിര്‍ണയിക്കാനുള്ള നീക്കം കോടതിയില്‍ ചോദ്യം ചെയ്‌തെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ഡല്‍ഹി ഹൈക്കോടതി ഹര്‍ജി തള്ളി. 2014-17 വരെയുള്ള പുനര്‍നിര്‍ണയം ചോദ്യം ചെയ്തുള്ള ഹര്‍ജി നേരത്തേ തള്ളിയിരുന്നു. മൂല്യനിര്‍ണയത്തിനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് ഹര്‍ജി നല്‍കിയതെന്നതും നികുതി നിര്‍ണയിച്ചതു പുനഃപരിശോധിക്കാനുള്ള തെളിവുകള്‍ ആദായനികുതി വകുപ്പിന്റെ പക്കലുണ്ടെന്നും ജഡ്ജിമാരായ യശ്വന്ത് വര്‍മ, പുരുഷൈന്ദ്ര കുമാര്‍ കൗരവ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. സമാന കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആദ്യഹര്‍ജിയും തള്ളിയത്.

English Summary:

Congress says tax terrorism should be stopped

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com