കോണ്‍ഗ്രസിനെ വിടാതെ ആദായനികുതി വകുപ്പ്; 1,700 കോടിയുടെ പുതിയ നോട്ടിസ്
Mail This Article
ന്യൂഡല്‍ഹി ∙ ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കോണ്‍ഗ്രസിനെ വിടാതെ പിന്തുടര്‍ന്ന് ആദായനികുതി വകുപ്പ്. 2017-18 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടക്കം 1,700 കോടി രൂപയുടെ പുതിയ നോട്ടിസ് ആദായ നികുതി വകുപ്പ് പാര്‍ട്ടിക്ക് നല്‍കി. കോണ്‍ഗ്രസ് നല്‍കേണ്ട ആദായനികുതി പുനര്‍നിര്‍ണയിക്കാനുള്ള നീക്കത്തിനെതിരെ നല്‍കിയ പുതിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് വകുപ്പിന്റെ നീക്കം.
നികുതി വകുപ്പിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസിന്റെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ വിവേക് തന്‍ഖ പറഞ്ഞു. പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പിന് മുന്‍പ് വരിഞ്ഞുമുറുക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2018-19 വര്‍ഷത്തെ നികുതിയായി കോണ്‍ഗ്രസ് അക്കൗണ്ടില്‍നിന്ന് ആദായനികുതി വകുപ്പ് 135 കോടി ഈടാക്കിയിരുന്നു.
2017-21 ലെ നികുതി പുനര്‍നിര്‍ണയിക്കാനുള്ള നീക്കം കോടതിയില്‍ ചോദ്യം ചെയ്‌തെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ഡല്‍ഹി ഹൈക്കോടതി ഹര്‍ജി തള്ളി. 2014-17 വരെയുള്ള പുനര്‍നിര്‍ണയം ചോദ്യം ചെയ്തുള്ള ഹര്‍ജി നേരത്തേ തള്ളിയിരുന്നു. മൂല്യനിര്‍ണയത്തിനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് ഹര്‍ജി നല്‍കിയതെന്നതും നികുതി നിര്‍ണയിച്ചതു പുനഃപരിശോധിക്കാനുള്ള തെളിവുകള്‍ ആദായനികുതി വകുപ്പിന്റെ പക്കലുണ്ടെന്നും ജഡ്ജിമാരായ യശ്വന്ത് വര്‍മ, പുരുഷൈന്ദ്ര കുമാര്‍ കൗരവ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. സമാന കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആദ്യഹര്‍ജിയും തള്ളിയത്.
തിരിച്ചടയ്ക്കാനുള്ള 100 കോടിയില്‍പരം രൂപ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പു നല്‍കിയ നോട്ടിസ് കോണ്‍ഗ്രസ് ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണലില്‍ ചോദ്യം ചെയ്‌തെങ്കിലും സ്റ്റേ ലഭിച്ചിരുന്നില്ല. പുതിയ സാഹചര്യത്തില്‍ വീണ്ടും ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കാനും ഇതു പെട്ടെന്നു പരിഗണിച്ചു തീര്‍പ്പുണ്ടാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.