ADVERTISEMENT

കോഴിക്കോട്∙ കായിക കൂട്ടായ്മയിലെ പരിപാടിയിൽ ഇന്നലെ പുതിയ സ്റ്റേഡിയം പ്രഖ്യാപിച്ച മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നടപടി പെരുമാറ്റചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കലക്ടർ സ്നേഹിൽ കുമാർ സിങ് മന്ത്രിക്കു നോട്ടിസ് നൽകി. പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടതിനെ തുടർന്നാണു നടപടി എന്ന് നോട്ടിസിൽ പറയുന്നു. മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണു നടപടി.  7 ദിവസത്തിനകം മറുപടി നൽകണം.

മന്ത്രി പി.എ.മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയുമായി കോൺഗ്രസും രംഗത്തെത്തിയിരുന്നു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ഇടതുപക്ഷ സ്ഥാനാർഥി എളമരം കരീം ഉൾപ്പെടെ പങ്കെടുത്ത കായിക സംവാദത്തിന്റെ ഉദ്ഘാടനപ്രസംഗത്തിൽ മന്ത്രി നടത്തിയ പ്രഖ്യാപനമാണു വിവാദമായത്.

‘കോഴിക്കോട്ട് ഒരു നല്ല രാജ്യാന്തര സ്റ്റേഡിയം യാഥാർഥ്യമാക്കാൻ ഇടതുസർക്കാർ നിശ്ചയിച്ച വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്’ എന്നു മന്ത്രി പ്രസംഗത്തിൽ പറഞ്ഞ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ പ്രഖ്യാപനം നടത്തിയതു ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണു കോൺഗ്രസ് പരാതി നൽകിയത്.

അതേസമയം, പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും നടത്തിയതു പഴയ പ്രഖ്യാപനത്തെക്കുറിച്ചാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഇനിയും പറയുമെന്നും റിയാസ് പറയുന്നു.

പ്രസംഗം ചിത്രീകരിച്ചയാളെ കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീം വേദിക്കു പിന്നിലേക്കു കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അരമണിക്കൂറിനുശേഷമേ വിഡിയോഗ്രഫറെ പുറത്തേക്കുവിട്ടുള്ളൂ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പാകുന്നുണ്ടോയെന്നു നിരീക്ഷിക്കാന്‍ തിര​ഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച സംഘത്തില്‍പ്പെട്ടയാളാണ് വിഡിയോഗ്രഫര്‍.

വേദിയിലുണ്ടായിരുന്ന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ തൊട്ടടുത്തുള്ള ഇടതു സ്ഥാനാർഥി എളമരം കരീമിനു വിഡിയോഗ്രഫറെ ചൂണ്ടിക്കാണിച്ചുകൊടുത്തതിനെ തുടർന്ന് അദ്ദേഹം എഴുന്നേറ്റുവന്ന് വിഡിയോഗ്രഫറെ ഗ്രീൻറൂമിലേക്കു കൊണ്ടുപോവുകയായിരുന്നു. അൽപസമയത്തിനകം വിഡിയോഗ്രഫർ പുറത്തേക്കു വന്നു തനിക്കൊപ്പം വന്ന മറ്റൊരാളെ അകത്തേക്കു വിളിച്ചു.

5.53ന് അകത്തേക്കു കൂട്ടിക്കൊണ്ടുപോയ വിഡിയോഗ്രഫറെ പ്രസംഗത്തിനുശേഷം 6.24ന് ആണു പുറത്തേക്കു വിട്ടത്. ക്യാമറയിലെ വിഡിയോ പരിശോധിച്ചശേഷമാണു പുറത്തേക്കു വിട്ടതെന്നാണു സൂചന. സ്പോർട്സ് ഫ്രറ്റേണിറ്റിയെന്ന പേരിൽ പുതുതായി തുടങ്ങിയ കൂട്ടായ്മയാണു പരിപാടി സംഘടിപ്പിച്ചത്.

English Summary:

Complaint against PA Mohammed Riyas for allegedly violating election code of conduct

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com