വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം: ഡിവൈഎഫ്ഐ പ്രവർത്തകർ ബിജു രമേശിനെ തടഞ്ഞു
Mail This Article
തിരുവനന്തപുരം∙ വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപിച്ച് ആറ്റിങ്ങൽ മണ്ഡലത്തിലെ അരുവിക്കര വടക്കേമലയിൽ വ്യവസായി ബിജു രമേശിനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം നൽകിയെന്നാണ് ആരോപണം. അതേസമയം, താൻ ബിസിനസ് കാര്യങ്ങൾക്കായി അരുവിക്കര സ്വദേശിയും സുഹൃത്തുമായ സുരേഷിന്റെ വീട്ടിലെത്തിയതാണെന്ന് ബിജു രമേശ് പറഞ്ഞു. തിരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പണം കണ്ടെത്താനായില്ല.
അരുവിക്കര വടക്കേമലയിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സുരേഷിന്റെ വീട്ടിലായിരുന്നു ബിജു രമേശ് എത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബിജു രമേശിനെ അരുവിക്കര സ്റ്റേഷനിലേക്കു മാറ്റി.
വാഹനം തടഞ്ഞ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍, പണം വിതരണത്തിനെത്തിയ ബിജു രമേശിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ബിജു രമേശിന് എതിരെ കേസ് എടുക്കണമെന്ന് സിപിഎം പ്രവർത്തകർ ആവശ്യപ്പെട്ടു. സിപിഎം നേതൃത്വം ബിജു രമേശിനെതിരെ പരാതി നൽകി. ബിജു രമേശ് ഇവിടെ എത്തിയതറിഞ്ഞ് പിന്നാലെ വന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്.
റിയൽ എസ്റ്റേറ്റ് ആവശ്യത്തിനായാണ് ബിജു രമേശ് വീട്ടിൽ വന്നതെന്ന് കോൺഗ്രസ് പ്രവര്‍ത്തകനായ സുരേഷ് പ്രതികരിച്ചു. പണം വിതരണം ചെയ്തിട്ടില്ലെന്നും കോൺഗ്രസ് അരുവിക്കര ബ്ലോക്ക് കമ്മിറ്റി അംഗമായ സുരേഷ് പറഞ്ഞു. പണം കണ്ടെത്തിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഫ്ലയിങ് സ്ക്വാഡും അറിയിച്ചു.
ആറ്റിങ്ങൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായ അടൂര്‍ പ്രകാശും വ്യവസായി ബിജു രമേശും അടുത്ത ബന്ധുക്കളാണ്. അടൂര്‍ പ്രകാശിന്റെ മകന്റെ ഭാര്യ ബിജു രമേശിന്റെ മകളാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാർ കോഴ വിവാദത്തിൽ കെ.എം. മാണിയെ പ്രതിക്കൂട്ടിലാക്കിയത് ഇദ്ദേഹത്തിന്റെ ആരോപണങ്ങളായിരുന്നു.