പ്രേമചന്ദ്രനെ വ്യക്തിഹത്യ നടത്താനുള്ള ലഘുലേഖ കയ്യോടെ പിടികൂടിയെന്ന് യുഡിഎഫ്
Mail This Article
കൊല്ലം ∙ പരാജയം മണത്ത സിപിഎം നേതൃത്വം യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രനെ വ്യക്തിഹത്യ നടത്തുന്ന തരത്തിൽ ലഘുലേഖ വിതരണം നടത്തിയത് കയ്യോടെ പിടികൂടിയതായി യുഡിഎഫ് ജില്ലാ നേതൃത്വം. ചാത്തന്നൂർ, ഇരവിപുരം, ചവറ മണ്ഡലങ്ങളിലാണ് ലഘുലേഖ എത്തിയത്. ന്യൂനപക്ഷ മേഖലകൾ കേന്ദ്രീകരിച്ച് വിതരണം നടത്തിയ ലഘുലേഖയുടെ പകർപ്പും ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനും സിറ്റി പൊലീസ് കമ്മിഷണർക്കും യുഡിഎഫ് നേതൃത്വം പരാതി നൽകി.
പത്രവാർത്തയെന്ന നിലയിൽ ലഘുലേഖ വിതരണം നടത്തി വരികയായിരുന്നു. പ്രേമചന്ദ്രനെ ‘സംഘി’ യാക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് ലഘുലേഖയിൽ അച്ചടിച്ചിരിക്കുന്നത്. ലോക്സഭാ മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിലും ലഘുലേഖ വിതരണത്തിനെത്തിച്ചതായാണ് സൂചന. ബൂത്ത് തലം മുതലുള്ള പ്രവർത്തകർ ജാഗ്രത പുലർത്തണമെന്ന് യുഡിഎഫ് നേതൃത്വം മുന്നറിയിപ്പ് നൽകി.
എൻ.കെ.പ്രേമചന്ദ്രനുള്ള വലിയ ജന സ്വീകാര്യതയിൽ വിള്ളലുണ്ടാക്കി വർഗീയത കുത്തിവയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ലേഖനമെന്നും യുഡിഎഫ് ആരോപിച്ചു. പരാജയഭീതി മൂലം എൻ.കെ.പ്രേമചന്ദ്രനെതിരെ എൽഡിഎഫ് വർഗീയ വിഷം നിറഞ്ഞ കളവും അവാസ്തവവുമായ പ്രസ്താവനകൾ ഉൾപ്പെട്ട നോട്ടിസ് അച്ചടിച്ച് മണ്ഡലത്തിലാകെ വിതരണം ചെയ്യുന്നതായി പ്രേമചന്ദ്രന്റെ ചീഫ് ഇലക്ഷൻ ഏജന്റ് എ.എ.അസീസ് ആരോപിച്ചു. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനും റിട്ടേണിങ് ഓഫസർക്കും നിരീക്ഷകർക്കും പൊലീസിനും പരാതി നൽകി.
എൽഡിഎഫ് പ്രവർത്തകരാണ് അച്ചടിച്ച നോട്ടിസ് വിതരണം ചെയ്തതെന്ന് പരാതിയിൽ പറയുന്നു. വ്യാജ നോട്ടിസുകൾ പിടിച്ചെടുക്കണമെന്നും കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.