ബിജെപിയിൽ ചേരാനിരുന്നത് ഇ.പി, 90 ശതമാനം ചർച്ചകൾ പൂർത്തിയാക്കിയ ശേഷം പിൻമാറി: ശോഭ സുരേന്ദ്രൻ
Mail This Article
ആലപ്പുഴ∙ ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയ സിപിഎം നേതാവ് ഇ.പി.ജയരാജനാണെന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ആലപ്പുഴ മണ്ഡലം എൻഡിഎ സ്ഥാനാർഥിയുമായ ശോഭ സുരേന്ദ്രൻ. ജയരാജൻ ബിജെപിയിൽ ചേരുന്നതിനുള്ള 90 ശതമാനം ചർച്ചകളും പൂർത്തിയാക്കിയിരുന്നു. സിപിഎം ക്വട്ടേഷൻ ഭയന്നാണ് ജയരാജൻ തീരുമാനത്തിൽ നിന്നു പിന്മാറിയതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
ഇ.പി.ജയരാജന്റെ മകന്റെ നമ്പറിലൂടെയാണ് തന്നെ ആദ്യം ബന്ധപ്പെട്ടതെന്നും നോട്ട് മൈ നമ്പർ എന്ന് ജയരാജന്റെ മകൻ വാട്സ് ആപ്പിലൂടെ മെസേജ് അയച്ചെന്നും ശോഭ വ്യക്തമാക്കി. ‘ബിജെപിയിൽ ചേരാനുള്ള തീരുമാനത്തിൽ നിന്നു ജയരാജൻ പിന്മാറിയതിന്റെ കാരണം മുഖ്യമന്ത്രി പിണറായി വിജയന് അറിയാം. ജയരാജൻ ജീവനോടെ ഉണ്ടായിരിക്കണമെന്ന് തനിക്ക് ആഗ്രമുള്ളതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേര് ഇത്രയും നാൾ വെളിപ്പെടുത്താതെയിരുന്നത്. ഡൽഹിയിൽ വച്ചാണ് ജയരാജനുമായി ചർച്ച നടത്തിയത്. ദല്ലാൾ നന്ദകുമാറാണ് എനിക്ക് ഡൽഹിക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് നൽകിയത്. ബിജെപിയിൽ ചേരണം എന്ന ആഗ്രഹവുമായി തലയെടുപ്പുള്ള ഏതു നേതാക്കൾ വന്നാലും അവരെ സ്വീകരിക്കും. ബിജെപിയിലേക്ക് ആളെ ചേർക്കാനുള്ള അഞ്ചംഗ കേന്ദ്ര കമ്മിറ്റിയിലെ ഒരംഗമാണ് ഞാൻ. ബിജെപിയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന നേതാക്കളുമായി ചർച്ച നടത്താൻ എട്ടു സംസ്ഥാനങ്ങളുടെ ചുമതലയുള്ള എനിക്ക് കേന്ദ്ര കമ്മിറ്റി അധികാരം നൽകിയിട്ടുണ്ട്.
എനിക്കെതിരെ ആരോപണം ഉന്നയിച്ച് ദല്ലാൾ നന്ദകുമാർ രേഖകൾ ഹാജരാക്കണം. തിരഞ്ഞെടുപ്പ് കമ്മിഷൻ മുൻപാകെ സമർപ്പിച്ച സ്വത്തുക്കൾ അല്ലാതെ ഒരു സ്വത്തും എനിക്കില്ല. മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ റോൾ ഏറ്റെടുത്താണ് ദല്ലാൾ നന്ദകുമാർ തനിക്കെതിരെ പ്രവർത്തിക്കുന്നത്. ആലപ്പുഴയിൽ എന്നെ പരാജയപ്പെടുത്താൻ സിപിഎം നന്ദകുമാറിനെ രംഗത്തിറക്കിയിരിക്കുകയാണ്. നന്ദകുമാർ കരുതും പോലെ ഒരു കോടി നൽകിയാൽ സ്ഥാനം കൊടുക്കുന്ന പാർട്ടിയല്ല ഭാരതീയ ജനതാ പാർട്ടി. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയ നന്ദകുമാറിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്കും ദേശീയ വനിതാ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. ഡിജിപി മുഖ്യമന്ത്രിയുടെ അടുക്കളപ്പണിക്കാരനല്ല. നന്ദകുമാറിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു.’ – ശോഭ പറഞ്ഞു.
മകൾക്ക് രണ്ടാം വിവാഹ വേളയിൽ നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, സ്ത്രീകൾക്കെതിരെ ഇത്തരം അതിക്രമങ്ങൾ സമ്മതിക്കില്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രി ഓർക്കണമെന്നും ശോഭ പറഞ്ഞു. ഇതിനു മുൻപും താൻ നൽകിയ സൈബർ ആക്രമണ പരാതികളിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ആഭ്യന്തര വകുപ്പും ഡിജിപിയും ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ ഡിജിപിയുടെ വീടിനു മുന്നിൽ സമരം ചെയ്യാനും വാഹനം തടയാനും കരുത്തുണ്ടെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കെ.സുരേന്ദ്രൻ, ബി.എൽ.സന്തോഷ്, ശോഭ സുരേന്ദ്രൻ എന്നിവരുടെ സിരകളിൽ ഒഴുകുന്ന രക്തം ഒന്നാണ്. അകത്തും പുറത്തും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഭീകരവാദത്തിനും അഴിമതിക്കുമെതിരെ ഒന്നിച്ച് പോരാടുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായം തേടി പ്രകാശ് ജാവഡേക്കര്‍ ഇ.പി. ജയരാജനെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ലാവലിന്‍ കേസില്‍ സെറ്റില്‍മെന്റ് വാഗ്ദാനം ചെയ്തെന്നും ഇ.പി. ജയരാജന്‍ സമ്മതിച്ചില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.