ട്രെയിൻ ടിക്കറ്റ്: തൽക്കാൽ, പ്രീമിയം തൽക്കാൽ ടിക്കറ്റ് ബുക്കിങ് സമയങ്ങളിൽ മാറ്റമില്ല, പക്ഷേ ഇക്കാര്യം ശ്രദ്ധിക്കണം

Mail This Article
പെട്ടെന്ന് ഒരു ട്രെയിൻ യാത്ര പ്ലാൻ ചെയ്യാൻ ആണെങ്കിൽ തൽക്കാൽ മാത്രമാണ് ടിക്കറ്റ് കിട്ടാനുള്ള ഏകവഴി. എന്നാൽ, തൽക്കാൽ ബുക്കിങ് സമയം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന ചില സന്ദേശങ്ങൾ പ്രചരിക്കുകയാണ്. തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയം സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് ഇത്തരം സന്ദേശങ്ങളിൽ ഉള്ളത്. ഇതിനെ തുടർന്ന് ഇന്ത്യൻ റെയിൽവേ തന്നെ തൽക്കാൽ സമയം സംബന്ധിച്ച് വിശദീകരണവുമായി എത്തിയിരിക്കുകയാണ്.
എക്സ് പ്ലാറ്റ്ഫോമിലെ ഐആർസിടിസിയുടെ അക്കൗണ്ടിലാണ് ഈ വിശദീകരണം വന്നിരിക്കുന്നത്. തൽക്കാൽ, പ്രീമിയം തൽക്കാൽ എന്നിവ ബുക്ക് ചെയ്യുന്ന സമയങ്ങളിൽ വ്യത്യാസമുണ്ടെന്നു കാണിച്ച് സമൂഹമാധ്യമങ്ങളിൽ ചില പോസ്റ്റുകൾ പ്രചരിക്കുന്നതിനെ തുടർന്നാണ് ഐആർസിടിസി കുറിപ്പുമായി എത്തിയത്. നിലവിൽ എസി, നോൺ എസി സീറ്റുകൾ തൽക്കാൽ, പ്രീമിയം തൽക്കാൽ എന്നിവയായി ബുക്ക് ചെയ്യുന്നതിൽ മാറ്റമില്ലെന്ന് റെയിൽവേ വ്യക്തമാക്കുന്നു. ബുക്ക് ചെയ്യാനായി ഏജന്റുമാർക്ക് നൽകിയിരിക്കുന്ന സമയം മാറ്റമില്ലാതെ തുടരുമെന്നും വ്യക്തമാക്കുന്നു.
∙തൽക്കാൽ, പ്രീമിയം തൽക്കാൽ ബുക്കിങ്
ട്രെയിൻ യാത്രകൾക്ക് വേണ്ടിയുള്ള തൽക്കാൽ ടിക്കറ്റുകൾ ട്രെയിൻ യാത്ര പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പാണ് ബുക്ക് ചെയ്യേണ്ടത്. ട്രെയിൻ യാത്ര ആരംഭിക്കുന്ന സമയത്തിന് ഒരു ദിവസം മുൻപാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. തൽക്കാൽ ഓപ്പൺ ആകുന്ന ദിവസം രാവിലെ 10 മണിക്കാണ് എസി ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്. 11 മണിക്കാണ് നോൺ എസി ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്.
ഉദാഹരണത്തിന്, ഓഗസ്റ്റ് രണ്ടാം തീയതിയാണ് ട്രെയിൻ, യാത്ര ആരംഭിക്കുന്ന ആദ്യത്തെ സ്റ്റേഷനിൽ നിന്നു പുറപ്പെടുന്നത് എന്ന് കരുതുക. യാത്രയ്ക്കുള്ള എസി തൽക്കാൽ ടിക്കറ്റുകൾ ഓഗസ്റ്റ് ഒന്നാം തീയതി രാവിലെ പത്തുമണി മുതൽ ബുക്ക് ചെയ്യാവുന്നതാണ്. നോൺ എസി ടിക്കറ്റുകൾ ഓഗസ്റ്റ് ഒന്നാം തിയതി പതിനൊന്നു മണിക്ക് ബുക്ക് ചെയ്യാവുന്നതാണ്. ഒരു പിഎൻആറിൽ പരമാവധി നാലുപേർക്ക് മാത്രമാണ് തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുക. സാധാരണ ടിക്കറ്റ് നിരക്കിൽ നിന്നും അധികമായി യാത്രക്കാരിൽ നിന്ന് തൽക്കാൽ ചാർജ് ഈടാക്കുന്നതാണ്.
തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന അതേസമയം തന്നെയാണ് പ്രീമിയം തൽക്കാലും ബുക്ക് ചെയ്യേണ്ടത്.