ADVERTISEMENT

എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയും താമസത്തിന്റെ പ്രശ്‌നങ്ങളും സവിശേഷ ഭൂപ്രകൃതിയും കാലാവസ്ഥയുമൊക്കെ ചേര്‍ന്നാണ് ബക്കറ്റ് ലിസ്റ്റില്‍ ഉണ്ടായിട്ടു കൂടി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ഭൂരിഭാഗം യാത്രികരുടേയും നഷ്ട സ്വര്‍ഗമാക്കി മാറ്റുന്നത്. എസി ട്രെയിനില്‍ സര്‍ക്കാര്‍ സുഖ സൗകര്യങ്ങളോടെയും സുരക്ഷയിലും ഒരു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്രക്കുള്ള അവസരമാണ് ഐആര്‍സിടിസി ഒരുക്കുന്നത്. അഞ്ച് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ 15 ദിവസങ്ങള്‍ കൊണ്ട് വിശദമായി കണ്ടു തീര്‍ക്കുന്ന 'നോര്‍ത്ത് ഈസ്റ്റ് ഡിസ്‌കവറി' ടൂറിന്റെ വിശദാംശങ്ങള്‍ ഐആര്‍സിടിസി പുറത്തുവിട്ടു. 

ഭാരത് ഗൗരവ് ഡിലക്‌സ് എസി ടൂറിസ്റ്റ് ട്രെയിനില്‍ ഏപ്രില്‍ 22 മുതലാണ് യാത്ര ആരംഭിക്കുക. ഡല്‍ഹിയില്‍ നിന്നാണ് 15 ദിവസം നീളുന്ന യാത്ര ആരംഭിക്കുക. അസം, അരുണാചല്‍ പ്രദേശ്, ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലൂടെ യാത്ര നീളും. ഡല്‍ഹി സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആരംഭിക്കുന്ന യാത്ര 5,800 കിലോമീറ്റര്‍ സഞ്ചരിച്ചാണ് തിരിച്ചെത്തുക. ഈ ട്രെയിന്‍ യാത്ര തന്നെ സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവമാവുമെന്നുറപ്പ്. കേന്ദ്ര സര്‍ക്കാരിന്റെ 'ഏക് ഭാരത് ശ്രേഷ്ഠതാ ഭാരത്', 'ദേക്കോ അപ്‌നാ ദേശ്' എന്നീ പദ്ധതികളുമായി കൂടി ചേര്‍ന്നാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പറേഷന്‍(ഐആര്‍സിടിസി) ഇങ്ങനെയൊരു യാത്ര ഒരുക്കുന്നത്. 

ഗുവാഹത്തി, ഇറ്റാനഗര്‍, ശിവസാഗര്‍, ജോര്‍ഹത്ത്, കാസിരംഗ, ഇനകോട്ടി, ഉദയ്പൂര്‍, ദിമാപൂര്‍, കോഹിമ, ഷില്ലോങ്, ചിറാപുഞ്ചി എന്നിങ്ങനെയുള്ള പ്രസിദ്ധമായ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങള്‍ യാത്രക്കിടെ സഞ്ചാരികള്‍ സന്ദര്‍ശിക്കും. ഡല്‍ഹിക്കു പുറമേ ഗാസിയാബാദ്, അലിഗഡ്, തുണ്ട്‌ല, ഇതാവഹ്, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നും സഞ്ചാരികള്‍ക്ക് ഈ യാത്രയുടെ ഭാഗമാവാന്‍ സാധിക്കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ യാത്ര ഗുവാഹത്തിയില്‍ നിന്നാണ് ആരംഭിക്കുക. കാമാഖ്യ ക്ഷേത്രം, ഉമാനന്ദ ക്ഷേത്രം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന സഞ്ചാരികള്‍ക്ക് ബ്രഹ്‌മപുത്ര നദിയിലെ സൂര്യാസ്തമയം ആസ്വദിക്കാനും അവസരമുണ്ടാവും. 

അരുണാചല്‍ പ്രദേശിന്റെ തലസ്ഥാമായ ഇറ്റാ നഗറില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള നഹര്‍ലഗൂണ്‍ റെയില്‍വേ സ്‌റ്റേഷനിലേക്കാണ് അടുത്തതായി ട്രെയിന്‍ എത്തുക. അസമിലെ അഹോം രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന ശിവസാഗറും ശിവദോള്‍ ക്ഷേത്രവും  പൈതൃക കേന്ദ്രങ്ങളായ തലാടല്‍, രംഗ് ഘര്‍ എന്നിവയും സന്ദര്‍ശിക്കാന്‍ അവസരമുണ്ടാവും. 

ജോര്‍ഹട്ടിലെ പ്രസിദ്ധമായ തേയില തോട്ടങ്ങളും കാസിരംഗയിലെ രാത്രി താമസവും പുലര്‍ച്ചെ കാസിരംഗ ദേശീയ പാര്‍ക്കിലെ സഫാരിയും ആസ്വദിക്കാനാവും. ത്രിപുരയില്‍ കുമാര്‍ഘട്ടിലാണ് ഇറങ്ങുക ഇവിടെ നോര്‍ത്ത് ഈസ്റ്റിന്റെ അങ്കോര്‍ വാട്ട് എന്ന പേരില്‍ പ്രസിദ്ധമായ ഉനകോട്ടി സന്ദര്‍ശിക്കും. അഗര്‍ത്തലയില്‍ ഉത്തയന്റ കൊട്ടാരവും നീര്‍മഹലും ത്രിപുര സുന്ദരി മന്ദിറും സഞ്ചാരികള്‍ക്ക് യാത്രയുടെ ഭാഗമായി ആസ്വദിക്കാനാവും. 

നാഗാലാന്‍ഡിലെ ദിമാപൂരിലേക്കാണ് പിന്നീട് യാത്ര എത്തിച്ചേരുക. ബദര്‍പൂര്‍ സ്റ്റേഷനും ലുംഡിങ് സ്റ്റേഷനും ഇടയ്ക്കുള്ള ട്രെയിന്‍ യാത്ര തന്നെ മനോഹരമാണ്. നാഗന്മാരുടെ ജീവിതം നേരിട്ട് കണ്ടറിയാന്‍ കോഹിമയില്‍ നിന്നും ബസില്‍ കോനോമ ഗ്രാമത്തിലേക്ക് കൊണ്ടുപോവും. പിന്നീട് ഗുവാഹത്തിയിലേക്ക് തിരിച്ചെത്തി ഷില്ലോങിലേക്ക് റോഡ് മാര്‍ഗം എത്തും. ഇതിനിടെ ഉമിമാം തടാകവും ചിറാപുഞ്ചിയും ഷില്ലോങ് കൊടുമുടിയും എലിഫെന്റ് ഫാള്‍സും നോകാലികായ് വെള്ളച്ചാട്ടവും മൗസ്മായ് ഗുഹയുമെല്ലാം സന്ദര്‍ശിക്കാനും അവസരമുണ്ടാവും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഡല്‍ഹിയില്‍ ട്രെയിനില്‍ തിരിച്ചെത്തിയാണ് യാത്ര അവസാനിക്കുക. 

രണ്ട് റസ്റ്ററന്റുകളും ആധുനിക സൗകര്യങ്ങളുള്ള അടുക്കളയും ശുചിമുറികളും ഫൂട്ട് മസാജറുകളും ചെറു ലൈബ്രറിയും സിസിടിവി ക്യാമറകളുമെല്ലാമുള്ള ആഡംബര ട്രെയിനാണ് ഭാരത് ഗൗരവ് ഡിലക്‌സ് എസി ടൂറിസ്റ്റ് ട്രെയിന്‍. എസി I(സുപ്പീരിയര്‍), എസിII(ഡിലക്‌സ്), എസി III(കംഫര്‍ട്ട്) എന്നിങ്ങനെയുള്ള ടിക്കറ്റ് ഓപ്ഷനുകളുമുണ്ടാവും. എസിIII ടിക്കറ്റ് നിരക്ക് 1,16,905 രൂപ മുതലാണ് ആരംഭിക്കുന്നത്. എസി II ടിക്കറ്റ് നിരക്കുകള്‍ 1,29,915 രൂപ മുതലും എസി I(കാബിന്‍) നിരക്കുകള്‍ 1,49,815 രൂപ മുതലും എസിI(കൂപെ) നിരക്കുകള്‍ 1,67,845 രൂപ മുതലും ആരംഭിക്കും. ട്രെയിന്‍ യാത്രയ്ക്കു പുറമേ എസി ഹോട്ടല്‍ താമസം, പച്ചക്കറി ഭക്ഷണം, ബസ് യാത്ര, സ്ഥലങ്ങള്‍ കാണുന്നത്, ട്രാവല്‍ ഇന്‍ഷുറന്‍സ്, ഗൈഡഡ് ടൂറുകള്‍ എന്നിവയുടെ ചെലവുകളെല്ലാം ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ടിക്കറ്റ് നിരക്ക്. ഐആര്‍സിടിസി വെബ് സൈറ്റ് വഴിയോ പ്രാദേശിക ബുക്കിങ് കേന്ദ്രങ്ങള്‍ വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

English Summary:

Explore Northeast India's hidden gems with IRCTC's 15-day 'North East Discovery' tour! Travel in luxury aboard the Bharat Gaurav Deluxe AC train, visiting Assam, Arunachal Pradesh, Tripura, Nagaland, & Meghalaya. Book now!

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com