ADVERTISEMENT

കൊല്ലം∙ ആർഎസ്എസ് ആസ്ഥാനം ഉൾപ്പെടുന്ന നാഗ്പുർ മണ്ഡലത്തിന്റെ പ്രതിനിധിയും ആർഎസ്എസ് നേതൃത്വവുമായി അടുത്ത ബന്ധവുമുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കേരളത്തിൽ സ്വകാര്യ സന്ദർശനം നടത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ വിളിച്ചുവരുത്തി ഉച്ചയൂണ് നൽകിയത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ. ഗഡ്കരിയും കുടുംബവും തീർത്തും സ്വകാര്യ സന്ദർശനത്തിനാണ് കോവളത്തും കന്യാകുമാരിയിലും വന്നത്. ഇതറിഞ്ഞ പിണറായി ഗഡ്കരിയെ ക്ലിഫ് ഹൗസിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് പ്രേമചന്ദ്രൻ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ പ്രവൃത്തി സിപിഎം പൊളിറ്റ് ബ്യൂറോ അംഗത്തിനു യോജിച്ചതാണോയെന്നു വ്യക്തമാക്കണം. ഗഡ്കരിയെ സൽക്കരിച്ച പിണറായിക്ക് എങ്ങനെയാണ് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെ കുറ്റം പറയാനാവുകയെന്നും പ്രേമചന്ദ്രൻ ചോദിച്ചു.

പിണറായി വിജയന്റെ നിർദേശ പ്രകാരമാണ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇ.പി. ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയതെന്നും പ്രേമചന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടിയായിരുന്നു ഇത്. ജയരാജനെ ആദ്യം തള്ളിപ്പറഞ്ഞ പിണറായി പിന്നീട് ന്യായീകരിച്ചത് ഇതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

പ്രകാശ് ജാവഡേക്കർ കേരളത്തിന്റെ ചുമതലയുള്ള ബിജെപിയുടെ നേതാവാണ്. മുഖ്യമന്ത്രി പറയുന്നത് താൻ പലതവണ ജാവഡേക്കറെ കണ്ടു എന്നാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മുഖ്യമന്ത്രി ജാവഡേക്കറെ കണ്ടത് എന്തിനാണെന്നു പൊതുസമൂഹത്തിനു മുന്നിൽ പറയണം. കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ്, എക്സാലോജിക്, എസ്എൻസി ലാവ്‌ലിൻ, സ്വർണക്കള്ളക്കടത്ത് കേസുകൾ ഇല്ലാതാക്കുന്നതിനു പകരം തൃശൂർ, തിരുവനന്തപുരം സീറ്റുകളിൽ ബിജെപിക്ക്  പിന്തുണ നൽകാനുള്ള അടവു നയത്തിന്റെയും ‘ഡീൽ’ ഉറപ്പിക്കലിന്റെയും ഭാഗമായിരുന്നു ജാവഡേക്കറുമായുള്ള ചർച്ച എന്നും പ്രേമചന്ദ്രൻ ആരോപിച്ചു. 

English Summary:

NK Premachandran against Pinarayi Vijayan In inviting Nitin Gadkari to Cliff house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com