തിരഞ്ഞെടുപ്പിന്റെ പ്രധാന അജൻഡ മോദിയുടെ ഗ്യാരന്റി; അത് അട്ടിമറിക്കാൻ പല വിവാദങ്ങളും ഉണ്ടാക്കി: എം.ടി. രമേശ്
Mail This Article
കോഴിക്കോട്∙ തിരഞ്ഞെടുപ്പു ദിവസം പലയിടങ്ങളിലും അനാവശ്യ നിയന്ത്രണങ്ങളും നിർബന്ധബുദ്ധിയും ഒട്ടും പ്രായോഗികമല്ലാത്ത തീരുമാനങ്ങളും വഴി വോട്ടർമാരെ പോളിങ് ബൂത്തുകളിൽനിന്നു അകറ്റിനിർത്തുന്ന സാഹചര്യമുണ്ടാക്കിയെന്ന് ബിജെപി നേതാവും കോഴിക്കോട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായ എം.ടി.രമേശ്. നിയന്ത്രണങ്ങൾ അനിവാര്യമാണെങ്കിലും അത് ആളുകളെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലാകരുതെന്ന് രമേശ് അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പോലും അനാവശ്യ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഇത്തരം നിയന്ത്രണങ്ങൾ ജനാധിപത്യ സംവിധാനത്തെയും വോട്ടിങ് സമ്പ്രദായത്തെയും ഗുണപരമായി പ്രോത്സാഹിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുമുണ്ടായ അനാവശ്യ നിയന്ത്രണങ്ങൾ തിരഞ്ഞെടുപ്പ് വൈകാൻ കാരണമായി. ഓപ്പൺ വോട്ടിലുണ്ടായത് അനാവശ്യ വിവാദങ്ങളാണ്. ഓപ്പൺ വോട്ടിന് വരുന്നവർ സ്വമേധയാ നൽകുന്ന പ്രഖ്യാപനം അംഗീകരിക്കുകയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ചെയ്യേണ്ടത്. എന്നാൽ പല സ്ഥലങ്ങളിലും വലിയ ചോദ്യം ചെയ്യലിനും വിധേയമാകേണ്ട സ്ഥിതി വോട്ടർമാർക്ക് ഉണ്ടായത് പോളിങ് വൈകാൻ കാരണമായി.
വോട്ട് രേഖപ്പെടുത്തൽ പ്രക്രിയ ഒരു മിനിറ്റു കൊണ്ട് പൂർത്തിയാക്കേണ്ടതാണ്. ഇതു നാലു മിനിറ്റ് വരെ നീണ്ടു. തിരഞ്ഞെടുപ്പിന്റെ പ്രധാന അജൻഡ മോദിയുടെ ഗ്യാരന്റിയാണ്. എന്നാൽ ആ ഗ്യാരന്റിയെ അട്ടിമറിക്കാൻ പല വിവാദങ്ങളും ഉണ്ടാക്കി. ഇതിനെ അതിജീവിച്ചാണ് ദേശീയ ജനാധിപത്യ സഖ്യം തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും എം.ടി. രമേശ് പറഞ്ഞു.