ADVERTISEMENT

കണ്ണൂർ∙ ക്രൈസ്തവ യുവതികളുടെ പേരുപറഞ്ഞ് വര്‍ഗീയത പരത്താൻ ആരും ശ്രമിക്കേണ്ടെന്ന് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുതെന്നും ബിഷപ് തുറന്നടിച്ചു. സ്വയം പ്രഖ്യാപിത സംരക്ഷകരാകാന്‍ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ചെമ്പേരിയില്‍ കെസിവൈഎം യുവജന സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സ്റ്റോറി പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഉയന്ന വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. യുവതികളെ അഭിസംബോധന ചെയ്തായിരുന്നു മാർ പാംപ്ലാനിയുടെ പ്രസംഗം.

‘‘നമ്മുടെ യുവജനങ്ങൾ വിവേകമുള്ളവരും കരുത്തുള്ളവരുമാണ്. അവരുടെ രക്ഷകൻ കർത്താവായ ക്രിസ്തുവാണ്. ഇന്നു നമ്മുടെ പെൺകുട്ടികളുടെ രക്ഷകരായി പലരും രംഗപ്രവേശം ചെയ്യുന്നുണ്ട്. നിങ്ങൾ ആത്മാഭിമാനമുള്ള മക്കളാണ്. ഈ തലശ്ശേരിയിലെ ഒരൊറ്റ പെൺകുട്ടിയെപ്പോലും ആർക്കും ചതിയിലോ പ്രണയക്കുരുക്കിലോ പെടുത്താനാകാത്ത വിധം ചങ്കൂറ്റത്തോടെ പറയാൻ തക്കവിധത്തിൽ ഇവിടുത്തെ യുവജനങ്ങൾ പ്രബുദ്ധരാകേണ്ടതുണ്ട്. നമ്മുടെ പെൺകുട്ടികളുടെ പേരു പറഞ്ഞ് ഒരു വർഗീയ ശക്തികളും ഇവിടെ വർഗീയതയുടെ വിഷം വിതയ്ക്കാൻ പരിശ്രമിക്കേണ്ടതില്ല. നമ്മുടെ പെൺകുട്ടികളെ സംരക്ഷിക്കാൻ സമുദായത്തിന് അറിയാം.

‘‘നമ്മുടെ പെൺകുട്ടികളുടെ അഭിമാനത്തിനു വിലപറയാൻ ഇനി ഒരാളെപ്പോലും നമ്മൾ അനുവദിക്കുകയുമില്ല എന്നുള്ളത് തിരിച്ചറിയാം. നമ്മൾ പറഞ്ഞുപറഞ്ഞ് നമ്മുടെ പെൺകുട്ടികൾക്ക് സ്വന്തമായി വിവേചനവും വിവേകവും ഇല്ല, കന്നുകാലികൾ ചക്കമടൽ കണ്ടാൽ കൂട്ടിൽക്കയറുന്നതുപോലെ നമ്മുടെ പിള്ളേരെല്ലാം പ്രണയക്കുരുക്കിൽപ്പെട്ടുപോയി എന്ന് ആരൊക്കെയോ പറഞ്ഞുണ്ടാക്കിയ ഭീകരമായ കഥകൾ കേട്ട് നമ്മുടെ പെൺകുട്ടികളുടെ അഭിമാനത്തിന് വിലപറയുന്ന സാഹചര്യം ഈ നാട്ടിൽ സംജാതമായിട്ടുണ്ട്.

‘‘നമ്മുടെ അതിരൂപതയിൽ നിന്ന് ഒരു കുഞ്ഞുപോലും ഇപ്രകാരമുള്ള കെണികളിൽ വീഴാൻ പാടില്ല. ഇപ്രകാരമുള്ള കെണികളുടെ പേരിൽ ഇവിടെ വർഗീയതയുടെ വിഷം ചീറ്റാനും നമ്മുടെ സ്വയം പ്രഖ്യാപിത സംരക്ഷിതരാകാനും ഒരു സംഘടനയേയോ ഒരു പ്രസ്ഥാനത്തെയോ അനുവദിക്കുകയുമില്ല.’’ – മാർ പാംപ്ലാനി പറഞ്ഞു. പറഞ്ഞ വാക്കുകളുടെ അർഥം വരികൾക്കിടയിൽ മനസ്സിലാക്കാൻ കഴിവുള്ളവരാണ് യുവജനങ്ങൾ എന്ന് അറിയാവുന്നതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ലെന്നു പറഞ്ഞുകൊണ്ടാണ് പാംപ്ലാനി തന്റ പ്രസംഗം അവസാനിപ്പിച്ചത്.

English Summary:

Casting communal poison in the name of love trap will not be allowed : Mar Joseph Pamplani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com