ആർജെഡി വിരോധം; സിവാനിൽ ഇരു മുന്നണികൾക്കും ഭീഷണിയായി സ്വതന്ത്ര സ്ഥാനാർഥിയായി ഹേന
Mail This Article
പട്ന ∙ അസദുദ്ദീൻ ഉവൈസിയുടെയും പപ്പു യാദവിന്റെയും പിന്തുണയോടെ സിവാൻ മണ്ഡലത്തിൽ ഹേന ഷഹാബ് സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തെത്തിയത് ഇരു മുന്നണികൾക്കും വെല്ലുവിളിയായി. ബാഹുബലി നേതാവായിരുന്ന മുഹമ്മദ് ഷഹാബുദ്ദീന്റെ ഭാര്യ ഹേന ആർജെഡിയുടെ ടിക്കറ്റ് വാഗ്ദാനം നിരസിച്ചാണു സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിക്കുന്നത്. തിഹാർ ജയിലിൽ കോവിഡ് ബാധിച്ചു മരിച്ച ഷഹാബുദ്ദീന്റെ അവസാന നാളുകളിൽ ആർജെഡി പിന്തുണച്ചില്ലെന്നതാണ് ഹേനയുടെ വിരോധത്തിനു കാരണം.
ആർജെഡി നേതാവായിരുന്ന ഷഹാബുദ്ദീൻ നാലു തവണ വിജയിച്ച സിവാനിൽ കഴിഞ്ഞ മൂന്നു ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഹേന ആർജെഡി ടിക്കറ്റിൽ മൽസരിച്ചു തോറ്റിരുന്നു. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടു ജയിലിലായപ്പോഴാണ് ഷഹാബുദ്ദീൻ ഭാര്യയെ രാഷ്ട്രീയത്തിലിറക്കിയത്. ഷഹാബുദ്ദീന്റെ അധോലോക സംഘത്തെ ഇപ്പോൾ നിയന്ത്രിക്കുന്നത് ഹേനയാണ്.
ആർജെഡിയുടെ മുസ്‍ലിം – യാദവ വോട്ടു ബാങ്ക് സൃഷ്ടിക്കുന്നതിൽ ലാലു യാദവിന്റെ വലംകൈ ആയിരുന്നു ഷഹാബുദ്ദീൻ. ഹേനയുടെ പ്രതിഷേധം ആർജെഡിയുടെ മുസ്‍ലിം പിന്തുണയെ ബാധിക്കുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. സിവാനിൽ ഉവൈസിയുടെ എഐഎംഐഎം പിന്തുണ കൂടി ലഭിച്ചതോടെ മണ്ഡലത്തിൽ ആർജെഡിയുടെ വോട്ടു ബാങ്ക് ഭിന്നിക്കുന്ന സ്ഥിതിയായി. പുർണിയയിൽ ഇന്ത്യാസഖ്യ വിമത സ്ഥാനാർഥിയായി മൽസരിച്ച പപ്പു യാദവും സിവാനിൽ ഹേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സിവാനിൽ ആർജെഡി സ്ഥാനാർഥിയായി മുൻ നിയമസഭാ സ്പീക്കർ അവധ് ബിഹാറി ചൗധരിയും ജെഡിയു സ്ഥാനാർഥിയായി വിജയലക്ഷ്മി ഖുശ്വാഹയുമാണു മൽസരിക്കുന്നത്.