ബ്രിജ് ഭൂഷണിനെതിരെ കുറ്റംചുമത്തണം; മതിയായ തെളിവുകളുണ്ടെന്ന് കോടതി; വിചാരണ ആരംഭിക്കും
Mail This Article
ന്യൂഡൽഹി∙ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ കുറ്റം ചുമത്താൻ മതിയായ തെളിവുകളുണ്ടെന്നു ഡൽഹിയിലെ റൗസ് അവന്യു കോടതി. കേസിൽ വിചാരണ ആരംഭിക്കാമെന്നും കോടതി പറഞ്ഞു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്‌ഷൻ 354(സ്ത്രീകളുടെ അന്തസ്സിന് ക്ഷതമേൽപ്പിക്കൽ), 354 –എ (ലൈംഗിക അതിക്രമം), 506 എന്നീ വകുപ്പുകൾ പ്രകാരം ബ്രിജ് ഭൂഷണെതിരെ കുറ്റം ചുമത്താൻ കോടതി ഉത്തരവിട്ടു. ഇതേ വകുപ്പുകൾ ചുമത്തി കഴിഞ്ഞ വർഷം ജൂൺ 15ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിനുപുറമേ 354 ഡി വകുപ്പും പൊലീസ് കുറ്റപത്രത്തിൽ ചേർത്തിരുന്നു.
ഉത്തർപ്രദേശിലെ കൈസർഗഞ്ച് മണ്ഡലത്തിലെ സിറ്റിങ് എംപിയാണ് ബ്രിജ് ഭൂഷൺ. മണ്ഡലത്തിൽ ബ്രിജ് ഭൂഷണ് പകരം മകൻ കരൺ ഭൂഷൺ സിങ്ങിനെ മത്സരിപ്പിക്കാൻ ബിജെപി തീരുമാനമെടുത്തതിനു പിറ്റേന്നാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്. കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്നും നടപടികൾ അഭിമുഖീകരിക്കാൻ തയാറാണെന്നും ബ്രിജ് ഭൂഷൺ അറിയിച്ചു.
ഇന്ത്യൻ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണെതിരെ ഉയർത്തിയ ലൈംഗിക പീഡന ആരോപണങ്ങൾ രാജ്യത്തെയാകെ പിടിച്ചുലച്ചിരുന്നു. ഒളിംപിക് മെഡൽ ജേതാക്കളായ സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവരുടെ നേതൃത്വത്തിൽ ഗുസ്തി താരങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. എന്നാൽ തനിക്കെതിരായ ആരോപണങ്ങളെയെല്ലാം ബ്രിജ് ഭൂഷൺ നിഷേധിക്കുകയായിരുന്നു.