കേജ്രിവാളിന്റെ വരവിൽ വർധിത വീര്യത്തോടെ ഇന്ത്യ മുന്നണി; ജൂൺ രണ്ട് ഓർക്കണമെന്ന് ബിജെപിയുടെ തിരിച്ചടി
Mail This Article
ന്യൂഡൽഹി∙ അരവിന്ദ് കേജ്‍രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിൽ പ്രതികരണവുമായി ഭരണപക്ഷവും പ്രതിപക്ഷവും രംഗത്ത്. കേജ്‍രിവാളിനു ജാമ്യം ലഭിച്ചതിനെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം സ്വാഗതം ചെയ്തപ്പോൾ, ജൂൺ രണ്ടിന് കേജ്‍രിവാൾ ജയിലിലേക്കു തന്നെ മടങ്ങണമെന്ന് ഓർമിപ്പിച്ച് ബിജെപിയും രംഗത്തെത്തി. കേജ്‌രിവാളിനു ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ കേന്ദ്രസർക്കാരും ഇ.ഡിയും ശക്തമായി എതിർത്തെങ്കിലും, 21 ദിവസത്തെ ജാമ്യം അനുവദിക്കുന്നതുകൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അരവിന്ദ് കേജ്‍രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചത് യഥാർഥ അദ്ഭുതം തന്നെയാണെന്ന് എഎപി നേതാക്കൾ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. ‘‘40 ദിവസത്തിനുള്ളിൽ ഇടക്കാല ജാമ്യം ലഭിച്ചത് ഒരു അദ്ഭുതം തന്നെയാണ്. ഇന്ത്യയിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ഒരു മാറ്റം അനിവാര്യമാണെന്ന ദൈവത്തിന്റെ സന്ദേശമാണ് സുപ്രീം കോടതി വിധിയിലൂടെ തെളിയുന്നത്. ബജ്‌റങ്ബലിയുടെ അനുഗ്രഹം കേജ്‍രിവാളിനുണ്ട്. അദ്ദേഹം ഇന്നുതന്നെ ജയിലിനു പുറത്തിറങ്ങും. ഇത് ഒരു ചെറിയ കാര്യമല്ല. വലിയൊരു ദൗത്യവുമായാണ് അദ്ദേഹം ജയിലിൽനിന്ന് ഇറങ്ങുന്നത്’’ – എഎപി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘‘തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാത്രമാണ് കേജ്‍രിവാളിനു ജാമ്യം അനുവദിച്ചതെന്നത് സുപ്രീം കോടതിയുടെ വിധിയിൽത്തന്നെ സ്പഷ്ടമാണ്. ജൂൺ ഒന്നിനു ശേഷം അദ്ദേഹം ജയിലിലേക്കു തന്നെ മടങ്ങണം’’ – ബിജെപി നേതാവ് മഞ്ജീന്ദർ സിങ് സിർസ പ്രതികരിച്ചു.
കേജ്‍രിവാൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി പ്രതികരിച്ചു. ‘‘കേജ്‌രിവാളിന് ഇടക്കാല ജാമ്യം ലഭിച്ചതിൽ ഞാൻ അതീവ സന്തുഷ്ടയാണ്. ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം പുറത്തിറങ്ങുന്നത് വളരെയധികം സഹായകമായിരിക്കും’ – മമത ബാനർജി എക്സിൽ കുറിച്ചു.
‘മാറ്റത്തിന്റെ വലിയ അടയാള’മാണ് കേജ്‍രിവാളിനു ലഭിച്ച ഇടക്കാല ജാമ്യമെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് ആദിത്യ താക്കറെ പ്രതികരിച്ചു. ‘‘കേജ്‍രിവാൾ സത്യം പറയുന്നതിനെയാണ് ബിജെപി എതിർക്കുന്നത്. അദ്ദേഹത്തിനും ഇന്ത്യ സഖ്യത്തിനും ഈ ഇടക്കാല ജാമ്യം വലിയ കരുത്തു പകരും. ഞങ്ങൾ ഈ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കും’’ – താക്കറെ പറഞ്ഞു.
കേജ്‍രിവാളിനു ജാമ്യം ലഭിച്ചതിൽ സന്തുഷ്ടി പ്രകടിപ്പിച്ച കോൺഗ്രസ് വക്താവ് പവൻ ഖേര, ജയിലിലുള്ള ജാർഖണ്ഡ് മുൻമുഖ്യമന്ത്രി ഹേമന്ത് സോറനും ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവച്ചു.