ജാമ്യം ഇടക്കാലമെങ്കിലും ഇടിവെട്ടായി വരും; കേജ്‌രിവാൾ ഇറങ്ങുമ്പോൾ തിരഞ്ഞെടുപ്പു കളം തിളച്ചു മറിയും
Mail This Article
ന്യൂഡൽഹി∙ തിഹാർ ജയിലിന് അകത്തേക്കു കയറിയ മുഖ്യമന്ത്രിയായല്ല, മറിച്ച് ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ അമരക്കാരനായാണു 50 ദിവസത്തെ ജയിൽ വാസത്തിനുശേഷം അരവിന്ദ് കേജ്‌രിവാൾ പുറത്തിറങ്ങുന്നത്. മുഖ്യമന്ത്രിയുടെ ചുമതലകൾ നിർവഹിക്കരുതെന്ന വ്യവസ്ഥയിലാണു സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നതെങ്കിലും തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാമെന്നു വ്യക്തമാക്കിയിട്ടുണ്ട്.
ഡൽഹി മദ്യനയ അഴിമതിയിൽ കേസ് റജിസ്റ്റർ ചെയ്ത് ഒന്നര വർഷത്തിനുശേഷമാണ് ഇ.ഡി കേജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. ഈ കാലതാമസം എന്തിനായിരുന്നെന്നും കോടതി ചോദിച്ചിട്ടുണ്ട്. വോട്ടെണ്ണൽ പൂർത്തിയാകുന്നതുവരെ ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടെങ്കിലും ജൂൺ 2നു തന്നെ ജയിലിലേക്കു മടങ്ങണമെന്നാണു കേജ്‌രിവാളിനോടു കോടതി നിർദേശിച്ചത്.
കേജ്‌രിവാളിന്റെ ജാമ്യ വിവരം അറിഞ്ഞയുടൻ ഡൽഹിയിലെ ആം ആദ്മി പാർട്ടി ആസ്ഥാനത്തേക്കു പ്രവർത്തകർ ഒഴുകിയെത്തി. ജയിലിനു മറുപടി വോട്ടിലൂടെ എന്ന മുദ്രാവാക്യം മുഴക്കിയെത്തിയ പ്രവർത്തകർ കേജ്‌രിവാളിനു ജയ് വിളിച്ചു.
അരവിന്ദ് കേജ്‌രിവാൾ ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങുന്നതോടെ ഡൽഹി, പഞ്ചാബ് ലോക്സഭ തിരഞ്ഞെടുപ്പു പ്രചാരണം വരും ദിവസങ്ങളിൽ തിളച്ചുമറിയും. മേയ് 25നാണ് ഡൽഹിയിലെ വോട്ടെടുപ്പ്. ജൂൺ ഒന്നിനാണ് പഞ്ചാബിൽ തിരഞ്ഞെടുപ്പ്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ നാളെയും മറ്റന്നാളും ഡൽഹിയിൽ പ്രചാരണത്തിനിറങ്ങുണ്ട്. കേജ്‌രിവാളിന്റെ ജാമ്യ വിവരം അറിഞ്ഞയുടൻ ഭഗവന്ത് മാൻ ഡൽഹിയിലേക്കു തിരിച്ചിട്ടുണ്ട്.
ജാമ്യം ലഭിച്ചു നടപടികൾ പൂർത്തിയായാൽ അരവിന്ദ് കേജ്‌രിവാൾ പ്രചാരണത്തിന്റെ മുൻനിരയിലേക്കെത്തും. കേജ്‌രിവാൾ ജയിലിൽ കിടന്ന നാളുകളിൽ ഡൽഹി, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഭാര്യ സുനിത കേജ്‌രിവാൾ തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയിരുന്നു. ഡൽഹിയിലെ 7 സീറ്റുകളിലും വിജയിക്കുമെന്ന ആത്മവിശ്വാസത്തിൽ പ്രചാരണം നടത്തുന്ന ബിജെപിക്ക് കേജ്‌രിവാളിന്റെ ഇടക്കാലത്തേക്കുള്ള ഇറങ്ങിവരവ് വലിയ വെല്ലുവിളി ഉയർത്തും.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാൻ കേജ്‌രിവാളിനു മാത്രമാണു വിലക്കുള്ളത്. കേജ്‌രിവാളിനെ മുൻനിർത്തി ആം ആദ്മി പാർട്ടിയും ഇന്ത്യാ മുന്നണിയും ബിജെപിക്കെതിരെ കേജ്‌രിവാളിന്റെ അറസ്റ്റും ജയിൽ വാസവും മൂർച്ചയേറിയ പ്രചാരണായുധമാക്കുമെന്നുറപ്പാണ്. വരും ദിവസങ്ങളിൽ ഡൽഹിയിൽ കേജ്‌രിവാളിനെ മുൻനിർത്തി ഇന്ത്യാസഖ്യത്തിന്റെ കൂറ്റൻ റാലികളും ഉണ്ടായേക്കാം.
കേജ്‌രിവാളിനു ജാമ്യം നൽകിയ സുപ്രീംകോടതി നടപടി സ്വാഗതം ചെയ്ത കോൺഗ്രസ്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഉടൻ ജാമ്യം ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും വ്യക്തമാക്കി. ജൂൺ നാലിനുശേഷം സബർമതി ആശ്രമത്തിൽ മുൻ പ്രധാനമന്ത്രിയായി ഇരുന്ന് നരേന്ദ്ര മോദിക്ക് തന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടി വരുമെന്നും പവൻ ഖേര പറഞ്ഞു.
തന്റെ അറസ്റ്റ് നടപടി തന്നെ തെറ്റാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയിൽ കേജ്‌രിവാളിന്റെ ഹർജി. എന്നാൽ, തിരഞ്ഞെടുപ്പു പ്രചാരണം നടക്കുന്നതിനിടെ പാർട്ടി നേതാവെന്ന പരിഗണനയിലാണു കോടതി ജാമ്യം നൽകിയത്.
കേസിൽ കഴിഞ്ഞ മാർച്ചിൽ 21നാണ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ഇന്ന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കുമെന്ന സൂചന നേരത്തെ തന്നെ കോടതി നൽകിയിരുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിനുവേണ്ടി ജാമ്യം അനുവദിക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്ന ഇ.ഡിയുടെ വാദം ഇതു തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.
ഡൽഹി മുഖ്യമന്ത്രിയെ സ്ഥിരം കുറ്റവാളിയെന്ന നിലയിൽ പരിഗണിക്കാനാകില്ലെന്നാണു വാദം കേൾക്കുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടിയത്. മറ്റു കേസുകളിൽനിന്നു വ്യത്യസ്തമായ അസാധാരണ കേസാണ് ഇതെന്നും വാദത്തിനിടെ ബെഞ്ച് നിരീക്ഷിച്ചു.
മുഖ്യമന്ത്രിയുടെ ചുമതല നിർവഹിക്കരുതെന്ന ജാമ്യ ഉപാധി വയ്ക്കുമെന്നു വാദത്തിനിടെ സുപ്രീം കോടതി സൂചിപ്പിച്ചതിനെ കേജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി അതിശക്തമായി എതിർത്തിരുന്നു. ഇടക്കാല ജാമ്യം നൽകണോ വേണ്ടയോ എന്ന കാര്യം നോക്കട്ടെയെന്നായിരുന്നു അതിനോടു ബെഞ്ചിന്റെ പ്രതികരണം. ഇടക്കാല ജാമ്യം അനുവദിക്കുകയും നിങ്ങൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ ചുമതല നിർവഹിക്കുകയും ചെയ്താൽ കേസിൽ അതു വിപരീത ഫലമുണ്ടാക്കും. സർക്കാരിന്റെ കാര്യങ്ങളിൽ ഇടപെടാൻ തങ്ങളാഗ്രഹിക്കുന്നുമില്ലെന്നും കോടതി വ്യക്തമാക്കി.