വേങ്ങൂരിൽ വൻ മഞ്ഞപ്പിത്ത ബാധ; വീട്ടമ്മ മരിച്ചു, 171 പേർ ചികിത്സയിൽ: 24 ദിവസമായി ഒരു നാട് ദുരിതത്തിൽ
Mail This Article
കൊച്ചി ∙ പെരുമ്പാവൂർ വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ചതോടെ ഒരു നാടുമുഴുവൻ ദുരിതത്തിൽ. മഞ്ഞപ്പിത്തം ബാധിച്ച് ഒരു വീട്ടമ്മ മരിച്ചു. 171 പേർക്കാണ് ശനിയാഴ്ച വൈകിട്ടു വരെ ഹെപ്പറൈറ്റിസ് എ സ്ഥിരീകരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിൽ കഴിയുന്ന പെണ്‍കുട്ടി അടക്കം മൂന്നു പേരുടെ നില ഗുരുതരമായി തുടരുന്നു. ഈ പെൺകുട്ടിയുടെ ചികിത്സക്കായി അടിയന്തരമായി 5 ലക്ഷം രൂപ ആവശ്യമായതിനാൽ ചികിത്സാ സഹായ നിധി രൂപീകരിക്കാൻ ഞായറാഴ്ച അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് പഞ്ചായത്ത്. ചികിത്സാ സഹായം ഉറപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു. വാട്ടർ അതോറിറ്റിയാണ് സംഭവത്തിലെ വില്ലൻ എന്ന് പഞ്ചായത്ത് പ്രസിഡന്റ് അടക്കം ആരോപിക്കുന്നു. സംഭവത്തിൽ ജില്ലാ കലക്ടർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരും പാവപ്പെട്ടവരുമായ ആയിരിക്കണക്കിനുപേർ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ഏക ജലസ്രോതസ്സിൽനിന്നുള്ള വെള്ളം ശുചിയാക്കാതെ വാട്ടർ അതോറിറ്റി പമ്പ് ചെയ്തതാണു രോഗബാധയ്ക്ക് കാരണം എന്നാണ് ആരോപണം. ഏപ്രിൽ 17ന് വേങ്ങൂർ പഞ്ചായത്തിലെ വാർഡ് 12 കൈപ്പിള്ളിയിലെ ഒരു വീട്ടിലാണ് ഒരാൾക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്.
‘‘ഹെപ്പറ്റൈറ്റിസ് എ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പിൽനിന്ന് അറിയിച്ചിരുന്നു. എന്നാൽ അതിന്റെ കാരണം വ്യക്തമായിരുന്നില്ല. 19ന് വാർഡ് 10ലും വാർഡ് 12 കൈപ്പിള്ളിയിലും രണ്ടു പേർക്ക് വീതം കൂടി രോഗബാധ സ്ഥിരീകരിച്ചപ്പോഴാണ് ഇതു വെള്ളത്തിൽ കൂടിയാകാം എന്ന സംശയം പഞ്ചായത്തിന് ഉണ്ടായത്. ആരോഗ്യവകുപ്പ് നേരത്തെ തന്നെ ടാങ്കിലെയും കിണറിലെയും ആദ്യ രോഗബാധ സ്ഥിരീകരിച്ച വീട്ടിലെ പൈപ്പിലെയും വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചിരുന്നു. ഇതിന്റെ റിസൾട്ട് വന്നപ്പോൾ ‘മലിനജലം’ എന്നായിരുന്ന കാണിച്ചിരുന്നത്. വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ടപ്പോൾ അവർക്ക് ഇതിനെക്കുറിച്ച് കാര്യമായ ധാരണയുണ്ടായിരുന്നില്ല.’’ – പഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ് മനോരമ ഓൺലൈനോട് പറഞ്ഞു.
വേങ്ങൂരിലെ കൈപ്പിള്ളി (12–ാം വാർഡ്), ചൂരത്തോട് (11–ാം വാർഡ്), വക്കുവള്ളി (10–ാം വാർഡ്), വേങ്ങൂർ (9–ാം വാർഡ്), ഇടത്തുരുത്ത് (8–ാം വാർഡ്) എന്നിവിടങ്ങളിലാണ് മഞ്ഞപ്പിത്തം പല കുടുംബങ്ങളുടെയും അടിക്കല്ലിളക്കുന്നത്. പല വീടുകളിലും മുഴുവൻ അംഗങ്ങളും രോഗബാധിതരാണ്. ആശുപത്രിയിൽ കഴിയുന്ന പലർക്കും ലക്ഷക്കണക്കിനു രൂപയാണ് ചികിത്സാ ചെലവിനായി കണ്ടെത്തേണ്ടി വരുന്നത്. ദിവസക്കൂലിക്ക് പണിയെടുത്ത് ജീവിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. ഇവരുടെ ഏക ജലസ്രോതസ്സിൽ തന്നെ ഉണ്ടായ പ്രശ്നം ഓരോ കുടുംബങ്ങളിലും വലിയ അപകടമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇവർക്ക് ചികിത്സാ സഹായം നൽകുന്നത് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി തീരുമാനിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. രോഗബാധ നിയന്ത്രണവിധേയമാക്കാൻ മെഡിക്കൽ സംഘത്തെയും നിയോഗിച്ചു. രോഗബാധയുള്ള മേഖലകളിൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും നടന്നുവരുന്നതായി അധികൃതർ അറിയിച്ചു.
മിനി കുടിവെള്ള പദ്ധതി വഴി വക്കുവള്ളിയിലെ ജലസംഭരണിയില്‍നിന്നാണ് ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ള ആറ് വാര്‍ഡുകളിലേക്കുമുള്ള കുടിവെള്ള വിതരണം നടത്തുന്നത്. സംഭരണിയോടു ചേര്‍ന്നുള്ള പുലച്ചിറയിലെ വെള്ളമാണ് കിണറ്റില്‍നിന്നു പമ്പ് ചെയ്യുന്നത്. വെള്ളത്തിന്റെ ദൗർലഭ്യമുള്ളതിനാൽ കനാലിൽനിന്നുള്ള വെള്ളവും ഇവിടേക്ക് തിരിച്ചു വിടുന്നുണ്ട്. ഇത് ക്ലോറിനേഷൻ നടത്തിയാണു പിന്നീട് പമ്പ് ചെയ്യുന്നത്. കാലങ്ങളായി ഇത്തരത്തിലാണ് നടക്കുന്നതെങ്കിലും ഇതുവരെ ഇത്തരം രോഗബാധകളൊന്നും ഉണ്ടായിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. രോഗബാധ ഉണ്ടായശേഷം വെള്ളം പരിശോധിച്ചപ്പോള്‍ ക്ലോറിന്‍റെ അംശം പോലും കണ്ടെത്താനായില്ല. എന്നാൽ താല്‍ക്കാലിക ജീവനക്കാരുടെ പരിചയക്കുറവാണ് ക്ലോറിനേഷനില്‍ വന്ന വീഴ്ചയ്ക്ക് കാരണമെന്നാണ് ജലഅതോറിറ്റി പറയുന്നത്. പമ്പിങ്ങിലെ പ്രശ്നങ്ങള്‍ മണിക്കൂറുകൾക്കുള്ളിൽ പരിഹരിച്ചെന്നും വെള്ളത്തിലൂടെ അല്ലാതെയും രോഗം വ്യാപിക്കുന്ന സാഹചര്യമുണ്ട് എന്നും വ്യക്തമാക്കി ജല അതോറിറ്റി കൈ കഴുകുന്നു. ജലവിതരണ മേല്‍നോട്ടത്തിന് വാട്ടർ അതോറിറ്റിയിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതും പ്രശ്നമാണ്.
ക്ലോറിനേഷൻ നടക്കാത്തതു തന്നെയാണ് രോഗബാധയ്ക്ക് കാരണമെന്ന് വക്കുവള്ളി വാർഡ് മെമ്പർ ബൈജു പോൾ പറഞ്ഞു. ‘‘മൊബൈൽ ആപ്പ് വഴി മോട്ടർ ഓൺ ചെയ്യും. ക്ലോറിനേഷൻ വേണ്ട രീതിയിൽ നടക്കാത്തതു തന്നെയാണ് പ്രശ്നം. കുടിവെള്ളത്തിന് ഈ പ്രദേശത്തിന് വേറെ മാർഗങ്ങളില്ല. അന്ന് ഈ വെള്ളം ഉപയോഗിച്ചവർക്കാണ് അസുഖം വന്നിട്ടുള്ളത്. എന്റെ വാർഡിൽ മാത്രം 35 പേർക്ക് രോഗബാധയുണ്ട്. കുറച്ചു പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ബാക്കിയുള്ളവർ വീടുകളിൽ തന്നെയാണ്. ചികിത്സാ ചെലവിന്റെ കാര്യത്തിലാണ് പ്രശ്നം. പലരും കൂലിപ്പണിയെടുത്ത് ജീവിക്കുന്നവരാണ്. ജോലിക്കും പോകാൻ പറ്റുന്നില്ല. ഭീമമായ ചികിത്സാ ചെലവും താങ്ങാനാവുന്നില്ല. ഇപ്പോള്‍ നാട്ടുകാരൊക്കെ കൂടി പണം ശേഖരിച്ച് ചികിത്സാ ചെലവ് കണ്ടെത്താനാണ് ശ്രമം.’’ – ബൈജു പോൾ പറഞ്ഞു.
പ്രതിസന്ധി പരിഹരിക്കാന്‍ സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശില്‍പ സുധീഷ് പറയുന്നു. ഇന്ന് കൈപ്പിള്ളി വാർഡിലെ എല്ലാ വീടുകളിലും പഞ്ചായത്ത് അംഗങ്ങൾ സന്ദർശനം നടത്തിയിരുന്നു. ‘‘ആരോഗ്യമന്ത്രിയുമായും എറണാകുളം ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവുമായും ജില്ലാ കലക്ടറുമായും ബന്ധപ്പെട്ടിരുന്നു. ജില്ലാ കലക്ടർ അടിയന്തര യോഗം വിളിച്ച് ടാങ്കും കിണറും സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യാനും ചിറ വൃത്തിയാക്കാനും നിർദേശം നൽകി. ഇതു ചെയ്ത ശേഷം വെള്ളം പരിശോധിച്ചപ്പോൾ ‘തൃപ്തികരം’ എന്നാണ് ഫലം ലഭിച്ചത്’’ – പ്രസിഡന്റ് പറയുന്നു.
പലർക്കും ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ പഞ്ചായത്ത് മുൻകൈയെടുത്ത് ഭക്ഷ്യകിറ്റ് വിതരണം നടത്തുന്നുണ്ടെന്നും ശില്‍പ സുധീഷ് പറയുന്നു. ‘‘വയറുവേദന, ഛർദി, പനി, ക്ഷീണം എന്നിവ മൂലം അവരൊക്കെ വീടുകളിൽ തന്നെ കഴിയുകയാണ്. പഞ്ചായത്ത് മുന്‍കൈയെടുത്ത് ഈ വീടുകളിൽ ഭക്ഷണ കിറ്റ് വിതരണം നടത്തുന്നുണ്ട്. പഞ്ചായത്തിന്റെ അഭ്യർഥന പ്രകാരം ക്രാരിയേലി സര്‍വീസ് സഹകരണ ബാങ്ക് എല്ലാ വീടുകളിലും ഡോക്ടറുടെ സേവനവും എൽഎഫ്റ്റി ടെസ്റ്റും മരുന്നും സൗജന്യമായി നൽകുന്നു. മാർത്തോമ്മാ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് സേവനവും ഡോക്ടറുടെ പ്രിസ്ക്രിപ്ഷനുമായി ചെന്നാൽ മരുന്നും സൗജന്യമായി നൽകുന്നു’’ – പ്രസിഡന്റ് പറഞ്ഞു.
അതേസമയം, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന പെണ്‍കുട്ടിയുടെ ചികിത്സാ ചെലവിനായി 5 ലക്ഷം രൂപ കണ്ടെത്താനുള്ള ഓട്ടത്തിലാണ് പഞ്ചായത്ത് അധികൃതർ. ഇതിന്റെ ഭാഗമായി ചികിത്സാ സഹായ നിധി രൂപീകരിക്കാൻ ഞായറാഴ്ച അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് പഞ്ചായത്ത്.
‘‘5 ലക്ഷം രൂപ അടിയന്തരമായി കണ്ടെത്താൻ വേണ്ടിയാണിത്. പണമില്ലാത്തതിന്റെ പേരിൽ ചികിത്സ ലഭിക്കാതിരിക്കാൻ പാടില്ല. സഹായം ആവശ്യമുള്ള എല്ലാ കുടുംബങ്ങളുടെയും പട്ടിക അടിയന്തരമായി നൽകാൻ മന്ത്രി പി.രാജീവ് കലക്ടർക്ക് നിർദേശം നൽകിയിരുന്നു. പഞ്ചായത്തിന്റെ ഫണ്ടിൽനിന്ന് എടുത്ത് ഉപയോഗിക്കാനുള്ള സൗകര്യം നൽകണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ചയോടെ ഇക്കാര്യത്തിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷ’’ – പ്രസിഡന്റ് പറഞ്ഞു.
അതിനിടെ, ഈ വിഷയം വലിയ തോതിലുള്ള രാഷ്ട്രീയ ആരോപണങ്ങളായും മാറിയിട്ടുണ്ട്. ആരെങ്കിലും മനഃപൂർവം മാലിന്യം കലക്കിയതാണോ ഈ ദുരന്തത്തിലേക്ക് നയിച്ചതെന്ന സംശയവും പഞ്ചായത്ത് പ്രസിഡന്റ് പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പിന് മുന്നേയാണ് ഇത് ഉണ്ടായിട്ടുള്ളത് എന്നതിനാൽ തങ്ങൾക്കുള്ള സംശയം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്പിക്കും സിഐക്കും പരാതി നൽകിയിട്ടുണ്ടെന്നും കലക്ടറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് പറയുന്നു.