വരുണിന് സീറ്റ് നിഷേധിച്ചപ്പോൾ സങ്കടം തോന്നി; കേന്ദ്രസർക്കാരിനെ വിമർശിച്ചതാകാം കാരണം: മേനക ഗാന്ധി
Mail This Article
സുൽത്താൻപുർ∙ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചതാകാം വരുൺ ഗാന്ധിക്ക് ലോക്സഭാ സീറ്റ് നിഷേധിക്കാൻ കാരണമെന്ന് ബിജെപി നേതാവ് മേനക ഗാന്ധി. മറ്റൊരു കാരണവും കണ്ടെത്താനാകുന്നില്ലെന്നായിരുന്നു ഇതേക്കുറിച്ചു ചോദ്യം ഉയർന്നപ്പോൾ അവരുടെ മറുപടി. പിലിബിത്തിലെ സിറ്റിങ് എംപിയായ വരുണിന് ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. വാർത്താ ഏജൻസിയായ പിടിഐക്കു നൽകിയ അഭിമുഖത്തിലാണ് ഇതുസംബന്ധിച്ച മേനകയുടെ പ്രതികരണം.
‘‘വരുണിന് സീറ്റ് നിഷേധിച്ചപ്പോൾ അമ്മ എന്ന നിലയിൽ വളരെ സങ്കടം തോന്നി. ഇത്തവണയും പിലിബിത്തിൽ നിർത്തണമെന്ന് മണ്ഡലത്തിൽനിന്നുതന്നെ ആവശ്യം ഉയർന്നു. എന്നാൽ പാർട്ടിയാണ് തീരുമാനം എടുത്തത്. പിലിബിത്തും ഇന്ത്യയുമാണ് വരുണിന്റെ കർമഭൂമി’’ – അവർ വ്യക്തമാക്കി.
നിലവിൽ ബിജെപിയുടെ സുൽത്താൻപുർ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് മേനക. സമാജ്‌വാദി പാർട്ടിയുടെ റാം ഭുവൽ നിഷാദ് ആണ് എതിർസ്ഥാനാർഥി. മേനകയ്ക്കായി പ്രചാരണത്തിന് ഇറങ്ങണമെന്ന് വരുൺ ഗാന്ധിക്ക് ആഗ്രഹമുണ്ടെങ്കിലും തീരുമാനം എടുത്തിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
മേയ് 25നാണ് സുൽത്താൻപുരിലെ തിരഞ്ഞെടുപ്പ്. ഏപ്രിൽ 19നായിരുന്നു പിലിബിത്തിലെ വോട്ടെടുപ്പ്. ബിജെപിക്കായി ജിതിൻ പ്രസാദയാണ് മത്സരിച്ചത്. 1996 മുതൽ പിലിബിത്ത് മേനകയുടെയോ വരുണിന്റെയോ കൈവശമായിരുന്നു.