ADVERTISEMENT

കോഴിക്കോട് ∙ വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിനെ തുടർന്ന് വിവാദത്തിലായ ആർഎംപി നേതാവ് കെ.എസ്.ഹരിഹരന്റെ വീടിനു നേരെ ആക്രമണം. മലപ്പുറം തേഞ്ഞിപ്പലം ഒലിപ്രം കടവിനടുത്തെ വീട്ടിൽ ഇന്നലെ രാത്രി 8.15ന് ആയിരുന്നു ആക്രമണം. ബൈക്കിലെത്തിയ രണ്ടുപേർ സ്ഫോടകവസ്തു എറിയുകയായിരുന്നു. ഗേറ്റിന് മുകളിലേക്കാണ് സ്ഫോടകവസ്തു വീണത്.

സംഭവസമയത്ത് ഹരിഹരനും കുടുംബവും ഭാര്യാസഹോദരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. ആസാദും വീട്ടിലുണ്ടായിരുന്നു. ഉച്ചയ്ക്ക് വടകര റജിസ്ട്രേഷനിലുള്ള കാറിലെത്തിയ സംഘം ഭീഷണി മുഴക്കിയിരുന്നതായും സിപിഎം ആണ് ആക്രമണത്തിന് പിന്നിലെന്നും ഹരിഹരൻ പറഞ്ഞു.

കെ.എസ്.ഹരിഹരന്റെ വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് പരിശോധന നടത്തുന്നു.
കെ.എസ്.ഹരിഹരന്റെ വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് പരിശോധന നടത്തുന്നു.

വടകരയിൽ ശനിയാഴ്ച നടന്ന യുഡിഎഫ്, ആർഎംപി ജനകീയ പ്രതിഷേധവേദിയിലാണ് ഹരിഹരൻ വിവാദ പരാമർശം നടത്തിയത്. പരാമർശം ചർച്ചയായതോടെ പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു. കെ.എസ്.ഹരിഹരനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.  

ഹരിഹരന്റെ പരാമർശം ദൗർഭാഗ്യകരമാണെന്നും ആ മനോനില തിരുത്തണമെന്നും വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ പറഞ്ഞു. ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണുണ്ടായതെന്നും തെറ്റു മനസ്സിലാക്കി മാപ്പു പറഞ്ഞ സ്ഥിതിക്ക് ഇനി വിവാദത്തിനു പ്രസക്തിയില്ലെന്നും കെ.കെ.രമ എംഎൽഎ പറഞ്ഞു.

ഹരിഹരന്റെ വീടിനു നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്നും മാപ്പുപറയൽ കൊണ്ട് പ്രശ്നം അവസാനിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞത് ഇതിന്റെ സൂചനയാണെന്നും രമ പറഞ്ഞു.

English Summary:

Attack against KS Hariharan's house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com