തമിഴ്നാട് പൊലീസിനെ ചൊടിപ്പിച്ച ആ ‘വിട്ടുവീഴ്ച’ പരാമർശം; ആരാണ് സവുക്ക് ശങ്കർ?
Mail This Article
സവുക്ക് ശങ്കർ– കഴിഞ്ഞ കുറച്ച് നാളുകളായി തമിഴ്നാട് പൊലീസിനെ ചുറ്റിച്ചുകൊണ്ടിരിക്കുന്ന പേരാണിത്. തമിഴ്നാട്ടിലെ പ്രശസ്ത യുട്യൂബറും ഭരണകക്ഷിയായ ഡിഎംകെയുടെ നിശിത വിമർശകനുമായ ശങ്കർ ഇപ്പോൾ ജയിലിലാണ്. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസിലാണ് ശങ്കറിനെ അറസ്റ്റ് ചെയ്തത്.
മേയ് നാലിനാണ് തേനിയിൽനിന്ന് ശങ്കറിനെ കോയമ്പത്തൂർ പൊലീസിന്റെ സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അഞ്ചോളം കേസുകളാണ് ശങ്കറിനെതിരെ റജിസ്റ്റർ ചെയ്തത്. വനിതാ കോൺസ്റ്റബിൾമാരും സബ് ഇൻസ്പെക്ടർമാരും സൗകര്യപ്രദമായ സ്ഥലംമാറ്റങ്ങൾക്കും പോസ്റ്റിങ്ങുകൾക്കും പ്രമോഷനുമായി ഉയർന്ന പുരുഷ ഉദ്യോഗസ്ഥരുമായി പല വിട്ടുവീഴ്ചകൾക്കും തയാറാകുന്നു എന്നു പറഞ്ഞതാണ് ഏറെ വിവാദമായത്. അഭിമുഖം പ്രസിദ്ധീകരിച്ച റെഡ് പിക്സ് ചാനലിന്റെ ഫെലിക്സ് ജെറാൾഡിനെയും അറസ്റ്റ് ചെയ്തിരുന്നു. കോയമ്പത്തൂർ സിറ്റി പൊലീസ് സബ് ഇൻസ്പെക്ടറുടെ പരാതിയിലായിരുന്നു അറസ്റ്റ്. ഇതിനു പിന്നാലെ ഒരു മാധ്യമപ്രവർത്തകയും രാഷ്ട്രീയ നേതാവും ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു.
ആരാണ് സവുക്ക് ശങ്കർ?
വിജിലൻസ് ആന്റി കറപ്ഷൻ വിഭാഗത്തിൽ ക്ലർക്കായിരുന്ന ശങ്കർ 2008 ലാണ് ജനശ്രദ്ധ നേടുന്നത്. തമിഴ്നാട്ടിലെ നിയമ നിർവഹണ ഏജൻസികളുടെ നിയമവിരുദ്ധമായ ഫോൺ ടാപ്പിങ് രീതികൾ തുറന്നുകാട്ടുന്ന ഓഡിയോ ക്ലിപ്പുകൾ പുറത്തുവിട്ടതോടെയായിരുന്നു ഇത്. ഡിഎംകെ മന്ത്രിയുടെ രാജിയിൽ കലാശിച്ച വിവാദത്തെ തുടർന്ന് ശങ്കറിനെ സർവീസിൽനിന്നു പുറത്താക്കി. സംഭവത്തിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ നേരിട്ട ശങ്കർ, അഴിക്കുള്ളിൽനിന്നു പുറത്തിറങ്ങിയത് അഴിമതിക്കെതിരെ പോരാടുന്ന ശബ്ദവുമായാണ്.
സർവീസിൽനിന്ന് പുറത്തായ ശങ്കർ ‘സവുക്ക്’ എന്ന പേരിൽ വെബ് പോർട്ടലും യുട്യൂബ് ചാനലും ആരംഭിച്ചു. തന്റെ അറസ്റ്റിനെതിരെ ഡിഎംകെ സർക്കാരിനെതിരെ ആഞ്ഞടിച്ച ശങ്കർ കസ്റ്റഡി മർദനത്തിന് ഇരയായതായും റിപ്പോർട്ടുണ്ട്. തമിഴ്നാട്ടിൽ വളരെയേറെ ജനപ്രീതി നേടിയ യുട്യൂബറായ ശങ്കർ അതിഥിയായി പങ്കെടുക്കുന്ന പരിപാടികൾക്കും കാഴ്ചക്കാർ ഏറെയാണ്.
കേസുകൾ തുടർക്കഥ
2022ൽ ജുഡീഷ്യറിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് ശങ്കറിന് ആറു മാസത്തെ ജയിൽ വാസം ലഭിച്ചിരുന്നു. നീതിന്യായ വ്യവസ്ഥ അഴിമതിയാൽ കളങ്കപ്പെട്ടു എന്ന തരത്തിൽ നടത്തിയ പ്രസ്താവനയാണ് കോടതിയെ ചൊടിപ്പിച്ചത്. സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്ന് പുറത്തിറങ്ങിയ ശങ്കർ ജയിലിലെ തന്റെ അനുഭവങ്ങൾ വിശദീകരിച്ച് ഒരു പുസ്തകവും പുറത്തിറക്കി. ജഡ്ജിമാർക്കും പൊലീസ് ഉദ്യേഗസ്ഥർക്കുമെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് 2014ൽ മദ്രാസ് ഹൈക്കോടതി ശങ്കറിന്റെ വെബ്സൈറ്റ് ബ്ലോക്ക് ചെയ്തിരുന്നു.
ഈ വർഷം ആദ്യം പ്രമുഖ സിനിമാനിർമാതാക്കളായ ലൈക്ക പ്രൊഡക്‌ഷൻസിന് എതിരെ ശങ്കർ നടത്തിയ പ്രസ്താവനകളും മദ്രാസ് ഹൈക്കോടതിയുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു. ലഹരിമരുന്നു വിൽപനയിലൂടെ സമ്പാദിച്ച പണമാണു സിനിമകൾ നിർമിക്കാൻ ലൈക്ക ഉപയോഗിക്കുന്നതെന്നായിരുന്നു ശങ്കറിന്റെ ആരോപണം. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് മറ്റുള്ളവരുടെ സൽപേരിനു കളങ്കം വരുത്താനുള്ള ലൈസൻസ് യുട്യൂബർമാർക്കില്ലെന്നായിരുന്നു കോടതിയുടെ പരാമർശം.