ADVERTISEMENT

തിരുവനന്തപുരം ∙ ഇടതുമുന്നണിയുടെ രാജ്യസഭാ സീറ്റിന് അവകാശവാദമുന്നയിച്ച് സിപിഐയും കേരള കോൺഗ്രസും (എം) രംഗത്തുവന്നതിനു പിന്നാലെ, സീറ്റ് ആവശ്യപ്പെട്ട് ആർ‌ജെഡിയും. എം.വി.ശ്രേയാംസ് കുമാറിനെ വീണ്ടും രാജ്യസഭയിലേക്ക് എത്തിക്കാനാണ് ആർജെഡി നീക്കം. അടുത്ത എൽഡിഎഫ് യോഗത്തിൽ സീറ്റ് ആവശ്യപ്പെടുമെന്നും ഒരു വിട്ടുവീഴ്ചയ്ക്കും പാർട്ടി തയാറല്ലെന്നും ആർജെഡി നേതാവ് വർഗീസ് ജോർജ് മനോരമ ഓൺലൈനോട് പറഞ്ഞു. ഇതോടെ, ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം നടക്കുന്ന എൽഡിഎഫ് യോഗത്തിൽ മൂന്നു പാർട്ടികളും സീറ്റിന് അവകാശവാദം ഉന്നയിക്കുമെന്ന് ഉറപ്പായി.

സിപിഎം നേതാവ് എളമരം കരീം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എന്നിവരുടെ കാലാവധി അവസാനിക്കുമ്പോൾ ജൂലൈയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ രണ്ടു പേരെയാണ് എൽഡിഎഫിനു ജയിപ്പിക്കാനാവുക. ഇതിൽ ഒരു സീറ്റ് സിപിഎമ്മിന് അവകാശപ്പെട്ടതാണ്. ബാക്കിയുള്ള ഒരു സീറ്റിനായി സിപിഐയും കേരള കോൺഗ്രസും (എം) തമ്മിൽ തർക്കം മുറുകുമ്പോഴാണ് ആർജെഡിയുടെ രംഗപ്രവേശം.

രാജ്യസഭാ സീറ്റ് ഉപാധി

ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർജെഡി മുന്നണി നേതൃത്വത്തോട് സീറ്റ് ആവശ്യപ്പെട്ടിരുന്നു. സ്ഥിരമായി ലോക്സഭയിലേക്കു മത്സരിക്കുന്ന കക്ഷിയെന്ന നിലയിൽ സീറ്റ് നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ സീറ്റ് ലഭിച്ചില്ല. ഇതിനു പിന്നാലെ എകെജി സെന്ററിൽ സിപിഎമ്മും ആർജെഡിയും തമ്മിൽ ഉഭയകക്ഷി ചർച്ച നടന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വിളിച്ച ചർച്ചയിൽ എം.വി. ശ്രേയാംസ് കുമാറും വർഗീസ് ജോർജുമാണ് പങ്കെടുത്തത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനു പകരമായി രാജ്യസഭയിലേക്ക് സീറ്റ് വേണമെന്ന് ആർജെഡി ആവശ്യപ്പെട്ടു. രാജ്യസഭയിലേക്ക് ഒഴിവു വരുമ്പോൾ പരിഗണിക്കാം എന്നായിരുന്നു ഗോവിന്ദന്റെ മറുപടി. രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് കത്തു നൽകിയ ശേഷമാണ് ശ്രേയാംസും വർഗീസ് ജോർജും എകെജി സെന്ററിൽനിന്നു മടങ്ങിയത്.

ആർജെഡി മുന്നോട്ടുവയ്ക്കുന്ന വാദങ്ങൾ

∙ രാജ്യസഭയിലേക്ക് 2 സീറ്റിലേക്ക് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകുമ്പോൾ ഒരു സീറ്റ് സിപിഎം എടുത്ത് രണ്ടാമത്തെ സീറ്റ് ഘടകകക്ഷിക്കു നൽകുന്നതാണ് പതിവ്. സിപിഐക്ക് നിലവിൽ ഒരു രാജ്യസഭാ എംപിയുണ്ട്. സിപിഐ എംപി സന്തോഷ് കുമാറിന് 2028 വരെയാണു കാലാവധി.

∙ യുഡിഎഫിൽ നിന്നുവന്ന ജോസ് കെ.മാണിക്ക് 6 വർഷം എംപിയായി തുടരാനുള്ള അവസരം ലഭിച്ചു. എന്നാൽ ശ്രേയാംസ് കുമാറിന് ഒന്നര വർഷം മാത്രമാണ് അവസരം ലഭിച്ചത്. ജോസ് കെ.മാണിക്ക് 6 വർഷം അവസരം കിട്ടിയതു കൂടാതെ കേരളാ കോൺഗ്രസിന് (എം) കോട്ടയം ലോക്സഭാ സീറ്റും നൽകി. 

∙ പഞ്ചായത്ത്–കോർപറേഷൻ തലങ്ങളിൽ മെംബർമാരുടെ എണ്ണത്തിൽ എൽഡിഎഫിലെ നാലാമത്തെ കക്ഷിയാണ് ആർജെഡി. എന്നാൽ അതനുസരിച്ചുള്ള പ്രാധാന്യം പാർട്ടിക്ക് മന്ത്രിസഭയിലോ രാജ്യസഭയിലോ ലോക്സഭയിലോ ഇല്ല. 

English Summary:

RJD Claims Stake For Rajyasabha Seat Alongside CPI and Kerala Congress in LDF Showdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com