ആശ്വാസം: നിരീക്ഷണത്തിൽ കഴിയുന്ന 4 കുട്ടികൾക്കും അമീബിക് മസ്തിഷ്ക ജ്വരമില്ല
Mail This Article
കോഴിക്കോട്∙ അമീബിക് മസ്തിഷ്ക ജ്വരം (അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്) ബാധിച്ച അഞ്ചുവയസ്സുകാരിക്കൊപ്പം മൂന്നിയൂർ കളിയാട്ടമുക്കിലെ കടലുണ്ടിപ്പുഴയിൽ കുളിച്ച മറ്റു 4 കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവ്. നിലവിൽ രോഗം സ്ഥിരീകരിച്ച കുട്ടിയുടെ 12 വയസ്സുള്ള സഹോദരിയുടെയും പിതൃസഹോദരന്റെ മൂന്നര വയസ്സുള്ള മകന്റെയും ഏഴു വയസ്സുള്ള മകളുടെയും മറ്റൊരു കുട്ടിയുടെയും പരിശോധനാഫലമാണ് നെഗറ്റീവായത്.
അഞ്ചുവയസ്സുകാരി അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ വെന്റിലേറ്ററിൽ തുടരുകയാണ്. മുന്നിയൂരിലെ പുഴയിൽ കുടുംബത്തോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു കുട്ടി. രോഗലക്ഷണങ്ങളെ തുടർന്ന് മേയ് പത്തിനാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്താണ് അമീബിക് മസ്തിഷ്ക ജ്വരം?
വളരെ വിരളമായി പതിനായിരത്തിൽ ഒരാൾക്കു ബാധിക്കുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്. അതിനാൽ തന്നെ ആശങ്ക വേണ്ട. നെഗ്‌ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണപ്പെടുന്നത്. നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നതു വഴി അമീബ വിഭാഗത്തിൽപെട്ട രോഗാണുക്കൾ ശരീരത്തിനകത്തേക്കു കടക്കുന്നു.