‘ആറാം വിരൽ നീക്കാൻ എത്തിയപ്പോഴാണ് നാക്കിൽ കെട്ട് കണ്ടത്; സസ്പെൻഷൻ ആത്മവീര്യം തകർക്കും’
Mail This Article
കോഴിക്കോട് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവിൽ ശസ്തക്രിയ നടത്തിയ സംഭവത്തെ ന്യായീകരിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേർസ് അസോസിയേഷൻ (കെജിഎംസിടിഎ). കുട്ടിക്കു നാക്കിലും പ്രശ്നം ഉണ്ടായതുകൊണ്ടാണു ഡോക്ടർ ശസ്ത്രക്രിയ നടത്തിയത്. ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുത്താണ് ഇതിനു പ്രഥമ പരിഗണന നൽകിയതെന്നും കെജിഎംസിടിഎ കോഴിക്കോട് യൂണിറ്റ് അഭിപ്രായപ്പെട്ടു.
കുട്ടി ചികിത്സയ്ക്ക് എത്തിയത് കയ്യിലെ ശസ്ത്രക്രിയയ്ക്കു വേണ്ടിയാണ്. അത് ചെയ്തിരുന്നില്ലെന്നു കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. സംഭവത്തിൽ മെഡിക്കൽ ഓഫിസറോട് ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ട് ആവശ്യപ്പെട്ടു. അന്വേഷണവിധേയമായി പ്രഫസറെ സസ്‌പെൻഡ് ചെയ്തു. ഈ നടപടി അധ്യാപകരുടെ ആത്മവീര്യം തകർക്കുന്നതാണെന്നു സംഘടന ചൂണ്ടിക്കാട്ടി.
കെജിഎംസിടിഎയുടെ പ്രസ്താവനയിൽനിന്ന്:
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആറാംവിരൽ നീക്കം ചെയ്യേണ്ട ശസ്ത്രക്രിയയ്ക്ക് എത്തിയ കുട്ടിക്ക് നാക്കിന്നടിയിലായി കെട്ട് (Tongue Tie) ശ്രദ്ധയിൽ പെട്ടിരുന്നു. നാക്കിനടിയിലെ ചെറിയ വൈകല്യം ആയതിനാൽ രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെടാറില്ല. നാവിലെ കെട്ട് അഴിച്ചു കൊടുക്കാതിരുന്നാൽ ഇപ്പോൾ പ്രത്യക്ഷപ്രശ്നങ്ങൾ ഇല്ലെങ്കിലും ഭാവിയിൽ സംസാര വൈകല്യത്തിനു കാരണമാകാം. പൂർണമായി വികസിച്ചു കഴിഞ്ഞാൽ സംസാര വൈകല്യം ചികിത്സിച്ചു ഭേദമാക്കാൻ ബുദ്ധിമുട്ടായതിൽ ഇതിന് പ്രഥമ പരിഗണന നൽകി കുട്ടിയെ ആ ശസ്ത്രക്രിയയ്ക്കു പോസ്റ്റ് ചെയ്യുകയായിരുന്നു.
നാക്കിൽ കെട്ട് ഇല്ലാത്ത കുട്ടികളിൽ ഈ ശസ്ത്രക്രിയ സാധ്യമല്ല. ഈ ശസ്ത്രക്രിയയ്ക്കു ശേഷം ആറാം വിരലിന്റെ ശസ്ത്രക്രിയ ഇപ്പോൾ തന്നെ ചെയ്യണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടതിനാൽ അതും ചെയ്തു. നാക്കിന്റെ താഴെ പാട പോലെ കാണുന്നതു നാക്കിലെ കെട്ട് ആണ്. ഇതാണു ശസ്ത്രക്രിയ ചെയ്തു മാറ്റിയത്. ഇത് ശസ്ത്രക്രിയയ്ക്കു ശേഷം കുട്ടിയുടെ മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കി. ഇതല്ലാതെ നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്.
വസ്തുതകൾ അന്വേഷിക്കാതെയും കൃത്യമായ അന്വേഷണം നടത്താതെയും ധൃതി പിടിച്ചു നടത്തിയ സസ്പെൻഷൻ നിർഭാഗ്യകരമാണ്. പ്രതികൂലമായ സാഹചര്യങ്ങളിലും മികച്ച സേവനം നൽകുന്ന മെഡിക്കൽ കോളജ് അധ്യാപകരുടെ ആത്മവീര്യം തകർക്കുന്നതാകരുതു നടപടികൾ. ഒരുപാട് നിരാലംബരായ രോഗികളുടെ അത്താണിയായ സ്ഥാപനത്തിന്റെ സൽപ്പേരിനു കളങ്കം സൃഷ്ടിക്കുന്ന പ്രചാരണങ്ങളിൽനിന്നു വിട്ടു നിൽക്കണം.