നാക്കിൽ ശസ്ത്രക്രിയ: കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്, ഡോക്ടർക്ക് സസ്പെൻഷൻ
Mail This Article
കോഴിക്കോട്∙ മെഡിക്കൽ കോളജ് മാതൃ–ശിശു സംരക്ഷണ കേന്ദ്രത്തിൽ 4 വയസ്സുള്ള പെൺകുട്ടിയെ ശസ്ത്രക്രിയ ചെയ്തപ്പോൾ പിഴവു സംഭവിച്ചെന്ന പരാതിയിൽ ഡോ.ബിജോൺ ജോൺസനെ സസ്‌പെൻഡ് ചെയ്തു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടി. തുടർ നടപടികൾ അന്വേഷണത്തിനു ശേഷം മാത്രമേ സ്വീകരിക്കാനാവൂ എന്നും കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രം അറിയിച്ചു.
സംഭവത്തിൽ ഡോക്ടർ ബിജോൺ ജോൺസണ് എതിരെ കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ഐപിസി 336, ഐപിസി 337 വകുപ്പുകൾ ചുമത്തിയാണ് കേസ്.
കൈവിരലിന്റെ ശസ്ത്രക്രിയക്ക് എത്തിയ നാലുവയസ്സുകാരിക്കാണ് നാക്കിൽ ശസ്ത്രക്രിയ നടത്തിയത്. സംഭവത്തിൽ ഡോക്ടർ മാപ്പു പറഞ്ഞിരുന്നു. വിഷയത്തിൽ ആരോഗ്യ - ശിശുസംരക്ഷണ വകുപ്പിന് നേരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. കൂടാതെ, കുട്ടിയുടെ മാതാപിതാക്കൾ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ട്ടപ്പെടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താക്കുറിപ്പിൽ പ്രതികരിച്ചിരുന്നു.