‘പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം?; ചോദിക്കാനും പറയാനും ആരുമില്ല’
Mail This Article
തിരുവനന്തപുരം ∙ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആരോഗ്യ മേഖലയിൽ കേരളം ആര്‍ജിച്ച നേട്ടങ്ങള്‍ സര്‍ക്കാര്‍ ഇല്ലാതാക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ആദ്യമായല്ല ഇത്തരം സംഭവങ്ങൾ. സര്‍ക്കാര്‍ ആശുപത്രികളുടെ വിശ്വാസ്യത നഷ്ടമാകുകയാണ്.
ഏതു സംഭവത്തിലും അടിയന്തര റിപ്പോർട്ടിന് ഉത്തരവിടുന്നതല്ലാതെ, എന്ത് തിരുത്തൽ നടപടിയാണ് ആരോഗ്യവകുപ്പും മന്ത്രിയും സ്വീകരിച്ചിട്ടുള്ളത്? എല്ലാ വകുപ്പുകളിലുമെന്ന പോലെ ആരോഗ്യവകുപ്പിലും ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതിയാണ്. മുൻപ് ശസ്ത്രക്രിയയ്‌ക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ ഹര്‍ഷിനയുടെ അവസ്ഥ ഈ കുഞ്ഞിനും കുടുംബത്തിനും ഉണ്ടാകരുത്. കൈയ്ക്കു പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയതിന് ഉത്തരവാദികളായവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.