എൽഡിഎഫിൽ രാജ്യസഭാ സീറ്റ് ആവശ്യപ്പെടാൻ എൻസിപി; പി.സി.ചാക്കോയെ മത്സരിപ്പിക്കാൻ നീക്കം
Mail This Article
കോട്ടയം∙ എൽഡിഎഫിൽ രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് മൂന്നു കക്ഷികൾ രംഗത്തെത്തിയതിനു പിന്നാലെ, സീറ്റിന് അവകാശവാദവുമായി എൻസിപിയും രംഗത്ത്. അടുത്ത എൽഡിഎഫ് യോഗത്തിൽ രാജ്യസഭാ സീറ്റ് ആവശ്യപ്പെടുമെന്ന് എൻസിപി നേതാവും മന്ത്രിയുമായ എ.കെ.ശശീന്ദ്രൻ മനോരമ ഓൺലൈനോട് പറഞ്ഞു. സിപിഐ, കേരള കോൺഗ്രസ് (എം), ആർജെഡി കക്ഷികൾക്കു പിന്നാലെ സീറ്റ് ആവശ്യപ്പെട്ട് എൻസിപി രംഗത്തെത്തുന്നത് സിപിഎമ്മിനു പുതിയ തലവേദനയാകും. സീറ്റില്ലെന്നു പറഞ്ഞ് മാറ്റിനിർത്താനാകും സിപിഎം ശ്രമമെങ്കിലും കിട്ടിയില്ലെങ്കിലോ എന്നൊരു ചോദ്യമില്ലെന്നാണ് ശശീന്ദ്രന്റെ നിലപാട്.
രാജ്യസഭാ സീറ്റ് ലഭിച്ചാൽ സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയെ മത്സരിപ്പിക്കാനാണ് നീക്കം. എന്നാൽ ചാക്കോയെ രാജ്യസഭയിലേക്ക് അയയ്ക്കാനാണോ നീക്കമെന്ന ചോദ്യത്തിന്, സീറ്റ് കിട്ടിയ ശേഷം സ്ഥാനാർഥിയെ തീരുമാനിക്കുമെന്നായിരുന്നു ശശീന്ദ്രന്റെ മറുപടി. ചാക്കോയെ രാജ്യസഭയിലെത്തിക്കാൻ പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറിനും താൽപര്യമുണ്ട്. ഇക്കാര്യം ചാക്കോ കോൺഗ്രസ് വിട്ടുവന്ന സമയത്തുതന്നെ, ശരദ് പവാറുമായി അടുത്ത ബന്ധമുള്ള നേതാക്കൾ അനൗദ്യോഗികമായി സിപിഎമ്മിനോടു പറഞ്ഞിരുന്നു.
മറ്റു പല കക്ഷികളും വന്നുംപോയും ഇരുന്നപ്പോൾ സിപിഎമ്മിനും സിപിഐക്കും ഒപ്പം മുന്നണിയിൽ ഉറച്ചുനിന്ന കക്ഷിയാണ് എൻസിപിയെന്നും കേരള കോൺഗ്രസ്, ആർജെഡി പാർട്ടികളെക്കാൾ അർഹത തങ്ങൾക്കാണെന്നും പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ‘‘ചർച്ചകളിലൂടെ ന്യായമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. പലപ്പോഴും പിന്നെ പരിഗണിക്കാമെന്ന് പറഞ്ഞ് മാറ്റിനിർത്തുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെട്ടപ്പോഴും നൽകിയില്ല. രാജ്യസഭാ സീറ്റ് കിട്ടുമെന്നു തന്നെയാണ് പ്രതീക്ഷ’’ – എ.കെ.ശശീന്ദ്രൻ പറഞ്ഞു.