ADVERTISEMENT

കോഴിക്കോട്∙ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കൈവിരലിനു ചികിത്സ തേടിയെത്തിയ നാലു വയസ്സുകാരിക്ക് നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ നിയമപരമായി മുന്നോട്ടു പോകുമെന്ന് കുട്ടിയുടെ മാതാവ്. ‘മറ്റൊരു കുട്ടിക്കും ഈ ഗതി വരരുത്. നിയമപരമായി മുന്നോട്ടുപോകും’– മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. 

കുട്ടിയുടെ ഇടതു കയ്യിലെ ആറാമത്തെ വിരൽ നീക്കം ചെയ്യാനാണ് ഡോക്ടർ നിർദേശിച്ചത്. അതനുസരിച്ചാണ് ചെറുവണ്ണൂർ മധുരബസാർ സ്വദേശികളായ ദമ്പതികൾ മകളുമായി ആശുപത്രിയിലെത്തിയത്. പക്ഷേ, നാവിന്റെ കെട്ട് മാറ്റാനാണ് ഡോക്ടർ ശസ്ത്രക്രിയ ചെയ്തത്. ഇത്തരം ശസ്ത്രക്രിയയ്ക്കായി വേറെയും കുട്ടികളെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവരിലൊരാളായി തെറ്റിദ്ധരിച്ചാണ് ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയയ്ക്കുശേഷം കുട്ടിയുടെ വായിൽ പഞ്ഞി തിരുകിയിരിക്കുന്നത് കണ്ടപ്പോഴാണ് മാതാപിതാക്കൾ പരിശോധിച്ചത്. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പിന്നീട് വിരലിലും ശസ്ത്രക്രിയ നടത്തി. പിഴവിനെ തുടർന്ന് ഡോ.ബിജോൺ ജോൺസണെ സസ്പെൻഡ് ചെയ്തു. നാവിൽ ശസ്ത്രക്രിയ നടത്തിയത് ഡോക്ടർ ബോധ്യപ്പെടുത്തിയില്ലെന്ന് മാതാവ് പറഞ്ഞു. ‘വിരൽ മുറിക്കാനാണ് പോയത്, നാവാണ് മുറിച്ചത്. അബദ്ധം പറ്റിയതാണെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. കുട്ടിയുടെ നാവിൽനിന്ന് ചോര ഒലിച്ചപ്പോഴാണ് സംഭവം ശ്രദ്ധിക്കുന്നത്. അപ്പോഴാണ് അബദ്ധം പറ്റിയതാണെന്ന് ഡോക്ടർ പറയുന്നത്. അബദ്ധം പറ്റിയതാണെന്ന് ഡോക്ടർ എഴുതി ഒപ്പിട്ട് തന്നു. ഓപ്പറേഷൻ ചെയ്തതിനുശേഷമാണ് ഡോക്ടറുടെ ശ്രദ്ധയിലുംപെട്ടത്’–മാതാവ് പറഞ്ഞു.

‘ഇനിയൊരു കുട്ടിക്കും ഇങ്ങനെ ഉണ്ടാകാതിരിക്കാൻ നിയമപരമായി പോരാടും. ആശുപത്രി അധികൃതരുടെ അശ്രദ്ധ കാരണമാണ് കുട്ടിക്ക് അങ്ങനെ പറ്റിയത്. കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നിട്ടില്ല. കുട്ടിക്ക് ഇപ്പോൾ കുഴപ്പമില്ല. നാവിന് ചെറിയ വേദനയുണ്ട്. ഭക്ഷണം കഴിക്കുന്നുണ്ട്. കുട്ടിക്ക് നാവിന് പ്രശ്നം ഉണ്ടായിരുന്നില്ല. നന്നായി സംസാരിച്ചിരുന്നു. നാവിന് പ്രശ്നമുള്ളതായും ശസ്ത്രക്രിയ നടത്തുന്നതായും ഡോക്ടർ നേരത്തേ പറഞ്ഞിട്ടില്ല. ശസ്ത്രക്രിയ കഴിഞ്ഞിട്ടാണ് ഡോക്ടർ പറഞ്ഞത്’–കുട്ടിയുടെ മാതാവ് പറഞ്ഞു.

English Summary:

Tongue surgery: Mother reveals against doctor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com