ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിൽ ഡൽഹി മോഡൽ ബാർ കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ അവസ്ഥ വരും മുൻപ് പിണറായി വിജയൻ രാജിവയ്ക്കുന്നതാണ് നല്ലത്. സർക്കാരിന്റെ നയങ്ങൾ തീരുമാനിക്കുന്നത് ബാർ മുതലാളിമാരാണെന്ന് വ്യക്തമായിരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. 

‘‘കോടികളാണ് സർക്കാരിനു കോഴ കൊടുക്കേണ്ടതെന്ന ബാർ ഉടമ അസോസിയേഷൻ നേതാവിന്റെ ശബ്ദരേഖ ഈ സർക്കാരിന്റെ മുഖം കൂടുതൽ വികൃതമാക്കുന്നതാണ്. മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് ഉറപ്പു നൽകി അധികാരത്തിലെത്തിയ ഇടത് സർക്കാർ, പൂട്ടിയ ബാറുകളെല്ലാം തുറന്ന കാഴ്ച നമ്മൾ കണ്ടതാണ്. ഇപ്പോൾ ഡ്രൈ ഡേ എടുത്ത് കളയാനും ബാറുകളിലെ സമയം കൂട്ടാനുമുള്ള തീരുമാനം വലിയ അഴിമതിക്കു വേണ്ടിയുള്ളതാണ്. ഇത് കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള തീരുമാനമാണ്. യുഡിഎഫ് സർക്കാരിന്റേതിനു സമാനമായ രീതിയിലാണ് എൽഡിഎഫും മുന്നോട്ടു പോകുന്നത്.

‘‘ഡൽഹി ബാർ കോഴ കേസിൽ ജയിലിലായ കേജ്‍രിവാളിനെ പിന്തുണച്ച് കോൺഗ്രസും സിപിഎമ്മും രംഗത്തു വന്നത് സ്വന്തം താൽപര്യം സംരക്ഷിക്കാനാണെന്ന് വ്യക്തമായിരിക്കുകയാണ്. കേരളത്തിന്റെ സാമൂഹിക ജീവിതം തകർക്കുന്ന ബാർ കോഴക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരും’’ – സുരേന്ദ്രൻ ആരോപിച്ചു.

∙ ‘കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ അത് മുഖ്യമന്ത്രി അറിഞ്ഞ്’

മദ്യനയം മാറ്റാന്‍ കൈക്കൂലി നല്‍കണമെന്ന ബാര്‍ ഉടമയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തണം. കോടികള്‍ പിരിച്ചിട്ടുണ്ടെന്നാണ് ബാറുടമയുടെ ശബ്ദത്തില്‍ നിന്ന് മനസിലാക്കുന്നത്. ഈ പണം എവിടെപ്പോയെന്ന് വ്യക്തമാക്കണം. എക്സൈസ് മന്ത്രി എം.ബി രാജേഷ് രാജിവയ്ക്കണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു. നയപരമായതീരുമാനങ്ങള്‍ മുഖ്യമന്ത്രി അറിയാതെ നടക്കില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ബാര്‍ ഉടമകളോട് കൈക്കൂലി ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ അത് മുഖ്യമന്ത്രി അറിഞ്ഞാണ്.

സത്യാവസ്ഥ പുറത്തുവരാന്‍ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏൽപിക്കണം. കേരള സര്‍ക്കാരിന് കീഴിലുള്ള ഒരു ഏജന്‍സിയും നിഷ്പക്ഷ അന്വേഷണം നടത്തില്ലെന്നും മുരളീധരന്‍ പറഞ്ഞു. ബാർ കോഴ ആരോപണത്തില്‍പ്പെട്ട കെ.എം.മാണിയുടെ പാര്‍ട്ടിയെ കൂടെക്കൂട്ടിയവരാണ് സിപിഎം. അഴിമതിയില്‍ യുഡിഎഫും എല്‍ഡിഎഫും ഒരു പോലെയാണെന്ന് വ്യക്തമാക്കുന്നതാണ് രണ്ടാം ബാര്‍ കോഴ ആരോപണമെന്നും മുരളീധരൻ പറഞ്ഞു.

English Summary:

Bar Bribery' Allegations Rock Kerala: BJP Calls for CM Pinarayi Vijayan's Resignation"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com