ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്: മുഖ്യ പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവുചെയ്ത് ഹൈക്കോടതി
Mail This Article
കൊച്ചി∙ ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്ത് ഹൈക്കോടതി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ഇളവു ചെയ്ത ഹൈക്കോടതി, പരോളില്ലാതെ 25 വർഷം കഠിന തടവിന് നിനോ മാത്യുവിനെ ശിക്ഷിച്ചു. അതേസമയം, രണ്ടാം പ്രതിയും നിനോ മാത്യുവിന്റെ കാമുകിയുമായ അനുശാന്തിയുടെ അപ്പീൽ തള്ളിയ കോടതി, വിചാരണക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തം തടവുശിക്ഷ ശരിവച്ചു. ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്.
കേസിലെ ഒന്നാം പ്രതിയായ നിനോയുടെ വധശിക്ഷ ശരിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള സർക്കാരിന്റെ ഹർജിയും കോടതി പരിഗണിച്ചിരുന്നു. 2014 ഏപ്രിൽ 16നാണ് അനുശാന്തിയുടെ മകൾ, ഭർതൃമാതാവ് എന്നിവരെ വീട്ടിൽക്കയറി നിനോ മാത്യു വെട്ടിക്കൊലപ്പെടുത്തിയത്.
ആറ്റിങ്ങല്‍ ആലംകോട് മണ്ണൂര്‍ഭാഗം തുഷാറത്തില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ വിജയമ്മ എന്ന ഓമന (57), ചെറുമകള്‍ സ്വാസ്തിക (4) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം, കൊലപാതക ശ്രമം, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
തിരുവനന്തപുരം ടെക്നോപാർക്കിലെ ജോലി ചെയ്യുന്നവരും സുഹൃത്തുക്കളുമായിരുന്നു നിനോ മാത്യുവും അനുശാന്തിയും. അനുശാന്തിയുമായി ഒരുമിച്ചു ജീവിക്കാനുള്ള തടസ്സങ്ങൾ ഒഴിവാക്കാനായിരുന്നു മുത്തശ്ശിയേയും പേരക്കുട്ടിയേയും കൊലപ്പെടുത്തിയത്. ഇരുവരും കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തുകയും നിനോ മാത്യുവിന് വധശിക്ഷയും അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവും വിധിക്കുകയും ചെയ്തു. നിനോയുടെ ആക്രമണത്തിൽ അനുശാന്തിയുടെ ഭർത്താവ് ലിജീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു.