കാസർകോട്ട് 10 വയസുകാരിക്ക് പീഡനം: പ്രതിയെന്ന് കരുതുന്നയാള്‍ പിടിയിൽ; വീട്ടിലേക്ക് വിളിച്ചു, കുടുങ്ങി
Mail This Article
കാസർകോട്∙ കാഞ്ഞങ്ങാട്ട് 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെന്നു സംശയിക്കുന്ന 35 വയസ്സുകാരൻ പിടിയിൽ. കുടക് സ്വദേശിയായ ഇയാളെ ആന്ധ്രയിൽനിന്നാണു പൊലീസ് പിടികൂടിയത്. വീട്ടിലേക്ക് ഫോൺ വിളിച്ചതിനെത്തുടർന്ന് ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്. പ്രതിയെ രാത്രി 8 മണിയോടെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവരും.
മേയ് 15നു പുലർച്ചെ കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ പുറത്തിറങ്ങിയ തക്കംനോക്കി വീട്ടിനുള്ളിൽ കടന്ന പ്രതി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് പീഡനത്തിനിരയാക്കിയശേഷം കുട്ടിയുടെ സ്വർണക്കമ്മലും കവർന്ന് കുഞ്ഞിനെ ഉപേക്ഷിച്ചു.
പരിശോധിച്ച 167 സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് ഇയാളിലേക്ക് എത്തിയത്. പിള്ളേരു പീടിക എന്ന സ്ഥലത്ത് നിന്നുള്ള കിട്ടിയ ദൃശ്യമാണ് പൊലീസിനെ ഏറെ സഹായിച്ചത്. സംഭവദിവസം ഇയാൾ നടന്നുപോകുന്ന സിസിടിവി ദൃശ്യമാണ് ഇവിടെനിന്നു ലഭിച്ചത്. ദിവസങ്ങൾക്ക് മുൻപ് മറ്റൊരു വീട്ടിലും ഇയാൾ മോഷണം നടത്തിയിരുന്നു. വീട്ടിൽകയറി സ്ത്രീയുടെ മാല പൊട്ടിച്ച് ഓടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നുവെങ്കിലും ആളെ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നില്ല.
അതിനാൽ രേഖാചിത്രം പൊലീസ് വരപ്പിച്ചിരുന്നു. പീഡനം നടന്ന ദിവസം ഇയാൾ തന്നെയാണ് പിള്ളേരു പീടികയിലെ സിസിടിവിയിൽ കുടുങ്ങിയത്. ഇതിന്റെ ദൃശ്യം വ്യക്തമായി കിട്ടിയതോടെയാണ് പ്രതി ഇയാൾ തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചത്. ഇതിന് പൊലീസിനെ സഹായിച്ചത് ഇയാൾ ധരിച്ച വസ്ത്രമായിരുന്നു. രണ്ടു സംഭവങ്ങൾ നടക്കുമ്പോഴും ഒരേ വസ്ത്രമാണ് ഇയാൾ ധരിച്ചത്. ഇയാളുടെ ശരീര ചലനങ്ങളും വ്യക്തമായതോടെ രണ്ടും ഒരാളാണെന്ന് പൊലീസിന് ഉറപ്പിക്കുകയായിരുന്നു.
കാഞ്ഞങ്ങാട്ട് എത്തിയിട്ട് 14 വർഷംകുടക് സ്വദേശിയായ ഇയാൾ 14 വർഷങ്ങൾക്ക് മുൻപാണ് കാഞ്ഞങ്ങാടിന്റെ തീരദേശ മേഖലയിലെ സ്ത്രീയെ വിവാഹം കഴിച്ച് ഇവിടെ താമസം തുടങ്ങിയത്. പീഡനത്തിന് ഇരയായ കുട്ടിയുടെ വീട് ഇയാൾക്ക് പരിചയമുണ്ടെന്നും പൊലീസ് പറയുന്നു.
ഇയാൾ വിചിത്ര സ്വഭാവക്കാരനാണെന്ന് പൊലീസ് തന്നെ പറയുന്നു. മേൽപറമ്പ് പൊലീസ് സ്റ്റേഷനിൽ 2 വർഷം മുൻപ് ഇയാൾക്കെതിരെ പോക്സോ കേസുണ്ട്. ബന്ധുവായ 14 വയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ആദൂരിലെ വനത്തിൽവച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഇതിൽ 3 മാസം റിമാൻഡിലായി ജയിലിലായിരുന്നു. സുള്ള്യ, കുടക് സ്റ്റേഷനുകളിലും മാല പിടിച്ചുപറി കേസുകൾ ഇയാൾക്കെതിരെയുണ്ട്.