‘പ്രതിയെ ചോദ്യം ചെയ്യുന്നതിനേക്കാൾ പൊലീസിനു തിടുക്കം അനീഷും അശ്വിനിയുമായുള്ള ബന്ധമറിയാൻ’
Mail This Article
പുണെ ∙ പോർഷെ ഓടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതിയായ കൗമാരക്കാരന് പൊലീസ് കസ്റ്റഡിയിൽ വിഐപി പരിഗണനയെന്ന് ആരോപണം. യേർവാഡ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുള്ള പതിനേഴുകാരന് ഉദ്യോഗസ്ഥർ ബർഗറും പീത്‌സയും വിതരണം ചെയ്യുന്നുവെന്ന് പ്രതിപക്ഷ കക്ഷിയായ വഞ്ചിത് ബഹുജൻ അഘാഡി നേതാവും ലോക്‌സഭാ മുൻ എംപിയുമായ പ്രകാശ് അംബേദ്കർ ആരോപിച്ചു. മദ്യപിച്ച് വാഹനമോടിച്ച് രണ്ടു പേരെ കൊന്നയാളെ ചോദ്യം ചെയ്യുന്നതിനേക്കാൾ കൂടുതൽ സമയം മരിച്ച ഐടി ജീവനക്കാരായ അനീഷും അശ്വിനിയും തമ്മിലുള്ള ബന്ധം അറിയാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രകാശ് അംബേദ്കർ ആരോപിച്ചു.
കസ്റ്റഡിയിലെടുത്ത കൗമാരക്കാരൻ മദ്യപിച്ചിട്ടുണ്ടോയെന്നറിയാനുളള പരിശോധന എട്ടു മണിക്കൂറിനു ശേഷമാണ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. സംഭവം വിവാദമായതോടെ കേസിൽ പ്രോട്ടോക്കോൾ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പ്രതിക്ക് വിഐപി പരിഗണന ലഭിച്ചോയെന്നതിലും പൊലീസ് അന്വേഷണം നടത്തും. യേർവാഡ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഇതുമായി ബന്ധപ്പെട്ട് എസിപി അശ്വിനി രാഖ് ചോദ്യം ചെയ്യും.
പൊലീസ് പ്രതിയോട് ലാഘവത്തോടെ പെരുമാറുന്നുവെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. രണ്ടുപേർ കൊല്ലപ്പെട്ട കേസായിട്ടും റോഡ് സുരക്ഷയെക്കുറിച്ച് 300 വാക്കുകളുള്ള ഉപന്യാസം എഴുതുകയെന്നതാണ് പൊലീസ് പ്രതിക്ക് നൽകിയ ശിക്ഷ. സംഭവം നടന്ന് 15 മണിക്കൂറിനുള്ളിൽ 7,500 രൂപയുടെ രണ്ട് ആൾജാമ്യത്തിൽ പ്രതിയെ വിട്ടയച്ച ജുവനൈൽ ബോർഡ് നടപടിക്കെതിരെയും രൂക്ഷ വിമർശനമുയർന്നിരുന്നു. തുടർന്ന് വ്യാഴാഴ്ച ജാമ്യം റദ്ദാക്കി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ജൂൺ 5 വരെ റിമാൻഡിലാക്കുകയും ചെയ്തു.
സംഭവത്തിൽ പതിനേഴുകാരന്റെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്തയാൾക്ക് ലഹരി നൽകിയതിനും വാഹനമോടിപ്പിച്ചതിനുമാണ് അറസ്റ്റ്. പ്രമുഖ ബിൽഡറുടെ മകനാണ് കേസിലെ പ്രതി. പ്ലസ്ടു വിജയം ആഘോഷിക്കാൻ പബ്ബിൽ പോയി മദ്യപിച്ച് മടങ്ങുകയായിരുന്നു പ്രതിയും പിതാവും.
കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും കേസിൽ പൊലീസിനെതിരേ വിമർശനമുന്നയിച്ചു. ‘സമ്പന്ന കുടുംബത്തിലെ കൗമാരക്കാരൻ മദ്യപിച്ച് വാഹനമോടിച്ച് രണ്ടുപേരെ കൊന്നപ്പോൾ ഉപന്യാസം എഴുതിക്കൊടുത്ത് പോകാനാണ് പറഞ്ഞത്. ബസ്, ട്രക്ക്, ഓട്ടോ, കാർ ഡ്രൈവർമാരോട് എന്തുകൊണ്ടാണ് ഉപന്യാസം ആവശ്യപ്പെടാത്തത്?’–രാഹുൽ ഗാന്ധി ചോദിച്ചു.