ADVERTISEMENT

മുംബൈ ∙ ‘അവനെന്റെ മകനെ കൊന്നു, ഇനിയൊരിക്കലും എനിക്ക് മകനെ കാണാനാകില്ല’– പുണെയിൽ 17 വയസുകാരൻ മദ്യലഹരിയിൽ ഓടിച്ച ആഡംബര കാറിടിച്ച് മരിച്ച ഐടി ജീവനക്കാരന്‍ അനീഷ് അവാധിയയുടെ അമ്മ സവിത അവാധിയ തേങ്ങലോടെ പറയുന്നു. ദുരന്തത്തിന്റെ ഞെട്ടലിലാണ് കുടുംബം. ബൈക്കിൽ അനീഷിനോടൊപ്പം സഞ്ചരിച്ച സഹപ്രവർത്തക അശ്വിനിയും മരിച്ചിരുന്നു.

‘‘ആ കുട്ടിയുടെ തെറ്റാണ്. വേണമെങ്കിൽ കൊലപാതകമെന്നും വിളിക്കാം. അവൻ തെറ്റു വരുത്തിയിരുന്നില്ലെങ്കിൽ ആരും മരിക്കില്ലായിരുന്നു. അവന്റെ കുടുംബം ജാഗ്രത പുലർത്തിയിരുന്നെങ്കിൽ ഇന്ന് എന്റെ മകൻ ജീവനോടെയുണ്ടാകുമായിരുന്നു. അവന് ശിക്ഷ ലഭിക്കണം. കുട്ടിയെ രക്ഷിക്കാൻ കുടുംബം പരമാവധി ശ്രമിച്ചു. അവർ പണമുള്ളവരാണ്.’’–സവിത അവാധിയ പറഞ്ഞു.

അപകടം നടന്ന രാത്രിയിൽ കൗമാരക്കാരൻ രണ്ട് ബാറുകളിലായി 48,000 രൂപ ചെലവഴിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തി. പിന്നീടാണ് അമിതമായി മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയത്. ഗുരുതരമായ കേസായിട്ടും ജാമ്യം നൽകി വിട്ടയച്ച നടപടി വിവാദമായി. മദ്യപിച്ചിട്ടില്ലെന്ന് എഫ്ഐആറിൽ രേഖപ്പെടുത്തിയതിനു പിന്നാലെ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതു പൊലീസിനെ വെട്ടിലാക്കിയിരുന്നു. തുടർന്ന് പിതാവ് വിശാൽ അഗർവാളിനെ അറസ്റ്റ് ചെയ്തു.

പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കി ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചു. അപകടത്തെക്കുറിച്ച് ഉപന്യാസമെഴുതാൻ നിർദേശിച്ചു ജാമ്യം നൽകിയ ജുവനൈൽ കോടതി നടപടി വിവാദമായതിനു പിന്നാലെ പൊലീസ് നൽകിയ പുനപരിശോധനാ ഹർജിയിലാണ് നടപടി. മദ്യപിച്ചു വാഹനം ഓടിച്ചതിന്റെ പേരിലുള്ള വകുപ്പുകളും ചുമത്തി.

സംഭവത്തെ തുടർന്ന് പുണെയിലെ അനധികൃത പബ്ബുകളും ബാറുകളും ഇടിച്ചു നിരത്തി. പ്രായപൂർത്തിയാകാത്ത ആൾക്ക് മദ്യം നൽകിയ ഹോട്ടൽ ഉടമകളെ അറസ്റ്റ് ചെയ്ത പൊലീസ് ബാറുകളും അടച്ച് പൂട്ടി. വരും ദിവസങ്ങളിൽ അനധികൃത മദ്യശാലകൾക്കെതിരെ കർശന നടപടി തുടരാനാണു നീക്കം. സംഭവത്തിൽ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ് അധികൃതർ കർശന നടപടികളുമായി രംഗത്തെത്തിയത്. ‘ മകൻ എന്നെ അവസാനമായി കാണാൻ വന്നത് മെയ് മൂന്നിനാണ്. വിവാഹവാർഷികമായതിനാലാണ് മകൻ കാണാൻ വന്നത്. അവൻ നല്ല കുട്ടിയായിരുന്നു, എല്ലവരോടും നന്നായാണ് പെരുമാറിയിരുന്നത്. എനിക്ക് വിദേശത്തുനിന്ന് സമ്മാനങ്ങൾ വാങ്ങിയിരുന്നതായി അവൻ പറഞ്ഞിരുന്നു. ഉടനെ കാണാൻ വീണ്ടും വരുമെന്നും പറഞ്ഞു. പക്ഷേ അതിനു സാധിച്ചില്ല’–സവിത അവാധിയ പറഞ്ഞു.

English Summary:

"He Killed My Son": Mother Of Man Run Over By Pune Teen Driving Porsche

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com