17കാരൻ 2 ബാറുകളിലായി ചെലവഴിച്ചത് 48,000 രൂപ; ‘ഉപന്യാസം’ എഴുതിച്ച് നൽകിയ ജാമ്യം റദ്ദാക്കി
Mail This Article
മുംബൈ ∙ മദ്യലഹരിയിൽ കാറോടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട കേസിൽ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കി ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചു. അപകടത്തെക്കുറിച്ച് ഉപന്യാസമെഴുതാൻ നിർദേശിച്ചു ജാമ്യം നൽകിയ ജുവനൈൽ കോടതി നടപടി വിവാദമായതിനു പിന്നാലെ പൊലീസ് നൽകിയ പുനപരിശോധനാ ഹർജിയിലാണ് നടപടി.
മദ്യപിച്ചു വാഹനം ഓടിച്ചതിന്റെ പേരിലുള്ള വകുപ്പുകളും ചുമത്തി. പ്രതിയെ പ്രായപൂർത്തിയായ ആളായി പരിഗണിച്ചു കുറ്റംചുമത്തണമെന്ന പൊലീസിന്റെ ആവശ്യം പിന്നീടു പരിഗണിക്കും. ഞായറാഴ്ച പുലർച്ചെ നടന്ന അപകടത്തിൽ പുണെയിൽ ജോലി ചെയ്യുന്ന മധ്യപ്രദേശ് സ്വദേശികളായ അനീഷ് അവാധ്യ, അശ്വിനി കോഷ്ട എന്നിവരാണ് മരിച്ചത്. എൻജീനയർമാരായ ഇരുവരും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ 17 വയസ്സുകാരൻ ഓടിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇതിനിടെ, പുണെയിലെ അനധികൃത പബ്ബുകളും ബാറുകളും ഇടിച്ചു നിരത്തി. വരും ദിവസങ്ങളിൽ അനധികൃത മദ്യശാലകൾക്കെതിരെ കർശന നടപടി തുടരാനാണു നീക്കം. സംഭവത്തിൽ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ് അധികൃതർ കർശന നടപടികളുമായി രംഗത്തെത്തിയത്. പണം ഉള്ളവർക്കും ഇല്ലാത്തവർക്കും രാജ്യത്ത് രണ്ടു നീതിയാണെന്ന് രാഹുൽ ഗാന്ധിയും ആരോപിച്ചിരുന്നു.
അപകടം നടന്ന രാത്രിയിൽ കൗമാരക്കാരൻ രണ്ട് ബാറുകളിലായി 48,000 രൂപ ചെലവഴിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തി. മദ്യപിച്ചിട്ടില്ലെന്ന് എഫ്ഐആറിൽ രേഖപ്പെടുത്തിയതിനു പിന്നാലെ മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതു പൊലീസിനെ വെട്ടിലാക്കിയിരുന്നു. തുടർന്ന് പിതാവ് വിശാൽ അഗർവാളിനെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് നേരെ ഇന്നലെ ജനക്കൂട്ടം മഷിയെറിഞ്ഞു. പ്രായപൂർത്തിയാകാത്ത ആൾക്ക് മദ്യം നൽകിയ ഹോട്ടൽ ഉടമകളെ അറസ്റ്റ് ചെയ്ത പൊലീസ് ബാറുകളും അടച്ച് പൂട്ടിയിരുന്നു.