ആകെയുള്ള തെളിവ് ശബ്ദസന്ദേശം; പുതിയ ബാർ കോഴ അന്വേഷണം ക്രൈംബ്രാഞ്ചിന് എളുപ്പമാകില്ല
Mail This Article
തിരുവനന്തപുരം∙ പുതിയ ബാർ കോഴ ആരോപണത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് അത്ര എളുപ്പമാകില്ല. ക്രൈംബ്രാഞ്ച് എസ്പി പി.എസ്. മധുസൂദനനാണ് അന്വേഷണത്തിന്റെ മേൽനോട്ടം. എകെജി സെന്റർ ആക്രമണക്കേസ്, മേയറുടെ കത്ത് വിവാദം തുടങ്ങിയ കേസുകൾ അന്വേഷിച്ചത് മധുസൂദനന്റെ നേതൃത്വത്തിലാണ്. ബാറുടമകളുടെ സംഘടനാ നേതാവ് അനിമോന്റെ ശബ്ദരേഖയുടെ പശ്ചാത്തലത്തിൽ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി എം.ബി.രാജേഷ് ഡിജിപിക്കു നൽകിയ പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. എന്നാൽ പി.എസ്.മധുസുദനനും സംഘത്തിനും മുന്നിൽ വെല്ലുവിളികൾ ഏറെയാണ്.
ബാർ അസോസിയേഷൻ നേതാവ് അനിമോന്‍ പണം പിരിക്കാൻ നിർദേശിക്കുന്ന ശബ്ദ സന്ദേശമാണ് ക്രൈംബ്രാഞ്ചിന്റെ കൈയിൽ ആകെയുള്ള തെളിവ്. അനിമോൻ ആരോപണം സ്വാഭാവികമായും നിഷേധിക്കും. അല്ലെങ്കിൽ മറ്റെന്തെങ്കിലും സാഹചര്യത്തിൽ അയച്ച സന്ദേശമാണെന്ന് പറഞ്ഞ് സ്വയം ന്യായീകരിക്കാം. പണപിരിവ് നടത്തണമെന്ന് പറയുന്നുണ്ടെങ്കിലും പണം വാങ്ങിയതിനോ ആര്‍ക്കെങ്കിലും കൊടുത്തതിനോ നിലവിൽ തെളിവുകളില്ല.
തെളിവു വേണം, സാക്ഷികളും!
പണം വാങ്ങുന്നതിന് മുൻപോ കൊടുത്തതിനുശേഷമോ തെളിവു സഹിതം പിടികൂടിയാലെ കൈക്കൂലി കേസിന്റെ പരിധിയിൽ വരൂ. ശബ്ദ സന്ദേശത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് മന്ത്രി എം.ബി.രാജേഷ് ഡിജിപിയോട് ആവശ്യപ്പെട്ടത്. ഗൂഢാലോചന തെളിയിക്കണമെങ്കിൽ കൃത്യമായ തെളിവുകൾ വേണം. ഈ കേസിൽ അത്തരം സാധ്യതകൾ കുറവാണ്. ബിസിനസിനെ ബാധിക്കുമെന്നതിനാൽ ബാർ അസോസിയേഷനിലെ തർക്കങ്ങൾ അവർ തന്നെ വരും ദിവസങ്ങളിൽ ചർച്ചയിലൂടെ അവസാനിപ്പിച്ചേക്കാം.
അതിനാൽ സാക്ഷികളെ ലഭിക്കാനും പൊലീസിനു പ്രയാസമായിരിക്കും. ശബ്ദം അനിമോന്റേതാണെന്ന് ഉറപ്പിക്കാനുള്ള പരിശോധന കേരളത്തിൽ നടത്താൻ സംവിധാനമില്ല. ചണ്ഡിഗഡ് അടക്കമുള്ള സ്ഥലങ്ങളിലെ നാഷനൽ ലബോറട്ടറിയിൽ അയച്ചാണ് പരിശോധന നടത്തുന്നത്. ശബ്ദം അനിമോന്റെതാണെന്ന് വ്യക്തമായാലും അനുബന്ധ തെളിവുകളില്ലെങ്കിൽ കേസ് നിലനിൽക്കില്ല.
ക്രൈംബ്രാഞ്ചിന് പ്രാഥമിക അന്വേഷണം നടത്തുന്ന രീതിയില്ല. കേസ് റജിസ്റ്റർ ചെയ്യാൻ സർക്കാരിനോ ഡിജിപിക്കോ ക്രൈംബ്രാഞ്ചിനോട് നിർദേശിക്കാം. കേസ് അന്വേഷിക്കാൻ മാത്രമായും നിർദേശം ലഭിക്കും. അന്വേഷണത്തിൽ എന്തെങ്കിലും തെളിവുകൾ ലഭിച്ചാൽ എഫ്ഐആർ റജിസ്റ്റർ ചെയ്യും.