ബാറുകളുടെ എണ്ണം റെക്കോർഡിൽ, ബവ്കോ മുടന്തുന്നു; പിണറായി സർക്കാരിന്റെ കാലത്ത് ആരംഭിച്ചത് 297 ബാർ
Mail This Article
തിരുവനന്തപുരം∙ പിണറായി സർക്കാരിന്റെ 8 വർഷത്തെ ഭരണത്തിൽ ബാറുകളുടെ എണ്ണത്തിൽ വലിയ വർധന. ബാറുകളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് ബവ്റിജസ് മദ്യവിൽപന ശാലകളുടെ എണ്ണത്തിൽ വർധനയില്ല. പിണറായി സർക്കാരിന്റെ കാലത്ത് ഇതുവരെ 297 പുതിയ ബാർ ലൈസൻസുകൾ അനുവദിച്ചു. 475 ബിയർ ആൻഡ് വൈൻ പാർലറുകൾക്കു ബാർ ലൈസൻസ് പുതുക്കി നൽകി. ഇതോടെ, ബാറുകളുടെ എണ്ണം 801 എന്ന റെക്കോർഡ് നമ്പരിലെത്തി.
അതേസമയം, ബവ്റിജസ് കോർപറേഷന്റെ ഷോപ്പുകൾ ആരംഭിക്കാൻ നിരവധി തടസ്സങ്ങള്‍ നേരിടുകയാണ്. ഇപ്പോഴുള്ളത് 277 ഷോപ്പ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 338 ഷോപ്പുകളാണ് ഉണ്ടായിരുന്നത്. മദ്യനയത്തെ തുടർന്ന് ചിലത് അടച്ചുപൂട്ടി. മുൻപ് അടച്ച 68 ഷോപ്പുകൾ തുറക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി 14 എണ്ണം തുറന്നെങ്കിലും പിന്നീട് 7 എണ്ണം പൂട്ടി. പ്രദേശികതലത്തിലെ പ്രശ്നങ്ങളാണ് ഷോപ്പുകൾ തുറക്കാൻ തടസ്സം നിൽക്കുന്നതെന്ന് കോർപറേഷൻ അധികൃതർ പറയുന്നു.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് 720 ബാറുകളുണ്ടായിരുന്നു. മദ്യനയത്തിന്റെ ഭാഗമായി മിക്ക ബാറുകളും ബിയർ പാർലറുകളായി. ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമ്പോൾ സംസ്ഥാനത്ത് 29 പഞ്ചനക്ഷത്ര ബാറുകളും 813 ബിയർ–വൈൻ പാർലറുമാണ് ഉണ്ടായിരുന്നത്. മുന്നു സ്റ്റാർ മുതലുള്ള ഹോട്ടലുകൾക്ക് ബാർ തുറക്കാൻ എൽഡിഎഫ് സർക്കാർ അനുമതി നൽകി. 442 ഹോട്ടലുകൾക്കാണ് ബാർ ലൈസൻസ് പുതുക്കി നൽകിയത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 200 ബാർ ലൈസൻസുകൾ പുതുതായി അനുവദിച്ചു.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 97 ബാർ ലൈസൻസുകൾ പുതുതായി നൽകി. മൂന്ന് സ്റ്റാർ മുതലുള്ള 33 ബിയർ–വൈൻ പാർലറുകൾക്കും ലൈസൻസ് പുതുക്കി നൽകി. ഒന്നാം പിണറായി സർക്കാരിന്റെ കാലാവധി 2021ൽ പൂർത്തിയായപ്പോൾ കേരളത്തിൽ ആകെ 671 ബാർ ഹോട്ടലുകളാണുണ്ടായിരുന്നത്. ബവ്റിജസ്–കൺസ്യൂമർഫെഡ് ഷോപ്പുകൾക്ക് 4 ലക്ഷം രൂപയാണ് വാർഷിക ഫീസ്. ബാർ ഹോട്ടലുകൾക്ക് 35 ലക്ഷംരൂപ. ബിയർ–വൈൻ പാർലറിന് 4 ലക്ഷംരൂപ. ക്ലബ്ബുകൾക്ക് 20 ലക്ഷം രൂപ.