മന്ത്രി എം.ബി.രാജേഷ് വിദേശ സന്ദർശനത്തിന് യാത്ര തിരിച്ചു: കുടുംബത്തോടൊപ്പം യാത്ര
Mail This Article
തിരുവനന്തപുരം∙ എക്സൈസ് മന്ത്രി എം.ബി.രാജേഷ് വിദേശസന്ദർശനത്തിന് യാത്ര തിരിച്ചു. ഫ്രാൻസ്, ബെൽജിയം, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ് വിവരം. കുടുംബത്തോടൊപ്പമാണു യാത്ര. നേരത്തെ നിശ്ചയിച്ച സന്ദർശനമാണിത്. സ്വകാര്യ സന്ദർശനമായതിനാൽ സർക്കാർ ഫണ്ട് ഉപയോഗിച്ചല്ല യാത്രയെന്ന് മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
മദ്യനയം മാറ്റാൻ സർക്കാരിന് പിരിവ് നൽകണമെന്ന ബാർ അസോസിയേഷൻ നേതാവിന്റെ ശബ്ദ സന്ദേശം പുറത്തുവന്നതോടെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഡിജിപിക്ക് കത്ത് നൽകിയിരുന്നു. വിഷയം ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണ സംഘത്തെ ഇന്ന് പ്രഖ്യാപിക്കും. പണപ്പിരിവ് വിഷയത്തിൽ മുതലെടുപ്പിന് ഇറങ്ങിയവരും പണം നൽകുന്നവരും കുടുങ്ങുമെന്ന് എം.ബി.രാജേഷ് വ്യക്തമാക്കിയിരുന്നു. ഡ്രൈ ഡേ പിൻവലിക്കാനോ ബാറുകളുടെ സമയം കൂട്ടാനോ സർക്കാർ തീരുമാനിച്ചിട്ടില്ല. ഈ വർഷത്തെ മദ്യനയം സംബന്ധിച്ച പ്രാഥമിക ആലോചന പോലും ആരംഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വിവാദത്തിൽ പാർട്ടി മന്ത്രിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.