ADVERTISEMENT

തിരുവനന്തപുരം∙ കഴിഞ്ഞ യുഡിഎഫ് സർക്കാരിലെ ഒരു മന്ത്രിയുടെ രാജിയിലേക്കും മറ്റൊരു മന്ത്രിയുടെ രാജിപ്രഖ്യാപനത്തിലേക്കും നയിച്ചതാണ് അന്നു ബാർ ഉടമകളുടെ സംഘടനാ നേതാവായിരുന്ന ബിജു രമേശ് ഉയർത്തിയ കോഴയാരോപണം. പൂട്ടിയ ബാറുകൾ തുറക്കാൻ 5 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഇതിൽ ഒരു കോടി രൂപ ധനമന്ത്രി കെ.എം.മാണിക്കു കൈമാറിയെന്നുമുള്ള ആരോപണത്തിൽ മന്ത്രിക്കു രാജിവയ്ക്കേണ്ടിവന്നു.

ബാർ ലൈസൻസ് അനുവദിക്കുന്നതിന്റെയും ബാറുകൾക്കു സമീപത്തെ മദ്യവിൽപന ശാലകൾ പൂട്ടുന്നതിന്റെയും മറവിൽ 100 കോടി രൂപയുടെ അഴിമതിയെന്ന ആരോപണം അന്ന് എക്സൈസ് മന്ത്രിയായിരുന്ന കെ.ബാബുവിനെതിരെയും ഉയർന്നിരുന്നു. കോടതി പരാമർശത്തെത്തുടർന്നു ബാബു രാജി പ്രഖ്യാപിച്ചെങ്കിലും മുഖ്യമന്ത്രി സ്വീകരിച്ചില്ല.

ബാർ കോഴയാരോപണത്തിൽ കുടുങ്ങിയ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ ഇടതുപക്ഷം നടത്തിയ പ്രതിഷേധമാണു നിയമസഭാ അക്രമക്കേസായി മാറിയത്. 2015 മാർച്ച് 13നു ബജറ്റ് അവതരണ വേളയിലായിരുന്നു പ്രതിഷേധം. ബജറ്റ് അവതരിപ്പിക്കാനായെങ്കിലും മാണിക്കു രാജിവയ്ക്കേണ്ടിവന്നു. തന്നെ കേസിൽ കുടുക്കാൻ ചില കോൺഗ്രസ് നേതാക്കൾ ശ്രമിച്ചെന്ന മാണിയുടെ വികാരം യുഡിഎഫുമായുള്ള അകൽച്ചയിലും എത്തിച്ചു. ഒന്നരവർഷത്തോളം യുഡിഎഫിൽനിന്നു വിട്ടുനിന്നു. മാണിക്കെതിരായ കേസ് അദ്ദേഹത്തിന്റെ മരണത്തോടെ അവസാനിച്ചു. കെ.ബാബുവിന് എതിരായ കേസിൽ വിജിലൻസ് അദ്ദേഹത്തിനു പിന്നീട് ക്ലീൻ ചിറ്റ് നൽകി.

എന്നാൽ അടുത്തിടെ വീണ്ടും ബാർ കോഴക്കേസ് കോൺഗ്രസ് നേതാക്കൾക്കെതിരെ ആയുധമാക്കാൻ സർക്കാർ ശ്രമിച്ചു. കെ.എം.മാണി ഉൾപ്പെട്ട കേസിൽ ബിജു രമേശ് 2019ൽ ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ രമേശ് ചെന്നിത്തല, കെ.ബാബു, വി.എസ്.ശിവകുമാർ എന്നിവർക്കെതിരെ അന്വേഷണത്തിനു നീക്കം തുടങ്ങിയിരുന്നു.

ബാർ ഉടമകളിൽനിന്നു പണം പിരിച്ച് ഒരു കോടി വീതം മൂന്നു പേർക്കും നൽകിയെന്നായിരുന്നു ബിജു രമേശിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ പഴയ ബാർ ഉടമകളുടെ സംഘടനാ ഭാരവാഹികളെ മൊഴിയെടുക്കാൻ വിജിലൻസ് വിളിപ്പിച്ചിരുന്നു. അന്ന് 2 മന്ത്രിമാരുടെ രാജിക്കായി മുറവിളി കൂട്ടിയ പ്രതിപക്ഷം ഇന്നു ഭരണത്തിലെത്തിയപ്പോൾ സമാനമായ ആരോപണം നേരിടേണ്ടി വന്നിരിക്കുന്നു എന്നതാണു കൗതുകം.

English Summary:

Similar bribe allegation against KM Mani that resulted in his resignation as minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com