ADVERTISEMENT

അടുത്ത യുദ്ധം ജലത്തിനുവേണ്ടിയാകുമെന്ന പ്രവചനങ്ങളെ സാധൂകരിച്ചുകൊണ്ട് ജലത്തിനുവേണ്ടി കേരളത്തോട് പോരടിക്കാനൊരുങ്ങിയിരിക്കുകയാണ് തമിഴ്നാട്. മുല്ലപ്പെരിയാറിലെ ജലനിരപ്പിനെ ചൊല്ലി കേരളവുമായി സ്ഥിരം തർക്കത്തിലേർപ്പെടുന്ന തമിഴ്നാടിന്റെ പുതിയ തർക്കം ഇടുക്കിയിലെ വട്ടവട ഗ്രാമവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ചിലന്തിയാറിൽ നിർമിക്കുന്ന തടയണയെ ചൊല്ലിയാണ്. തടയണ നിർമാണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചിരിക്കുകയാണ്. 

തടയണ തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലെ അമരാവതി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് തടയുമെന്നാണ് പ്രചരണം. അമരാവതി അണക്കെട്ടിനെ ആശ്രയിച്ചാണ് തിരുപ്പൂരിലെ കർഷകരെല്ലാം വിളവിറക്കുന്നത്. ചിലന്തിയാറിൽ തടയണ വന്നാൽ അത് അമരാവതിയിലേക്കുള്ള നീരൊഴുക്ക് തടയുമെന്ന് ചൂണ്ടിക്കാട്ടി ദിവസങ്ങളായി അണ്ണാ ഡിഎംകെ പ്രവർത്തകരാണ് പ്രചാരണം നടത്തുന്നത്. എന്നാൽ ഇത് വ്യാജ പ്രചാരണം മാത്രമാണെന്ന് വട്ടവട ഭൂസംരക്ഷണ സമിതി അംഗമായ വി.രാമയ്യ പറഞ്ഞു. ഒരുതരത്തിലും ഇത് നീരൊഴുക്കിന് തടസ്സമാകില്ലെന്നാണ് സർവകക്ഷി നേതാക്കളും സ്ഥലം സന്ദർശിച്ച ശേഷം വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ കലക്ടറെ കാണാനുള്ള നീക്കത്തിലാണ് പഞ്ചായത്ത് അധികൃതർ.   

തടയണ നിർമാണം നടക്കുന്ന ഭാഗം.Photo - Special Arrangement
തടയണ നിർമാണം നടക്കുന്ന ഭാഗം.Photo - Special Arrangement

ചിലന്തിയാറിലെ തടയണ

വർഷങ്ങളായി കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ഗ്രാമവാസികളുടെ നിരന്തര അഭ്യർഥനയെ തുടർന്നാണ് ചിലന്തിയാറിൽ തടയണ നിർമിക്കാൻ തീരുമാനിക്കുന്നത്. ചിലന്തിയാർ വെള്ളച്ചാട്ടത്തിൽ നിന്ന് പാമ്പാറിലേക്ക് ജലമൊഴുകുന്ന ഭാഗത്തായാണ് കുടിവെള്ള പദ്ധതിക്കായി തടയണ നിർമിക്കുന്നത്. 16.53 കോടി രൂപ ചെലവിട്ട് ജലജീവൻ മിഷൻ പദ്ധതി വഴി നിർമിക്കുന്ന തടയണയ്ക്ക് 40 മീറ്റർ നീളവും ഒരു മീറ്റർ പൊക്കവുമാണ് ഉള്ളത്. തടയണയിലെ വെള്ളം പമ്പുചെയ്ത് സമീപത്തുളള ജലസംഭരണിയിൽ ശേഖരിച്ചതിന് ശേഷം ശുദ്ധീകരിച്ച് ഗ്രാമവാസികൾക്ക് വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

ജലക്ഷാമം,  പിന്നിൽ യൂക്കാലി മരങ്ങൾ 

ഇടുക്കിയിലെ യൂക്കാലിക്കാട് (ഫയൽ ചിത്രം)
ഇടുക്കിയിലെ യൂക്കാലിക്കാട് (ഫയൽ ചിത്രം)

ചിലന്തിയാർ, പഴത്തോട്ടം, വട്ടവട വാർഡുകൾ ഉൾപ്പെടുന്ന എസ്‌സി എസ്ടി മേഖലയിലെ ആറോളം വാർഡുകളിലാണ് കുടിവെള്ള ക്ഷാമം അനുഭവിക്കുന്നത്. നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് 3200 കുടുംബങ്ങൾക്കായി ജലജീവൻ മിഷൻ പദ്ധതി പ്രകാരം തടയണ ഉയരുന്നത്. വീടിന് ഒരു മരം എന്നുപറഞ്ഞ് വട്ടവടയിലെ ഗ്രാമവാസികൾക്ക് നൽകിയ മരങ്ങളാണ് വട്ടവടയിലെ ജലദൗർലഭ്യത്തിന് കാരണമെന്ന് വട്ടവട ഭൂസംരക്ഷണ സമിതി സെക്രട്ടറി രാമയ്യ പറയുന്നു. ‘‘വട്ടവടയിലെ 59–ാം നമ്പർ ബ്ലോക്ക് ആദിവാസികൾ 1200 കുടുംബങ്ങൾ താമസിക്കുന്ന ഇടമാണ്. 1990കളിലാണ് സോഷ്യൽ ഫോറസ്റ്റ് വീടിന് ഒരു മരമെന്ന പേരിൽ മരത്തൈകൾ തന്നത്. അത് യൂക്കാലി മരങ്ങളായിരുന്നു. അന്ന് ഈ മരങ്ങളെ കുറിച്ച് ഞങ്ങൾക്ക് അറിയില്ല, അത് വെള്ളം വലിച്ചെടുക്കുമെന്നോ, ഭൂമിയെ മരുഭൂമിയാക്കുമെന്നോ അറിയില്ലായിരുന്നു. ഒരു ദിവസം 40 ലിറ്റർ വെള്ളം വലിക്കുന്ന മരങ്ങളാണ് യൂക്കാലി. എന്നാൽ പിന്നീട് മരം വളർന്നതോടെ ഉറവകൾ വറ്റിവരണ്ടു. കൃഷിയെ ബാധിച്ചു. കുടിവെള്ളം പോലും ലഭിക്കാതായി. മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിനെ സമീപിച്ചെങ്കിലും ഭൂമി ഏത് വകുപ്പിന്റേതാണെന്ന തർക്കത്തിൽ മരംമുറി യാഥാർഥ്യമായില്ല. നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിട്ടും 58,59,62 ബ്ലോക്കുകളിലെ യൂക്കാലി മരങ്ങൾ മുറിക്കാൻ സർക്കാർ അനുവാദം നൽകിയില്ല. ചിലന്തിയാറിലേത് വലിയ ഉറവയാണ്. അത് തടഞ്ഞുനിർത്തുന്നില്ല.  3200 കുടുംബങ്ങൾക്ക്  കുടിവെള്ളം എത്തിക്കാനുള്ള ശ്രമമാണ്.’’ രാമയ്യ പറഞ്ഞു.

silandhi-river1jpg

കേരളത്തിൽ നിർമിക്കുന്ന തടയണകൾക്കെതിരെ ഇതാദ്യമായല്ല തമിഴ്നാട് ഉപരോധവുമായി വരുന്നത്. ഭവാനിപ്പുഴയിൽ കേരളം തടയണകൾ നിർമിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടും തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളതാണ്.  ഭവാനിപ്പുഴയിൽ കേരളം തടയണകൾ നിർമിക്കുന്നതു തങ്ങളുടെ അനുവാദമില്ലാതെയായതിനാൽ നിയമവിരുദ്ധമാണെന്നും കാവേരി ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ ലംഘനമാണെന്നും ആരോപിച്ചാണ് അന്ന് തമിഴ്‌നാട് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

‘‘നമ്മുടെ ആളുകൾക്ക് ജീവിക്കണ്ടേ. തമിഴ്‌നാട് ആവശ്യപ്പെട്ട വെള്ളം കൊടുക്കുന്നില്ലേ. ഇതവരുടെ തന്ത്രമാണ് അവർ എന്തെങ്കിലും പറഞ്ഞാൽ മിണ്ടാതിരിക്കും, പത്തുകൊല്ലം വൈകിച്ചാൽ പത്തുകൊല്ലം വെള്ളം ഉപയോഗിക്കാമല്ലോ അതിനുള്ള അടവാണ്. നമ്മുടെ വെള്ളം ഉപയോഗിക്കാൻ അവരുടെ അനുമതി എന്തിനാണ്?  തടയണ നിർമാണം  തടയുമ്പോൾ അത്രയും കാലം കാലതാമസം വരുത്തുകയും അവർക്ക് ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യും. അവർ എതിർക്കുമ്പോൾ നമ്മൾ എന്തിനാണ് ഭയക്കുന്നത്?’’ മഹാനുദേവ ചോദിക്കുന്നു. വട്ടവട കാലാവസ്ഥ തണുപ്പാണെങ്കിലും വരൾച്ചയുള്ള പ്രദേശമാണ്. എവിടെയെല്ലാം ജലം സംഭരിക്കാൻ സാധിക്കുമോ അവിടെയെല്ലാം അതുണ്ടാക്കുന്നത് നല്ലതാണെന്നും ഇക്കാര്യം താൻ വളരെ നേരത്തേ തന്നെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 

എന്നാൽ ഇക്കാര്യത്തിൽ അല്പം കൂടി നയപരമായി കാര്യങ്ങളെ കാണേണ്ടതുണ്ടെന്നാണ് പള്ളിവാസൽ പദ്ധതിയുടെ മുൻ പ്രൊജക്ട് എൻജിനീയർ ജേക്കബ് ജോസ് പറയുന്നത്. ‘‘കാവേരി നദിയിലേക്ക് നീരൊഴുക്ക് കുറയുന്ന ഏത് നിർമാണത്തെയും തമിഴ്നാട് എതിർക്കും എന്ന കാര്യത്തിൽ സംശയമില്ല. തമിഴ്നാടിനെ വിശ്വാസത്തിൽ എടുത്തുമാത്രമേ അത് ചെയ്യാൻ സാധിക്കൂ. അനേകം മലയാളികൾ വിവിധ സ്ഥലങ്ങളിൽ അവിടെ താമസം ഉണ്ട്. മുല്ലപ്പെരിയാർ കാര്യത്തിൽ ഉണ്ടായിട്ടുള്ള പോലെ ഒരു പരിധിവരെ മാത്രമേ ഇക്കാര്യത്തിലും നമുക്ക് സമ്മർദ്ദം  ചെലുത്താൻ സാധിക്കൂ.’’ ജേക്കബ് ജോസ് പറയുന്നു. 

മൂന്നാർ വട്ടവടയിലെ പച്ചക്കറിത്തോട്ടങ്ങളുടെ ദൃശ്യം. (ചിത്രം∙മനോരമ)
മൂന്നാർ വട്ടവടയിലെ പച്ചക്കറിത്തോട്ടങ്ങളുടെ ദൃശ്യം. (ചിത്രം∙മനോരമ)

എന്തുവിലകൊടുത്തും പ്രതിരോധിക്കും

സ്ഥലത്ത് തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. തടയണ നിർമാണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സർക്കാരിന് അധികൃതർ റിപ്പോർട്ട് സമർപ്പിച്ചതായാണ് വിവരം.‘‘നമ്മളെടുക്കുന്നത് കുടിവെള്ളം മാത്രമാണ്. ഇവരത് ചെക്ക് ഡാം എന്നുപറഞ്ഞ് പ്രശ്നമുണ്ടാക്കുകയാണ്. ആറുവാർഡുകൾക്ക് കുടിവെള്ളം ലഭ്യമാക്കുന്ന, ഒരു മീറ്റർ മാത്രം പൊക്കത്തിൽ കെട്ടുന്ന തടയണയാണത്. തടയണ നിർമാണം തടയണമെന്നാവശ്യപ്പെട്ട് തമിഴ്നാട് പ്രചരണം തുടങ്ങിയതോടെ സമരത്തിനിറങ്ങുമെന്ന് പറഞ്ഞിരിക്കുകയാണ് നാട്ടുകാർ. തമിഴ്നാട്ടിൽ നിന്ന് മാധ്യമങ്ങൾ‌ വന്ന് ഡാം കെട്ടുന്നു എന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുകയാണ്.’’ വട്ടവട പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.മനോഹരൻ പറഞ്ഞു. ഇതുസംബന്ധിച്ച് ഇന്ന് കലക്ടറെ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തടയണയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.  ഉയരുന്ന പ്രതിഷേധങ്ങളെ എന്തു വില കൊടുത്തും പ്രതിരോധിക്കാനാണ് നാട്ടുകാരുടെ ‌തീരുമാനം.

വട്ടവട, ഫയൽചിത്രം
വട്ടവട, ഫയൽചിത്രം

അതേസമയം ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തിൽ ചിലന്തിയാറിന് കുറുകെ തടയണ നിർമിക്കാൻ പരിസ്ഥിതി, ദേശീയ വന്യജീവി ബോർഡ് അനുമതി നൽകിയിട്ടുണ്ടോയെന്നും അനുമതി ലഭിച്ചിട്ടില്ലെങ്കിൽ പ്രവൃത്തി അടിയന്തരമായി നിർത്തിവെക്കണമെന്ന് ദക്ഷിണമേഖല ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. എന്നാൽ അത് ശുദ്ധജല തടയണ മാത്രമാണെന്നും പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്നുമായിരുന്നു കേരളത്തിന്റെ വാദം. വനാതിർത്തിയോട് ചേർന്ന നിർമാണ പ്രവർത്തനങ്ങൾക്കെല്ലാം പാരിസ്ഥിതികാനുമതി വേണമെന്ന് ചൂണ്ടിക്കാട്ടി അനുമതി ഇല്ലെങ്കിൽ പദ്ധതി നിർത്തിവെക്കേണ്ടി വരുമെന്ന് ട്രൈബ്യൂണൽ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അടുത്ത സിറ്റിങ്ങിൽ കേരളം അനുമതി രേഖകൾ ട്രൈബ്യൂണലിന് മുന്നിൽ ഹാജരാക്കണം. 

English Summary:

The construction of a check-dam across the Vattavada Silandhi River sparks controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com