‘തമിഴ്നാടിന്റേത് തെറ്റിദ്ധാരണ’: വട്ടവടയില്‍ നിര്‍മിക്കുന്നത് കുടിവെള്ള പദ്ധതിക്കായുള്ള 'വിയര്‍' മാത്രമെന്ന് റോഷി അഗസ്റ്റിൻ
Mail This Article
തിരുവനന്തപുരം∙ വട്ടവടയിലെ ചിലന്തിയാറില്‍ ജലവിഭവ വകുപ്പ് നിര്‍മിക്കുന്നത് കുടിവെള്ള പദ്ധതിക്കായുള്ള 'വിയര്‍' മാത്രമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കേരളം തടയണ നിര്‍മിച്ച് അമരാവതി നദിയിലേക്കുള്ള നീരൊഴുക്ക് തടയാന്‍ ശ്രമിക്കുകയാണെന്നു തമിഴ്‌നാട് സര്‍ക്കാർ പരാതി ഉന്നയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേരള സർക്കാരിന് കത്തയച്ചിരുന്നു. തമിഴ്നാടിന്റെ സംശയം തെറ്റിദ്ധാരണ കൊണ്ട് ഉണ്ടായതാണെന്നും മന്ത്രി ‘മനോരമ ഓൺലൈനിനോട്’ പറഞ്ഞു.
ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വട്ടവട പഞ്ചായത്തില്‍ കുടിവെള്ള വിതരണത്തിനായി കണ്ടെത്തിയ ചിലന്തിയാറില്‍ വെള്ളച്ചാട്ടം ആയതിനാൽ ജല നിരപ്പ് ക്രമീകരിക്കുന്നതിനായാണ് 'വിയര്‍' നിര്‍മിക്കുന്നത്. ജലം പമ്പ് ചെയ്യുന്നതിനുള്ള സൗകര്യത്തിനു വേണ്ടിയാണിത്. ഏഴായിരത്തോളം പേര്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയാണ്. പഞ്ചായത്തിലെ പ്രധാന ശുദ്ധജല സ്രോതസ്സാണ് ചിലന്തിയാര്‍. ഈ കുടിവെള്ള സ്രോതസ്സില്‍ ജലത്തിന്റെ നിരപ്പ് ക്രമീകരിച്ചാല്‍ മാത്രമേ കുടിവെള്ളത്തിനായി പമ്പിങ് സാധ്യമാകൂ. ക്രമീകരിക്കപ്പെടുന്ന ജലം തമിഴ്‌നാട്ടിലെ അമരാവതി നദിയിലേക്ക് തന്നെ ഒഴുകിപ്പോകും. ആദിവാസി മുതുവാന്‍ സമുദായത്തില്‍പ്പെട്ടവര്‍ക്കാണ് പ്രധാനമായും പദ്ധതിയുടെ പ്രയോജനം ലഭ്യമാകുക.
പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ആദിവാസി വിഭാഗത്തിന്റെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നിര്‍മാണ മേഖല സന്ദര്‍ശിച്ച തമിഴ്‌നാടില്‍ നിന്നുള്ള കര്‍ഷകരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധി സംഘത്തിന് ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടിരുന്നതായും മന്ത്രി അറിയിച്ചു.