കേജ്‍രിവാളിന് കോടതിയില്‍നിന്ന് കിട്ടിയ ആനുകൂല്യം പിണറായി പ്രതീക്ഷിക്കണ്ട: കെ.സുരേന്ദ്രൻ
Mail This Article
തിരുവനന്തപുരം∙ പണം കിട്ടാന്‍ മദ്യനയത്തില്‍ മാറ്റം വരുത്താന്‍ പോകുന്ന പിണറായി വിജയന്‍ മാതൃകയാക്കുന്നത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് അടുത്തില്ലാത്തതുകൊണ്ട് കേജ്‍രിവാളിന് കോടതിയില്‍നിന്നു കിട്ടിയ ആനുകൂല്യം പിണറായിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി നടത്താന്‍ മദ്യനയത്തില്‍ മാറ്റം വരുത്താനായി യോഗം ചേരുകയും ബാറുടമകളില്‍നിന്ന് പണപ്പിരിവ് തുടങ്ങുകയും ചെയ്തിട്ടും രണ്ടു മന്ത്രിമാര്‍ ഇതിനെ ന്യായീകരിക്കുകയാണ്. മദ്യനയത്തെ കുറിച്ച് ചര്‍ച്ച നടന്നിട്ടേ ഇല്ലെന്നാണ് എക്‌സൈസ് മന്ത്രി പറയുന്നത്. ഇതുകൊണ്ടൊന്നും ജനത്തെ കബളിപ്പിക്കാന്‍ കഴിയില്ല. ഡല്‍ഹിയില്‍ മദ്യകുംഭകോണം നടത്തിയ എക്‌സൈസ് മന്ത്രി ഒന്നര വര്‍ഷമായി ജയിലില്‍ കിടക്കുന്ന കാര്യം മന്ത്രിമാരായ എം.ബി രാജേഷും മുഹമ്മദ് റിയാസും ഓര്‍ക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
‘‘ബാർക്കോഴ അഴിമതി നടത്തിയ യുഡിഎഫുകാര്‍ക്ക് പിണറായി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ സംസാരിക്കാന്‍ എന്തവകാശമാണ് ഉള്ളത്? അഴിമതിക്കെതിരെയുള്ള ജനരോഷം തിരിച്ചുവിടാനുള്ള സേഫ്റ്റിവാള്‍വ് മാത്രമാണ് പ്രതിപക്ഷ നേതാവിന്റെ ഗീര്‍വാണ പ്രസംഗങ്ങള്‍. ഇതില്‍ ആത്മാർഥതയുടെ കണിക പോലുമില്ല. കേരളത്തിലെ മദ്യനയ അഴിമതി കേന്ദ്ര ഏജന്‍സി അന്വേഷിക്കണം’’ – കെ.സുരേന്ദ്രൻ പറഞ്ഞു