‘മകൻ മരിച്ചപ്പോൾ അനുഭവിച്ച അതേ ദുഃഖം’: പ്രതികൾക്ക് ജാമ്യം കൊടുത്തത് എന്തടിസ്ഥാനത്തിലെന്ന് സിദ്ധാർഥന്റെ കുടുംബം
Mail This Article
തിരുവനന്തപുരം∙ മകൻ മരിച്ചപ്പോൾ അനുഭവിച്ച ദുഃഖം തന്നെയാണ് വിധി വന്നപ്പോൾ ഉണ്ടായതെന്നും വിധി നിരാശാജനകമെന്നും പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ്. സിദ്ധാർഥന്റെ മരണത്തില്‍ അറസ്റ്റിലായ 19 പ്രതികള്‍ക്കും ജാമ്യം ലഭിച്ചതിൽ പ്രതികരിക്കുകയായിരുന്നു ജയപ്രകാശ്.
‘‘സിബിഐക്ക് കൊടുക്കേണ്ട കേസ് സർക്കാർ വൈകിപ്പിച്ചതാണ്. സിപിഎം നേതാവാണ് പ്രതികളെ കീഴടങ്ങാൻ സഹായിച്ചത്. ഇതിൽ തന്നെ സർക്കാരിന്റെ പങ്ക് വ്യക്തമാണ്. തെളിവ് നശിപ്പിച്ചത് ആഭ്യന്തര വകുപ്പാണ്. അതുകൊണ്ട് കോടതിയ്ക്ക് വേണ്ട വിധം തെളിവ് ലഭിച്ചില്ല’’– ജയപ്രകാശ് പറഞ്ഞു. എസ്എഫ്ഐ നേതാക്കളാണ് കൊലപാതകത്തിന് പിന്നിലുള്ളത് എന്നറിഞ്ഞപ്പോഴാണ് സർക്കാർ കേസ് വൈകിപ്പിച്ചത്. അതുവരെ കേസ് നല്ല രീതിയിലാണ് പോയിരുന്നതെന്നും ജയപ്രകാശ് ആരോപിച്ചു.
ഒട്ടും പ്രതീക്ഷിക്കാത്ത വിധിയെന്നായിരുന്നു സിദ്ധാർഥന്റെ അമ്മയുടെ പ്രതികരണം. കേൾക്കാൻ പോലും പേടിക്കുന്ന കാര്യങ്ങൾ മകനോട് ചെയ്തു. എന്ത് അടിസ്ഥാനത്തിലാണ് പ്രതികൾക്ക് ജാമ്യം കൊടുത്തതെന്നറിയില്ല. സുപ്രീംകോടതിയിൽ അപ്പീൽ പോകും. പ്രതികളെ വെറുതെവിടാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. നിയമപരമായി ഇനിയും മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണെന്നും അമ്മ വ്യക്തമാക്കി.
കോടതി കര്‍ശന ഉപാധികളോടെയാണ് 19 പ്രതികൾക്കും ജാമ്യം അനുവദിച്ചത്. പ്രതികള്‍ വയനാട് ജില്ലയില്‍ പ്രവേശിക്കരുതെന്നും വിചാരണ പൂര്‍ത്തിയാകും വരെ സംസ്ഥാനം വിടരുതെന്നും നിര്‍ദേശമുണ്ട്. പ്രതികളുടെ പാസ്‌പോര്‍ട്ടും സമർപ്പിക്കണം.