രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാൻ ആഗ്രഹം; പ്രിയങ്കയോട് മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് മല്ലികാർജുൻ ഖർഗെ
Mail This Article
ന്യൂഡൽഹി∙ ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയോട് മത്സരിക്കാൻ താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ പ്രിയങ്ക മത്സരിക്കില്ലെന്ന് സ്വയം തീരുമാനിക്കുകയായിരുന്നുവെന്നും ഖർഗെ പറഞ്ഞു.
‘‘തിരഞ്ഞെടുപ്പിന് മുൻപ് രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രകൾ കോൺഗ്രസിന് കൂടുതൽ സ്വീകാര്യത നൽകി. ഈ യാത്ര രാഹുലിനെ സഖ്യ കക്ഷികൾക്കിടയിൽ നിർണായക നേതാവാക്കി ഉയർത്തി. എന്റെ മുന്നിൽ പ്രധാനമന്ത്രിക്കുള്ള ആദ്യ ചോയ്‌സ് രാഹുൽ ഗാന്ധിയാണ്. അദ്ദേഹം രാജ്യത്തെ യുവാക്കളെ പ്രതിനിധീകരിക്കുന്നു. രാജ്യം നിലവിൽ നേരിടുന്ന പ്രശ്‍നങ്ങൾക്ക് പരിഹാരം കാണാൻ രാഹുലിന്റെ ദീർഘദൃഷ്ടിക്ക് കഴിയും’’ – ഖർഗെ പറഞ്ഞു.
പ്രധാനമന്ത്രിയെ സംബന്ധിച്ച തന്റെ അഭിപ്രായം ഔദ്യോഗിക പ്രഖ്യാപനമല്ലെന്നും തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സഖ്യ കക്ഷികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനമെടുക്കുകയെന്നും ഖർഗെ പ്രതികരിച്ചു. ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ താൻ പ്രധാനമന്ത്രിയാകാനുള്ള സാധ്യത തള്ളിയായിരുന്നു ഖർഗെയുടെ പ്രതികരണം.