ADVERTISEMENT

തിരുവനന്തപുരം∙ ഏറ്റവും ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിച്ച തലസ്ഥാനം ആര്‍ക്കൊപ്പമെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ തികഞ്ഞ പ്രതീക്ഷയിലാണു 3 മുന്നണികളും. തിരഞ്ഞെടുപ്പില്‍ തങ്ങള്‍ മുന്നോട്ടുവച്ച നിലപാടുകള്‍ അതിശക്തമായി തന്നെ വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതിന്റെ ശുഭപ്രതീക്ഷയിലാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച നേതാക്കള്‍. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ജനദ്രോഹനടപടികള്‍ തുടര്‍ച്ചയായി സ്വീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് ജനങ്ങളിലേക്കിറങ്ങിയപ്പോള്‍ സംസ്ഥാനസര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും കേന്ദ്രവിരുദ്ധ മുദ്രാവാക്യങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് എല്‍ഡിഎഫ് രംഗത്തെത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകളും പ്രധാന പ്രചാരണവിഷയമാക്കിയാണു ബിജെപി കളത്തിലിറങ്ങിയത്. തിരുവനന്തപുരത്തെ വിജയം ഉറപ്പിച്ച ഘടകങ്ങള്‍ മൂന്നു മുന്നണി നേതാക്കളും മനോരമ ഓണ്‍ലൈനിനോടു പങ്കുവയ്ക്കുന്നു. 

∙ പാലോട് രവി (ഡിസിസി പ്രസിഡന്റ്)

ഇത്രയും നാള്‍ മണ്ഡലത്തിലെ വിഷയങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിച്ച ശശി തരൂരിന് നാട്ടിലാകെയുള്ള സ്വീകാര്യതയാണ് അദ്ദേഹത്തിന്റെ വിജയത്തില്‍ ഏറ്റവും നിര്‍ണായകമാക്കുക. അദ്ദേഹം നടത്തിയ ഓരോ വികസനപ്രവര്‍ത്തനത്തെക്കുറിച്ചും ജനങ്ങള്‍ക്കു കൃത്യമായ ബോധ്യമുണ്ട്. സംസ്ഥാന തലസ്ഥാനം എന്ന നിലയില്‍ തിരുവനന്തപുരത്തിന്റെ വികസനത്തിന് ഫണ്ട് അനുവദിപ്പിക്കാന്‍ നിരന്തരം പ്രവര്‍ത്തിച്ചു. റെയില്‍വേ സ്‌റ്റേഷന്‍ നവീകരണം, വിമാനത്താവളത്തിന്റെ വികസനം, റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ തുടങ്ങി എല്ലാ കാര്യങ്ങളും കേന്ദ്രശ്രദ്ധയില്‍ കൊണ്ടുവന്ന് പ്രായോഗികമായ നടപടികള്‍ ഉണ്ടാക്കുന്നതില്‍ നിരന്തരം നടത്തിയ ഇടപെടല്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മുടങ്ങിക്കിടന്ന ദേശീയപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് അദ്ദേഹം സ്വീകരിച്ച് നടപടികള്‍ ഏറെ ശ്രദ്ധേയമാണ്. മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന ട്രോളിങ്, ആഴക്കടല്‍ മത്സ്യബന്ധനം വലിയ കമ്പനികള്‍ക്കു കൊടുക്കുന്നതു പോലെയുള്ള കാര്യങ്ങൾ പാര്‍ലമെന്റില്‍ ഏറെ വൈകാരികമായി അവതരിപ്പിക്കാനായി. മത്സ്യബന്ധന മേഖലയെ ഏറ്റവും രൂക്ഷമായി ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ മികച്ച ഇടപെടലാണ് അദ്ദേഹം നടത്തുന്നത്. കേരളത്തെ ബാധിക്കുന്ന നിയമനിര്‍മാണങ്ങളില്‍ സജീവപങ്കാളിത്തം എപ്പോഴും നടത്തിയിട്ടുണ്ട്. സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ കൊണ്ടുവന്നിട്ടുള്ള എല്ലാ കാര്യങ്ങളും പാര്‍ലമെന്റില്‍ നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞു. 

∙ വി.വി.രാജേഷ് (ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്)

തിരുവനന്തപുരത്തിന്റെ എല്ലാ സാധ്യതകളും നരേന്ദ്ര മോദി സര്‍ക്കാരിന്റെ പിന്തുണയോടെ പ്രയോജനപ്പെടുത്താന്‍ പറ്റുന്ന സ്ഥാനാര്‍ഥിയാണ് രാജീവ് ചന്ദ്രശേഖര്‍ എന്നുള്ള തിരുവനന്തപുരത്തിന്റെ തിരിച്ചറിവായിരുന്നു അദ്ദേഹത്തിനു ലഭിച്ച ഏറ്റവും പ്രധാന മുന്‍തൂക്കം. മോദി സര്‍ക്കാരിന്റെ ഭരണമികവ് തിരുവനന്തപുരത്തിന് പ്രയോജനപ്പെടാന്‍ ഏറ്റവും നല്ല സ്ഥാനാര്‍ഥിയാണ് രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരം മണ്ഡലത്തിനായി മുന്നോട്ടുവച്ച പദ്ധതികള്‍ ജനങ്ങള്‍ പൂര്‍ണമായും ഏറ്റെടുത്തു. കഴിഞ്ഞ 15 വര്‍ഷങ്ങളായി ഈ മണ്ഡലം വഞ്ചിക്കപ്പെടുകയായിരുന്നു. ശക്തമായ തിരിച്ചുവരവ് വേണമെന്ന ജനങ്ങളുടെ തിരിച്ചറിവ് ബിജെപിക്കു ഗുണകരമായി. മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ ഗുണം അനുഭവിച്ചവര്‍ ഈ സര്‍ക്കാര്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ്. മോദി സര്‍ക്കാര്‍ പുറത്തുപോയാല്‍ ഈ പദ്ധതികള്‍ മുടങ്ങുമെന്ന് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഉള്‍പ്പെടെ ആശങ്കയുണ്ട്. 5 ലക്ഷം വരെ ചികിത്സാ സഹായം വേറെ ആരു നല്‍കും. തീരമേഖലയില്‍ മുന്‍പുണ്ടായിരുന്ന ബിജെപി വിരുദ്ധ നിലപാടുകള്‍ മാറിയിട്ടുണ്ട്. ജയിച്ച ശേഷം തിരുവനന്തപുരത്തെ വെള്ളക്കെട്ടിനും മാലിന്യപ്രശ്‌നത്തിനും പരിഹാരം കാണുന്നതിനാവും മുന്‍ഗണന. 

∙ മാങ്കോട് രാധാകൃഷ്ണന്‍ (സിപിഐ ജില്ലാ സെക്രട്ടറി)

മണ്ഡലത്തില്‍ പന്ന്യന്‍ രവീന്ദ്രനുള്ള പൊതുസ്വീകാര്യത തന്നെയാണ് ഏറ്റവും പ്രധാന മുന്‍തൂക്കമായത്. സാധാരണക്കാരനായ, ലളിതമായി ജീവിക്കുന്ന, റോള്‍ മോഡല്‍ ആയ വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിനു പൊതുസ്വീകാര്യത ലഭിച്ചു. കുറ്റമറ്റ തിരഞ്ഞെടുപ്പ് സംവിധാനമാണ് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. 1307 ബൂത്തുകളിലും ഒരുപോലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകീകൃതമായി നടത്താന്‍ കഴിഞ്ഞത് എല്‍ഡിഎഫിനു മാത്രമാണ്. എല്‍ഡിഎഫിലെ എല്ലാ പാര്‍ട്ടികളും ഒരു പാര്‍ട്ടിയെപ്പോലെ പ്രവര്‍ത്തിച്ച തിരഞ്ഞെടുപ്പാണിത്. കേന്ദ്രസര്‍ക്കാരിന്റെ നയസമീപനങ്ങളോടു രാജ്യത്താകെയുള്ള എതിര്‍പ്പ് ഒരു വലിയ വിഭാഗം ജനങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നതും അനുകൂലഘടകമായി. പിന്നെ സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന ബോധ്യം വോട്ടര്‍മാര്‍ക്കുണ്ട്. ഈ ഘടകങ്ങളെല്ലാം കൂട്ടിവായിച്ചാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ജയം ഉറപ്പാണ്. ശശി തരൂര്‍ എംപിയെന്ന നിലയില്‍ പരാജയമാണെന്നു ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. ബിജെപി സ്ഥാനാര്‍ഥിയായി വന്നയാളും അതേ ഗണത്തില്‍പ്പെടുന്നുവെന്ന് ജനങ്ങള്‍ക്ക് അറിയാം. കേന്ദ്രമന്ത്രിയായിരുന്നപ്പോഴും ഈ മണ്ഡലത്തിനു വേണ്ടി ഒന്നും ചെയ്യാത്ത ആളാണ് സ്ഥാനാര്‍ഥിയായി വന്നത്. ജനങ്ങളുടെ സുഖത്തിലും ദുഃഖത്തിലും അവര്‍ക്കൊപ്പം നില്‍ക്കുന്നത് പന്ന്യന്‍ രവീന്ദ്രനാണെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ നല്ലതു പോലെ ശ്രമിച്ചു. അതില്‍ വിജയിക്കുകയും ചെയ്തു.

English Summary:

The three front leaders share the factors that ensured the success in Trivandrum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com