എക്സിറ്റ് പോളിൽ ആനന്ദിക്കുമ്പോഴും കണ്ണൂരിൽ നെഞ്ചിടിപ്പ്; ഫോട്ടോഫിനിഷിനൊടുവിൽ ജയിക്കുമെന്ന് യുഡിഎഫ്
Mail This Article
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വമ്പൻ മുന്നേറ്റമുണ്ടാക്കുമെന്ന മനോരമ ന്യൂസ്–വിഎംആർ എക്സിറ്റ് പോൾ ഫലം പുറത്തുവന്നതിനു പിന്നാലെ ആത്മവിശ്വാസത്തിലാണു യുഡിഎഫ് ക്യാംപ്. ശബരിമല അടക്കം കഴിഞ്ഞതവണ അനുകൂലമായ ഒരു തരംഗവുമില്ലാതിരുന്നിട്ടും ഇത്രയും സീറ്റ് പിടിച്ചെടുത്താൽ മുന്നണിക്ക് അഭിമാനിക്കാം എന്നാണു നേതാക്കൾ അടക്കം പറയുന്നത്. ദേശീയതലത്തിൽ എക്സിറ്റ് പോളിനെ എതിർക്കുമ്പോൾ കേരളത്തിൽ അനുകൂലമായി വന്ന സർവേയോട് ഔദ്യോഗികമായി പ്രതികരിക്കാൻ സ്ഥാനാർഥികളിൽ പലരും തയാറാകുന്നില്ല.
മണ്ഡലങ്ങൾ ഭൂരിപക്ഷവും നിലനിർത്തുമ്പോഴും വോട്ട് ചോരുമെന്ന സർവേ പ്രവചനം നിസാരമായി കണ്ടാൽ ഭാവിയിൽ യുഡിഎഫിനു തിരിച്ചടിയാകുമെന്നാണു രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. തദ്ദേശസ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടക്കാനാരിക്കുന്ന തിരഞ്ഞെടുപ്പുകൾ ചൂണ്ടിക്കാട്ടിയാണ് ഈ വിലയിരുത്തൽ. എക്സിറ്റ് പോളിൽ കണ്ണൂർ ഒപ്പത്തിനൊപ്പമെന്നു പറയുമ്പോഴും അവിടെ തോൽക്കുമെന്ന കാര്യം കോൺഗ്രസിന് ചിന്തിക്കാൻ പോലുമാകില്ല.
പാർട്ടി ജയിച്ചുനിൽക്കുമ്പോൾ കപ്പിത്താനായ സുധാകരൻ തോറ്റാൽ അതുണ്ടാക്കുന്ന ക്ഷീണം ചെറുതായിരിക്കില്ല. സുധാകരനെ സംബന്ധിച്ചും അഭിമാനപോരാട്ടമാണ് കണ്ണൂരിലേത്. തോൽക്കുന്ന സ്ഥിതിവിശേഷമുണ്ടായാൽ അദ്ദേഹത്തിന്റെ കെപിസിസി അധ്യക്ഷസ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടേക്കാം. കനത്ത മത്സരം നടന്നെങ്കിലും ഫോട്ടോഫിനിഷിൽ സുധാകരൻ ജയിക്കുമെന്ന് തന്നെയാണ് യുഡിഎഫ് പ്രതീക്ഷ.
യുഡിഎഫിനു 16 മുതൽ 18 വരെ സീറ്റ് ലഭിക്കാമെന്നാണു സർവേ പ്രവചനം. എൽഡിഎഫ് 2 മുതൽ 4 വരെ സീറ്റ് നേടാം. വടകരയിലും പാലക്കാട്ടും എൽഡിഎഫിനു സാധ്യത പറയുന്ന സർവേ, കണ്ണൂരും ആലത്തൂരും ഇഞ്ചോടിഞ്ചു പോരാട്ടമാണെന്നും പ്രവചിക്കുന്നു. ബിജെപി ഇത്തവണയും അക്കൗണ്ടു തുറക്കില്ലെന്നും സർവേ ഫലം പറയുന്നു.
തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി രണ്ടാം സ്ഥാനത്തെത്തുമെന്നാണ് പ്രവചനം. യുഡിഎഫ് 42.46%, എൽഡിഎഫ് 35.09%, എൻഡിഎ 18.64% എന്നിങ്ങനെ വോട്ടു നേടും. 2019ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുഡിഎഫിന് 4.76 ശതമാനവും എൽഡിഎഫിന് 0.64 ശതമാനവും വോട്ടു കുറയുമ്പോൾ എൻഡിഎ 3.7 ശതമാനം വോട്ടു കൂടുതൽ നേടുമെന്നും സർവേഫലം പറയുന്നു.